Your Image Description Your Image Description

അങ്കണവാടികളില്‍ പോഷക സമൃദ്ധമായ വിഷരഹിത പച്ചക്കറികള്‍ വിളയിച്ചെടുക്കുന്ന ‘സുഭിക്ഷം – അങ്കണവാടികള്‍ക്ക് പോഷകത്തോട്ടം’ പദ്ധതിക്ക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. പൂക്കോട്ടൂര്‍ അറവങ്കര 66-ാം നമ്പര്‍ അങ്കണവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നൂതന പദ്ധതിയാണിത്. ഒരു അങ്കണവാടിയില്‍ 20 ഹൈഡെൻസിറ്റി പോളി എത്‌ലിൻ (എച്ച്.ഡി.പി.ഇ) ചട്ടികള്‍ തിരിനന സംവിധാനത്തില്‍ പോട്ടിങ് മിശ്രിതം നിറച്ച് പച്ചക്കറി തൈകള്‍ നട്ട് തയ്യാറാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ള 55 അങ്കണവാടികള്‍ക്ക് ഈ വര്‍ഷത്തിലും ബാക്കിയുള്ള അങ്കണവാടികള്‍ക്ക് അടുത്ത വര്‍ഷത്തിലും പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. ആവശ്യമായ പരിശീലനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 456467 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

ചടങ്ങില്‍ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം. മുഹമ്മദലി മാസ്റ്റര്‍, സഫിയ.കെ, എ.കെ. മെഹനാസ്, ബ്ലോക്ക് അംഗങ്ങളായ സുബൈദ മുസ്ലിയാരകത്ത്, എം.ടി അബ്ദുല്‍ ബഷീര്‍, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.കെ സക്കീന, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്‍. ആതിര, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മലപ്പുറം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം.ഡി പ്രീത സ്വാഗതവും പൂക്കോട്ടൂര്‍ കൃഷി ഓഫീസര്‍ കെ. ഇര്‍ഫാന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *