Your Image Description Your Image Description

മുംബൈ: നരകം വേണോ പാകിസ്ഥാൻ വേണോ എന്ന് ചോദിച്ചാൽ താൻ നരകം തെരഞ്ഞെടുക്കുമെന്ന് ​ഗാനരചയിതാവ് ജാവേദ് അക്തർ. തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാവേദ് അക്തർ ഇക്കാര്യം പറഞ്ഞത്. ചില ട്രോളന്മാർ തന്നോട് നരകത്തിലേക്ക് പോകാനാണ് ആവശ്യപ്പെടുന്നത്. അതേസമയം മറ്റൊരു വിഭാ​ഗം താൻ പാകിസ്ഥാനിലേക്ക് പോകണമെന്നും പറയുന്നു. നരകം വേണോ പാകിസ്ഥാൻ വേണോ എന്ന് ചോദിച്ചാൽ താൻ തീർച്ചയായും നരകംതന്നെ തിരഞ്ഞെടുക്കുമെന്നും മുംബൈയിൽ ശിവസേന (യു.ബി.ടി.) യുടെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

ശിവസേന (യു.ബി.ടി.) എം.പി. സഞ്ജയ് റാവത്തിന്റെ നർകത്‌ല സ്വർഗ്ഗ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ വെച്ചാണ് ട്രോൾ ചെയ്യപ്പെടുന്നതിനെക്കുറിച്ച് ജാവേദ് അക്തർ സംസാരിച്ചത്. ശിവസേന (യു.ബി.ടി.) മേധാവി ഉദ്ധവ് താക്കറെ, ശരദ് പവാർ ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

എല്ലാം വെട്ടിത്തുറന്നു പറയുന്ന സ്വഭാവം കാരണം വർഷങ്ങളായി താൻ വിമർശനങ്ങൾ നേരിടുന്നുണ്ടെന്ന് ജാവേദ് അക്തർ പറഞ്ഞു. ഏകപക്ഷീയമായ വിമർശനങ്ങളല്ല തനിക്കുനേരെ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നെ വിലമതിക്കുന്ന ആളുകൾ ഉണ്ടെന്ന് ഞാൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ വളരെ നന്ദികെട്ടവനാകും. പലരും എന്നെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ രണ്ടുപക്ഷത്തു നിന്നുമുള്ള തീവ്രമായ ചിന്താ​ഗതിയുള്ളവർ തന്നെ അധിക്ഷേപിക്കാറുണ്ടെന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“വിമർശിക്കുന്നവരിൽ ആരെങ്കിലും ഒരാൾ അധിക്ഷേപം നിർത്തിയാൽ പോലും, എന്ത് തെറ്റാണ് ചെയ്യുന്നതെന്ന് ഓർത്ത് ഞാൻ ആശങ്കപ്പെടും. ഒരാൾ പറയുന്നു ഞാൻ ഒരു അവിശ്വാസിയാണെന്നും നരകത്തിലേക്ക് പോകുമെന്നും. മറ്റൊരാൾ പറയുന്നു ഞാൻ പാകിസ്ഥാനിലേക്ക് പോകണമെന്നും. അതിനാൽ എനിക്ക് പാകിസ്ഥാനും നരകത്തിനും ഇടയിൽ തിരഞ്ഞെടുക്കാൻ ഓപ്ഷൻ ഉണ്ടെങ്കിൽ, ഞാൻ നരകത്തിൽ പോകാൻ ഇഷ്ടപ്പെടും.” അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *