Your Image Description Your Image Description

മുംബൈ: വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഉൾക്കൊള്ളാനാവാതെ ആരാധകർ. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഭാര്യ അനുഷ്ക ശര്‍മക്കൊപ്പം മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തേതക്കിറങ്ങി വന്ന കോലിയോട് വികാരഭരിതരായി ആരാധകർ ചോദ്യങ്ങളുന്നയിച്ചു. കോലിയും അനുഷ്കയും വാഹനത്തിന് അടുത്തേക്ക് നടക്കുമ്പോള്‍ ഒരു ആരാധകന്‍ വികാരഭരിതനായി ഉറക്കെ ചോദിച്ചു, സര്‍, താങ്കള്‍ വലിയ തെറ്റ് ചെയ്തു, എന്തിനാണിപ്പോൾ വിരമിച്ചത്?

ആരാധകന്‍റെ ചോദ്യത്തിന് കോലി എന്താണീ പറയുന്നതെന്ന രീതിയില്‍ കൈകൊണ്ട് ആംഗ്യം കാട്ടി മറുപടി നല്‍കി. എന്നാല്‍ ആരാധകന്‍ അവിടെ നിര്‍ത്താന്‍ തയാറായില്ല, കോലി വാഹനത്തില്‍ കയറുന്നതുവരെ പിന്തുടര്‍ന്ന ആരാധകന്‍ താങ്കള്‍ വിരമിച്ചതുകൊണ്ട് ഞങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റ് കാണുന്നത് നിര്‍ത്തിയെന്നും ഉറക്കെ വിളിച്ചു പറഞ്ഞു. ഇതിന് പിന്നാലെ മറ്റൊരു ആരാധകന്‍ പറഞ്ഞത്, നിങ്ങളെ കാണാന്‍ വേണ്ടിയായിരുന്നു ഞങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റ് കണ്ടിരുന്നത് എന്നായിരുന്നു. ഇതിന് ഒരു ചെറു ചിരിയോടെ തംസ് അപ് കാണിച്ച കോലി ആരാധകരുടെ ചോദ്യത്തിന് നേരിട്ട് മറുപടി പറഞ്ഞില്ലെങ്കിലും അവര്‍ പറഞ്ഞതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.

ഇതിനിടെ ഒരു ആരാധകന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ സമയമില്ല, പിന്നീടൊരിക്കലാവാം, ഞാന്‍ ഉറപ്പുതരുന്നു എന്ന് മറുപടി നല്‍കി. നിങ്ങളെ ഏകദിന ജേഴ്സിയില്‍ കാണാന്‍ കാത്തിരിക്കുന്നുവെന്നും ഇത്തവണ ആര്‍സിബി ജയിക്കുമെന്നും പറഞ്ഞ ആരാധകരുടെ സ്നേഹപൂര്‍വമായ കമന്‍റുകള്‍ക്ക് നന്ദി പറഞ്ഞാണ് കോലി കാറില്‍ കയറിയത്. വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കോലിയും അനുഷ്കയും ചേര്‍ന്ന് ഇന്നലെ വൃന്ദാവനിലെ ആത്മീയാചാര്യൻ പ്രേമാനന്ദ് ഗോവിന്ദ് ശരണ്‍ ജി മഹാരാജിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയിരുന്നു. ഗുരു പ്രേമാനന്ദ് സംതൃപ്തനാണോ എന്ന ചോദ്യത്തോടെയാണ് കോലിയെ വരവേറ്റത്. അതെ എന്നായിരുന്നു ഇതിന് കോലിയുടെ മറുപടി. ഈ വര്‍ഷം ജനുവരിയിലും ഇരുവരും വൃന്ദാവനിലെത്തി പ്രേമാനന്ദ് ഗോവിന്ദ് ശരണ്‍ ജി മഹാരാജിനെ സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *