Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തെ തള്ളിക്കളഞ്ഞ് ഇന്ത്യ. ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബീജിംഗ് വീണ്ടും പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. വടക്കുകിഴക്കൻ സംസ്ഥാനം എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്ന യാഥാർഥ്യത്തെ ചൈനയുടെ ഇത്തരം ബുദ്ധിശൂന്യമായ നീക്കങ്ങളാൽ തടയാനാകില്ലെന്ന് ഇന്ത്യ പറഞ്ഞു.

ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പേരിടാനുള്ള വ്യർത്ഥവും അസംബന്ധമായതുമായ ശ്രമങ്ങൾ ചൈന തുടരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുവെന്ന് ചോദ്യത്തിന് മറുപടിയായി വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്നും എല്ലായ്പ്പോഴും അങ്ങനെയായിരിക്കുമെന്നും നിഷേധിക്കാനാവാത്ത യാഥാർത്ഥ്യത്തെ നാമകരണം കൊണ്ട് മാറ്റാനാകില്ലെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റുന്നത് ഇതാദ്യമല്ല. 2024 ൽ, 30 പുതിയ സ്ഥലങ്ങളുടെ പേരുകൾ ഉൾപ്പെടുത്തി പട്ടിക പുറത്തിറക്കിയിരുന്നു. ആ സമയത്തും ഇന്ത്യ ശക്തമായി എതിർത്തു. ‘സാങ്‌നാൻ’ എന്ന് അവർ പരാമർശിക്കുന്ന അരുണാചൽ പ്രദേശിനുമേലുള്ള തങ്ങളുടെ പ്രദേശിക അവകാശവാദങ്ങൾ സ്ഥാപിക്കാൻ ചൈന പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *