Your Image Description Your Image Description

കാഞ്ഞങ്ങാട്: വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ മുതൽ പാസ്പോർട്ട് വരെ വ്യാജമായി നിർമ്മിക്കുന്ന സംഘം പിടിയിൽ. ഹൊസ്ദുർഗ് കടപ്പുറത്തെ ഷിഹാബ് (38), മുഴക്കോം ക്ലായിക്കോട്ടെ പി.രവീന്ദ്രൻ (51), കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിലെ സന്തോഷ്‌കുമാർ (45) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട്ടെ കംപ്യൂട്ടർ സെന്ററിലും തീരദേശത്തെ വീട്ടിലും നടത്തിയ പരിശോധനക്ക് പിന്നാലെയാണ് ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ ടി.അഖിൽ അറസ്റ്റ്‌ ചെയ്തത്. കേരളത്തിലേതുൾപ്പെടെ ഒട്ടേറെ സർവകലാശാലകളിലെ ബിരുദ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ആധാർകാർഡ് എന്നിവയായിരുന്നു സംഘം വ്യാജമായി നിർമ്മിച്ച് നൽകിയിരുന്നത്.

കാഞ്ഞങ്ങാട് പുതിയകോട്ടയിലെ നെറ്റ് ഫോർ യു കഫെ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു സംഘം വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയിരുന്നത്. ഈ കമ്പ്യൂട്ടർ സെന്ററിന് പുറമേ ഷിഹാബിന്റെ വീട്ടിലും വ്യാജ നിർമിതി നടന്നിരുന്നു. കംപ്യൂട്ടർ സെന്ററിൽനിന്ന്‌ സർട്ടിഫിക്കറ്റുകളുടെ രൂപകല്പന ചെയ്ത്‌ രവീന്ദ്രൻ ഷിഹാബിന് അയച്ചുകൊടുക്കും. ഇയാൾ തന്റെ വീട്ടിൽനിന്ന്‌ അത്‌ പ്രിന്റെടുക്കും. സീൽ പതിക്കുന്നതടക്കമുള്ള കാര്യങ്ങളും ഷിഹാബ് വീട്ടിൽ പൂർത്തിയാക്കും. സന്തോഷ്‌കുമാറിന്റെതാണ് കംപ്യൂട്ടർ സെന്റർ. ഇയാൾ അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് ബോധ്യപ്പെട്ടതായി എസ്‌ഐ പറഞ്ഞു.

കണ്ണൂർ, കാലിക്കറ്റ്, കേരള സർവകലാശാലകളുടെ ബിരുദ സർട്ടിഫിക്കറ്റുകളാണ് കൂടുതലും കണ്ടെത്തിയത്. കേരളത്തിലെയും കർണാടകയിലെയും വിവിധ ആർടിഒ കാര്യാലയങ്ങളുടെ സീലും വ്യാജമായി നിർമിച്ച ഡ്രൈവിങ് ലൈസൻസും ഷിഹാബിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഒന്നിലേറെ വ്യാജ പാസ്പോർട്ടുകൾ, ആധാർകാർഡുകൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും വിദേശത്തുള്ളവരുമാണ് വ്യാജ സർട്ടിഫിറ്റുകളുടെ ആവശ്യക്കാരെന്ന്‌ പ്രാഥമികാന്വേഷണത്തിൽ ബോധ്യമായതായി പോലീസ് പറഞ്ഞു.

എൻജിനിയറിങ് ബിരുദ സർട്ടിഫിക്കറ്റുകളുമുണ്ട് പിടിച്ചെടുത്തവയിൽ. വിദേശത്ത്‌ ജോലിചെയ്യുന്നവർ കൂടുതലും വാങ്ങുന്നത് ഈ സർട്ടിഫിക്കറ്റുകളാണെന്ന് പ്രതികൾ പോലീസിന്‌ മൊഴിനൽകി. 10,000 രൂപ മുതൽ മേൽപ്പോട്ടാണ് ഇവർ ഈടാക്കിയിരുന്നത്. ഇനിയും ഒട്ടേറെ വിവരങ്ങൾ ലഭ്യമാകാനുണ്ടെന്നും കർണാടകയിലുൾപ്പെടെ അന്വേഷണം നടത്തുമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് പറഞ്ഞു.

കാഞ്ഞങ്ങാട്ടെ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയ പോലീസിന് കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളും തെളിവുകളുമാണ്. പുതിയകോട്ടയിലെ നെറ്റ് ഫോർ യു എന്ന കംപ്യൂട്ടർ സെന്ററിലേക്ക്‌ പോലീസെത്തുന്നത് ദിവസങ്ങളുടെ നിരീക്ഷണത്തിനുശേഷമാണ്. ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചപ്പോൾ തന്നെ കാഞ്ഞങ്ങാട് ഡിവൈഎസ്‍പി ബാബു പെരിങ്ങേത്ത് കൃത്യമായ നിരീക്ഷണം നടത്താൻ എസ്‌ഐ ടി.അഖിലിനോട് ആവശ്യപ്പെടുകയായിരുന്നു.

പല ദിവസങ്ങളിലായി കംപ്യൂട്ടർ കേന്ദ്രത്തിൽ മഫ്ടിയിലെത്തിയ പോലീസ് എന്താണ് അവിടെ ചെയ്യുന്നതെന്ന് വ്യക്തമായി മനസ്സിലാക്കി. ഏതു സർവകലാശാലയുടെ സർട്ടിഫിക്കറ്റ് വേണമെങ്കിലും ഇവർ തയ്യാറാക്കിക്കൊടുക്കും. പേരും ആവശ്യമായ പാസ്പോർട്ട് സൈസ് ഫോട്ടോകളും ചോദിക്കുന്ന പണവും നൽകിയാൽ സംഘം ബിരുദവും ബിരുദാനന്തര ബിരുദവും അടിച്ച് കൈയിൽ തരും.

കംപ്യൂട്ടർ സെന്റർ ഉടമ സന്തോഷ്‌കുമാറിനെയും സർട്ടിഫിക്കറ്റുകൾ രൂപകല്പന ചെയ്യുന്ന രവീന്ദ്രനെയുമാണ് ആദ്യം പിടിച്ചത്. രവീന്ദ്രന്റെ സെൽഫോണിൽ വിവിധ സർവകലാശാലകളിലെ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുണ്ടായിരുന്നു. ഇതേ മാതൃകയിൽ രൂപകല്പന ചെയ്യുന്ന സർട്ടിഫിക്കറ്റിൽ, ആവശ്യക്കാരുടെ പേരും മറ്റു വിവരങ്ങളും ചേർക്കുന്നു. ഇതെല്ലാം ഷിഹാബിന് അയച്ചുകൊടുക്കും. എസ്‌ഐ ടി.അഖിൽ, എഎസ്‌ഐ കെ.പി.വിജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ടി.അനിൽ, സുധാകരൻ എന്നിവർ ചൊവ്വാഴ്ച ഉച്ചയോടെയാണ് കംപ്യൂട്ടർ സെന്ററിലെത്തി പരിശോധന നടത്തിയത്.

രവീന്ദ്രന്റെ മൊബൈൽഫോൺ പരിശോധിച്ചപ്പോൾ, രൂപകല്പന ചെയ്ത സർട്ടിഫിക്കറ്റുകളെല്ലാം ഷിഹാബിന് അയച്ചുകൊടുത്തതായി മനസ്സിലായി. ഉടൻ അഡീഷണൽ എസ്‌ഐ ശാർങ്‌ഗധരൻ, സീനിയർ സിവിൽപോലീസ് ഓഫീസർ ഷൈജുമോഹൻ, സിവിൽപോലീസ് ഓഫീസർമാരായ സുപ്രിയ, കൃപേഷ് എന്നിവർ ഷിഹാബിന്റെ ഹൊസ്ദുർഗ് കടപ്പുറത്തെ വീട്ടിലെത്തി. പോലീസെത്തുമ്പോൾ സർട്ടിഫിക്കറ്റ് നിർമാണത്തിലായിരുന്നു ഷിഹാബ്. ഇയാളെ പിടികൂടിയ പോലീസ്, വീടിന്റെ അകത്തളങ്ങളിൽനിന്ന്‌ നിരവധി സർട്ടിഫിക്കറ്റുകൾ, പ്രിന്റിങ് മെഷീൻ, സീലുകൾ എന്നിവ കണ്ടെടുക്കുകയായിരുന്നു.

അന്യ സംസ്ഥാന തൊഴിലാളികൾക്കുൾപ്പെടെ സംഘം ആധാർകാർഡ് നിർമിച്ചുനൽകിയിരുന്നു. പ്രദേശത്തേക്ക് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ പലർക്കും ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ഉണ്ടാകാറില്ല. എന്നാൽ, സിംകാർഡ് എടുക്കാനും താമസ സ്ഥലം വാടകയ്ക്ക് കിട്ടാനുമെല്ലാം ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ആവശ്യമാണ്. ഈ സാഹചര്യമാണ് പ്രതികൾ മുതലാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *