Your Image Description Your Image Description

 

കോഴിക്കോട്: ഇറാൻ പിടിച്ചെടുത്ത ഇന്ത്യൻ ചരക്കുകപ്പലിൽനിന്ന് മോചിതനായ വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥിന് ഇപ്പോഴുമുള്ളത് നോവാർന്ന ഓർമകൾ. തട്ടിക്കൊണ്ടുപോയവർ ആരെയും ദ്രോഹിച്ചില്ലെങ്കിലും ഭീതിയിലായിരുന്നെന്ന് ശ്യാംനാഥ് പറഞ്ഞു. അതേസമയം ഇറാനിലെ ഇന്ത്യൻ എംബസിയുടെയും അധികൃതരുടെയും പ്രവർത്തനം ധൈര്യം നൽകുന്നതായിരുന്നു. നാട്ടിലുള്ളവരും വലിയ തോതിൽ പിന്തുണ നൽകിയതായി ശ്യാംനാഥ് വിശദീകരിച്ചു.

അബുദാബിയിൽനിന്ന് മുംബൈയിലെ നാവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന എം.എസ്.സി. ഏരീസ് എന്ന കപ്പലാണ് ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാന്റെ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തത്. ഇസ്രായേലുമായി ബന്ധമുള്ള ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഡിയാക് മാരിടൈമിന്റെ ചരക്കുകപ്പലാണ് പിടിക്കപ്പെട്ടത്. ഏപ്രിൽ 13ന് ഇന്ത്യൻ സമയം രാവിലെ ഏഴരയ്ക്കായിരുന്നു സംഭവം. ഏപ്രിൽ 16ന് ഇന്ത്യൻ തുറമുഖത്ത് കപ്പൽ ഇറങ്ങാനിരുന്നതാണ്. അബൂദബിയിൽനിന്ന് ഇന്ത്യയിലേക്ക് വരുകയായിരുന്നു കപ്പൽ. Vessel Boarded by Iran Navy എന്നൊരു സന്ദേശംവന്നു. പിന്നാലെ നേവി ഉദ്യോഗസ്ഥർ ഇരച്ചുകയറി. ഉടൻ വിട്ടയക്കും എന്നതായിരുന്നു ആദ്യമുള്ള സന്ദേശം. പക്ഷെ പിന്നീടതുണ്ടായില്ല.

ജീവനക്കാർ ആരും ആയുധധാരികൾ ആയിരുന്നില്ല. ഇറാൻ സൈന്യം നേരിട്ടുവന്ന് പിടിച്ചെടുക്കുകയായിരുന്നു. ക്യാപ്റ്റനോട് വളരെ പരുഷമായിരുന്നു പെരുമാറ്റം. എന്നാൽ ജീവനക്കാരോട് മാന്യമായി പെരുമാറി. 25 പേരാണ് ജീവനക്കാർ. അതിൽ കൂടുതലും ഇന്ത്യക്കാർ ആയിരുന്നു. 17 ഇന്ത്യക്കാർക്കൊപ്പം രണ്ട് പാകിസ്താനികൾ, നാല് ഫിലിപ്പീനികൾ, ഓരോ എസ്‌റ്റോണിയൻ, റഷ്യൻ പൗരന്മാരും. തൃശൂർ സ്വദേശിയായ ആൻ ടെസ്സ എന്ന ലേഡി കാഡറ്റ് കൂടി ഉണ്ടായിരുന്നു. അവർ മൂന്നു ദിവസത്തിനകം ജയിൽമോചിതയായി. ഇന്ത്യൻ എംബസിയിൽനിന്നുള്ള സമ്മർദത്തെ തുടർന്നായിരുന്നു സ്ത്രീ എന്ന പരിഗണന വെച്ച് അവരെ വിട്ടയച്ചത്. പിന്നീട് ഏഴുപേർ ജയിൽ മോചിതരായി. ഇറാനും ഇന്ത്യയും തമ്മിൽ നല്ല ബന്ധം തുടരുന്നത് തുണയായി. ഇറാനിലെ ഇന്ത്യൻ കോൺസുൽ എ.കെ സുധാകരന്റെ പിന്തുണ എടുത്തുപറയേണ്ടതാണ്. രണ്ടു മാസത്തിനുശേഷം അതായത് ജൂൺ 12ന് തന്നെ വിട്ടയച്ചുവെന്നും ശ്യാംനാഥ് പറഞ്ഞു. ശ്യാംനാഥ് ഇപ്പോൾ ഭാര്യയ്‌ക്കൊപ്പം വിജയവാഡയിലാണുള്ളത്.

ഇറാൻ നേവിയുടെ യൂണിഫോമിൽ തന്നെയാണ് അവർ എത്തിയത്. ആദ്യം ഭീതിപരത്തുന്ന രൂപത്തിൽ പെരുമാറിയെങ്കിലും പിന്നീട് മയപ്പെട്ടു. പിടിച്ചുവച്ച മൊബൈൽ ഫോൺ പിന്നീട് തിരിച്ചുതന്നു. അത് വലിയ ആശ്വാസമയി. ഞങ്ങൾ വീടുകളിലേക്ക് വിളിക്കാൻ തുടങ്ങി. അഛനും ഭാര്യയും പിടിച്ചുനിന്നു. എന്നാൽ, അമ്മ തളർന്നിരുന്നു. സർക്കാരും ജാഗ്രത കാണിച്ചു. ഇസ്രായേലുമായി ബന്ധമുള്ള കപ്പൽ എന്നതല്ലാതെ മറ്റ് കുറ്റങ്ങളൊന്നും ഞങ്ങളെക്കുറിച്ച് ഇറാൻ നേവിയും പറഞ്ഞില്ല- ശ്യാംനാഥ് പറഞ്ഞു.

കഴിഞ്ഞ പത്തുവർഷമായി എം.എസ്.സിയിൽ ആണ് ജോലി. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് ഇപ്പോൾ കോഴിക്കോട് വെള്ളിപറമ്പിലാണ് താമസം. പ്ലസ്ടു കഴിഞ്ഞ് മറൈൻ എൻജിനിയറിങ് പഠിച്ചശേഷമാണ് ജോലിയിൽ ചേർന്നത്. ജോലിയിലെ കരാർ കഴിഞ്ഞ് ഇറങ്ങാനിരിക്കെയാണ് സംഭവം. സെക്കൻഡ് എൻജിനിയറായിട്ടാണ് തൊഴിലെടുക്കുന്നത്. എന്നാൽ കപ്പലിൽ ഇനിയും ആളുകളുണ്ട്. ഞങ്ങൾ മൂന്നു പേർക്ക് പകരം മറ്റു മൂന്നുപേരെ കമ്പനി അയച്ചതുകൊണ്ടാണ് പുറത്തിറങ്ങാനായത്. 18 പേർ ഇപ്പോഴും കപ്പലിൽ തുടരുകയാണ്. ഇതിൽ എട്ട് ഇന്ത്യക്കാരും അഞ്ച് റഷ്യക്കാരും മൂന്ന് ഫിലീപ്പിനികളും രണ്ട് പാകിസ്താനികളുമാണ്. ഭാര്യ: മേഘ. മാതാപിതാക്കൾ: പി.വി വിശ്വനാഥൻ, ടി.പി ശ്യാമള.

Leave a Reply

Your email address will not be published. Required fields are marked *