Your Image Description Your Image Description

തിരുവനന്തപുരം: ഇടുക്കി ഡാം ഇനി തിരുവനന്തപുരത്ത് വന്നാലും കാണാം. എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഭാഗമായാണ് ഇടുക്കി ഡാം കാണാനുള്ള അവസരമൊരുക്കിയിരിക്കുന്നത്. ഡാമിന്റെ പ്രവർത്തനങ്ങളും വൈദ്യുത ഉത്പാദനവുമെല്ലാം നേരിട്ട് കണ്ട് മനസ്സിലാക്കാനാകും. കെ.എസ്.ഇ.ബിയുടെ തീം പവലിയനിൽ ഒരുക്കിയ ഇടുക്കി ഡാമി​ന്റെ പ്രത്യേക വി.ആർ ഷോ ശ്രദ്ധേയമാകുകയാണ്.

ദൃശ്യവും ശബ്ദവും വി.ആർ ഹെഡ്സെറ്റുകൾ ധരിച്ച് കസേരയിൽ ഇരുന്നാണ് ആസ്വദിക്കുന്നതെങ്കിലും, ഇടുക്കിയിൽ നേരിട്ടെത്തി കാഴ്ചകൾ കാണുന്ന അനുഭവമാണ് കാണികൾക്ക് ലഭിക്കുന്നതെന്നാണ് പ്രതികരണം. വി.ആർ ഷോ കാണാൻ വലിയ തിരക്കാണ്. വൈദ്യുതിയുടെ പുതിയ ഉത്പാദന രീതി, പുതിയ ഉപഭോഗ രീതികൾ എന്നിവയും പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കേരളത്തിലുടനീളം കെ.എസ്.ഇ.ബി സ്ഥാപിച്ചിരിക്കുന്ന വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾക്ക് ഇനി പുതിയമുഖം എന്നതാണ് ആദ്യത്തെ പ്രദർശനം. ഫാസ്റ്റ് ചാർജിംഗ് അടക്കമുള്ള പുതിയ ഇ.വി ചാർജിംഗ് സംവിധാനങ്ങളുടെ മിനിയേച്ചറും ഇവിടെ ഉണ്ട്.

സോളാറിൽ നിന്നും പകൽസമയത്ത് വൈദ്യുതി ഉത്പാദിപ്പിച്ച് അത് ബാറ്ററിയിൽ ശേഖരിച്ച് രാത്രി വൈദ്യുത ഉപഭോഗം കൂടുതലുള്ള സമയത്ത് ഉപയോഗിക്കുന്ന രീതിയെ പറ്റിയുള്ള മിനിയേച്ചറാണ് രണ്ടാമത്തേത്. പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ സുലഭമായ വൈദ്യുതി ഉപയോഗിച്ച് ജലം റിസർവ്വോയറിലേക്ക് പമ്പ് ചെയ്‌ത് വൈദ്യുതി ആവശ്യകത കൂടുതലുള്ള വൈകുന്നേരത്തെ പീക്ക് മണിക്കൂറുകളിലെ ഉത്‌പാദനത്തിനായി പ്രയോജനപ്പെടുത്തുന്ന പദ്ധതിയായ പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയുടെ മിനിയേച്ചറും വിവരണവും പവലിയനിൽ ഉണ്ട്.

ലൈവ് ആയി കാണികൾക്ക് പങ്കെടുത്ത് സമ്മാനങ്ങൾ നേടാൻ സാധിക്കുന്ന ഓൺലൈൻ ക്വിസ് മത്സരമാണ് മറ്റൊരു പ്രത്യേകത. പവലിയനിൽ സജീകരിച്ചിട്ടുള്ള ടച്ച്‌പാഡിൽ ആർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ക്വിസ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ചോദ്യങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നയാളുകൾക്ക് ലഭിക്കുക. അഞ്ചിനും ശരിയുത്തരം നൽകുന്നയാൾക്ക് സമ്മാനങ്ങളും നൽകും.

Leave a Reply

Your email address will not be published. Required fields are marked *