Your Image Description Your Image Description

ബർലിൻ: പൈലറ്റുമാരിൽ ഒരാൾ ശുചിമുറിയിൽ. മറ്റൊരാൾ കോക്പിറ്റിൽ ബോധരഹിതനായി വീണു. ഇതോടെ വിമാനം പറന്നത് നിയന്ത്രിക്കാൻ ആരുമില്ലാതെ. ലുഫ്താൻസ എയർലൈൻസിന്റെ വിമാനമാണ് 10 മിനിറ്റ് ആരും നിയന്ത്രിക്കാനില്ലാതെ പറന്നത്. 2024 ഫെബ്രുവരി 17ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 199 യാത്രക്കാരും 6 ജീവനക്കാരുമായാണ് വിമാനം ആരുടെയും നിയന്ത്രണമില്ലാതെ പത്തുമിനിറ്റ് പറന്നതെന്നും സ്പാനിഷ് അതോറിറ്റിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2024 ഫെബ്രുവരി 17ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് സ്പെയിനിലെ സെവില്ലിലേക്ക് പോകുകയായിരുന്നു ലുഫ്താൻസയുടെ എയർബസ് എ321 വിമാനം. സഹപൈലറ്റിനെ വിമാനത്തിന്റെ നിയന്ത്രണം ഏൽപ്പിച്ചാണ് പൈലറ്റ് ശുചിമുറിയിൽ പോയത്. ഈ സമയത്ത് കോക്ക്പിറ്റിൽ വച്ച് സഹപൈലറ്റ് ബോധരഹിതനാകുകയായിരുന്നു. തുടർന്ന് 10 മിനിറ്റ് നേരം പൈലറ്റിന്റെ നിയന്ത്രണത്തിലല്ലാതെ വിമാനം പറന്നു. വിമാനത്തിലുണ്ടായിരുന്ന 205 മനുഷ്യരും രക്ഷപെട്ടത് അത്ഭുതകരമായാണ്. സഹപൈലറ്റ് അബോധാവസ്ഥയിലായ സമയത്ത് വിമാനം ഓട്ടോപൈലറ്റ് മോ‍ഡിലേക്കു മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.

ശുചിമുറിയിൽനിന്നു തിരികെ വന്ന പൈലറ്റ് കോക്പിറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് ക്രൂ അംഗങ്ങൾ സഹപൈലറ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഒടുവിൽ, അടിയന്തിര ഘട്ടത്തിൽ വാതിൽ തുറക്കാൻ അനുവദിക്കുന്ന കോഡ് ടൈപ്പ് ചെയ്താണ് പൈലറ്റ് കോക്പിറ്റിലേക്കു പ്രവേശിച്ചത്. തുടർന്ന് വിമാനം മാഡ്രിഡിൽ അടിയന്തിരമായി ലാന്റിങ് നടത്താൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ സഹപൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *