Your Image Description Your Image Description

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരായ കൈക്കൂലി ആരോപണത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്ത്യയുടെ പല ഭാഗത്തു നിന്നും ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോഴാണ് കൊച്ചിയില്‍ നിന്നും ഈ വിഷയം ഉയര്‍ന്നുവന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

‘കുഴല്‍പ്പണം പിടിച്ച ബിജെപിക്കാര്‍ പ്രതികളായ കേസുകള്‍ തേച്ചുമായ്ച്ചു കളയുകയാണ്. തൃശൂരില്‍ കുഴല്‍പ്പണക്കേസ് മാറ്റിമറിക്കാന്‍ ഇടപെട്ടതും ഇതേ ഉദ്യോഗസ്ഥരാണ്. ഇ ഡിയെക്കുറിച്ച് പാര്‍ട്ടി നേരത്തെ അഭിപ്രായം പറഞ്ഞതാണ്. ഇ ഡിയെ കേന്ദ്രസര്‍ക്കാര്‍ ആയുധമായി ഉപയോഗിക്കുകയാണ്. പ്രതിപക്ഷ നേതൃത്വത്തെ കടന്നാക്രമിക്കാനും കളളക്കേസില്‍ കുടുക്കാനും ശ്രമിക്കുകയാണ്. ഇ ഡി കൂട്ടിലടച്ച തത്തയായി മാറി. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കോടതികള്‍ കോഴ വാങ്ങുന്ന സംഭവം വരെയുണ്ടാകുന്നു’- എംവി ഗോവിന്ദന്‍ പറഞ്ഞു.

ഇ ഡി കൊച്ചി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് കൈക്കൂലിക്കേസില്‍ കുരുങ്ങിയത്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. കൈക്കൂലിയായി രണ്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ രണ്ടുപേരെ വെളളിയാഴ്ച്ച വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലാണ് ഉന്നത ഉദ്യോഗസ്ഥനിലേക്ക് അന്വേഷണമെത്തിയത്.

അറസ്റ്റിലായ തമ്മനം വട്ടതുണ്ടിയില്‍ വില്‍സണ്‍ രണ്ടാം പ്രതിയും രാജസ്ഥാന്‍ തക്കത് ഖര്‍ സ്വദേശി മുകേഷ് കുമാര്‍ മൂന്നാം പ്രതിയുമാണ്. ഇടനിലക്കാരനെന്ന് കണ്ടെത്തിയ കൊച്ചി വാരിയം റോഡില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിനെ ഇന്നലെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇയാള്‍ നാലാം പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *