Your Image Description Your Image Description

കാന്‍: 15 വര്‍ഷത്തിന് ശേഷം ഇറാനിയന്‍ ചലിച്ചിത്ര സംവിധായകന്‍ ജാഫര്‍ പനാഹി ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനെത്തി. ഇന്നലെ കാന്‍ ചലച്ചിത്രോത്സവത്തിലാണ് തന്റെ പുതിയ ചിത്രമായ ‘ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റു’മായി ജാഫര്‍ പനാഹിയെത്തിയത്. രാഷ്ട്രീയത്തടവുകാര്‍ അവരെ തടവിലിട്ടവരോട് പ്രതികാരം ചെയ്യാനെത്തുന്ന കഥയാണിത്. സര്‍ക്കാരിനെതിരായി ചലച്ചിത്രങ്ങളെടുക്കുന്നു എന്നാരോപിച്ച് 2009 മുതല്‍ പലവട്ടം ഇറാന്‍ ജാഫര്‍ പനാഹിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടാതെ സിനിമയെടുക്കുന്നതില്‍ നിന്ന് 20 വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു. 2023 ഫെബ്രുവരിയില്‍ ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ ഏഴുമാസത്തോളം കിടന്നതാണ് പുതിയ സിനിമയ്ക്കുള്ള പ്രചോദനമെന്ന് 64-കാരനായ ജാഫര്‍ പനാഹി പറഞ്ഞു. സിനിമയെടുക്കാന്‍ വിലക്കുള്ളപ്പോഴും ‘നോ ബെയേഴ്‌സ്’ ഉള്‍പ്പെടെയുള്ളവ അദ്ദേഹം രഹസ്യമായി ഷൂട്ട് ചെയ്തു. പുതിയ ചിത്രവും അങ്ങനെയെടുത്തതാണ്.

‘പാം ഡി ഓറി’നായി മത്സരിക്കുന്ന ചിത്രമാണിത്. അതിനിടെ, വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജും ഇന്ന് കാനിലെത്തി. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ ‘ദ സിക്‌സ് ബില്യന്‍ ഡോളര്‍ മാന്റെ’ പ്രഥമ പ്രദര്‍ശനത്തിനാണ് അസാഞ്ജ് എത്തിയത്. അമേരിക്കന്‍ നടന്‍ ഡെന്‍സെല്‍ വാഷിങ്ടണിന് (70) ആജീവനാന്ത സംഭാവനയ്ക്കുള്ള ഓണററി ‘പാം ഡി ഓർ’ തിങ്കളാഴ്ച സമ്മാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *