Your Image Description Your Image Description

 

 

 

 

തൃശ്ശൂർ: മൺസൂൺ കാല ട്രോളിങ് നിരോധന നിയമങ്ങൾ ലംഘിച്ചും വ്യാജ കളർകോഡ് അടിച്ചതുമായ തമിഴ്‌നാട് രജിസ്‌ട്രേഷൻ ഉള്ള യാനങ്ങൾ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് പിടികൂടി. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കൂട്ടമായി എത്തിയ വള്ളങ്ങളാണ് കേന്ദ്ര സർക്കാർ നിഷ്‌കർച്ച പച്ച കളർകോഡ് മാറ്റി, കേരള യാനങ്ങൾക്ക് അനുവദിച്ച നീല കളർകോഡ് അടിച്ച് കേരള വള്ളങ്ങൾ എന്ന വ്യാജേന മത്സ്യബന്ധനത്തിന് ഒരുക്കിയത്.

കന്യാകുമാരി കൊളച്ചൽ സ്വദേശികളായ സഹായ സർച്ചിൽ, ഹിറ്റ്‌ലർ തോമസ്, സ്റ്റാൻലി പോസ്മസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള യാനങ്ങളാണ് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ബ്ലാങ്ങാട് നിന്ന് പിടിച്ചെടുത്തത്. ഈ യാനങ്ങൾക്ക് മൊത്തം 60,000 രൂപ പിഴ ഈടാക്കി, കസ്റ്റഡിൽ സൂക്ഷിച്ചിരുന്ന എട്ട് എഞ്ചിനുകളും യാനങ്ങളും ഉടമസ്ഥർക്ക് വിട്ടു നൽകി.

തൃശ്ശൂർ ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതൽ വടക്കേ അതിർത്തിയായ കാപ്രിക്കാട് വരെയുള്ള തീരക്കടലിലും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് കന്യാകുമാരി ഭാഗത്ത് നിന്ന് വന്ന മൂന്ന് ഫൈബർ വഞ്ചികൾ ചാവക്കാട് ബ്ലാങ്ങാട് പിടിച്ചെടുത്തത്. ജില്ലാ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ് പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധന സംഘത്തിൽ എഫ്.ഇ.ഒ ശ്രുതിമോൾ, എ.എഫ്.ഇ ഒ സംനാ ഗോപൻ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഉദ്യേഗസ്ഥരായ വി.എൻ പ്രശാന്ത് കുമാർ, വി.എം ഷൈബു, ഇ.ആർ ഷിനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. സീ റെസ്‌ക്യൂ ഗാർഡ്മാരായ പ്രസാദ്, അൻസാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ട്രോളിങ് നിരോധന സമയത്ത് ഇതര സംസ്ഥാന ബോട്ടുകൾ, വഞ്ചികൾ, വള്ളങ്ങൾ എന്നിവ ജില്ലയുടെ തീരത്ത് മീൻപിടിക്കാനും മീൻ ഇറക്കാനും പാടില്ലെന്ന നിയമം പാലിക്കാത്തതിനാണ് ഫിഷറീസ് വകുപ്പ് നടപടി എടുത്തത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *