Your Image Description Your Image Description

മീസില്‍സ്, റുബെല്ല നിവാരണ ക്യാമ്പയിന്റെ ഭാഗമായി അഞ്ചു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നതിനായി മെയ് 19 മുതല്‍ 31 വരെ ജില്ലയില്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ വാക്സിനേഷന്‍ ബോധവത്കരണ പരിപാടികള്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കാനും തീരുമാനിച്ചു.

മീസില്‍സ്, റുബെല്ല വാക്സിനേഷന്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ അഞ്ചു വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ-ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്സിനേഷന്‍ നല്‍കും. അഞ്ചു വയസ്സുവരെയുള്ള എല്ലാ കുഞ്ഞുങ്ങളും ഈ രണ്ടു ഡോസുകളും എടുത്തുവെന്ന് ഉറപ്പാക്കും. ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും രണ്ടാഴ്ച ഇതിനായി വാക്സിനേഷന്‍ സൗകര്യമൊരുക്കുകയും പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ ലക്ഷ്യമിട്ട്  മൊബൈല്‍ വാക്സിനേഷന്‍ ബൂത്തുകള്‍ ഒരുക്കുകയും ചെയ്യും.
കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍നിന്ന് മനഃപൂര്‍വം വിട്ടുനില്‍ക്കുന്ന കുടുംബങ്ങളെ ബോധവത്കരിക്കാന്‍ തദ്ദേശസ്ഥാപനതലത്തില്‍ സാമൂഹിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സമ്പൂര്‍ണ വാക്സിനേഷന്‍ ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കും. രണ്ടു രോഗങ്ങളുടെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വാക്സിനിലൂടെ തടയാവുന്ന മറ്റു 10 രോഗങ്ങളുടെ വാക്സിനുകള്‍ എടുക്കാന്‍ വിട്ടുപോയവര്‍ക്ക് അവകൂടി എടുക്കാന്‍ അവസരമൊരുക്കും.

വാക്സിനെടുക്കാന്‍ വിട്ടുപോയ കുഞ്ഞുങ്ങളുടെ പട്ടിക തയാറാക്കല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജില്ലയില്‍ 91 ശതമാനം വാക്സിനേഷനാണ് പൂര്‍ത്തിയായത്. ഇത് 95 ശതമാനത്തിന് മുകളിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എം രാജേന്ദ്രന്‍, എല്‍എസ്ജിഡി അഡീഷണല്‍ ഡയറക്ടര്‍ രാര രാജ്, അഡിഷണല്‍ ഡി എം ഒ ഡോ വി പി രാജേഷ്, ആരോഗ്യ വിഭാഗം മേധാവികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

ശ്രദ്ധിക്കണം മീസില്‍സിനെയും റുബെല്ലയെയും

മീസില്‍സ്, റുബെല്ല എന്നിവ വളരെ പെട്ടെന്ന് പകരുന്നതും കുഞ്ഞുങ്ങളിലും ഗര്‍ഭസ്ഥശിശുക്കളിലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതും മാരകവുമായ രോഗങ്ങളാണ്. എന്നാല്‍, രണ്ടും വാക്സിനേഷനിലൂടെ എളുപ്പത്തില്‍ തടയാനാവും.

ഇന്ത്യയില്‍ 2024ല്‍ 17,456 മീസില്‍സ് കേസുകളും 2,462 റുബെല്ല കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഇതേകാലയളവില്‍ 526 മീസില്‍സ് കേസുകളും 51 റുബെല്ല കേസുകളുമാണ് കണ്ടെത്തിയത്. 2025 ഏപ്രില്‍ 30 വരെ കേരളത്തില്‍ 20 മീസില്‍സ്, 21 റുബെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകാരോഗ്യ സംഘടന നിശ്ചയിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് മീസില്‍സ്, റുബെല്ല രോഗങ്ങള്‍ 2026 ഡിസംബറിനകം നിവാരണം ചെയ്യേണ്ടതുണ്ട്.

കുഞ്ഞ് ജനിച്ച് 9-12, 16-24 മാസങ്ങളില്‍ നല്‍കുന്ന രണ്ടു ഡോസ് മീസില്‍സ്, റുബെല്ല വാക്സിനുകളിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന്‍ രക്ഷിക്കാനുമാകും. കേരളത്തില്‍ 92 ശതമാനം കുഞ്ഞുങ്ങള്‍ ആദ്യ ഡോസും 87 ശതമാനം രണ്ടാം ഡോസും സ്വീകരിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. അഞ്ച് വയസ്സ് വരെയുള്ള എല്ലാ കുഞ്ഞുങ്ങളും ഈ രണ്ടു ഡോസ് വാക്സിനുകളും സ്വീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

സമ്പൂര്‍ണ വാക്സിനേഷന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മെയ് ആദ്യവാരം ആരംഭിച്ചിരുന്നു. ആസൂത്രണ, പ്രചാരണ പരിപാടികളില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *