Your Image Description Your Image Description

തിരുവനന്തപുരം: പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ വജ്രായുധമാണ് ബ്രഹ്‌മോസ് മിസൈല്‍. പുൽവാമയിലെ ക്രൂരതയ്ക്ക് പാകിസ്ഥാനോട് കണക്കു തീർക്കുന്നതിൽ നിർണയക റോൾ വഹിച്ചത് ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസാണ്. ലോകം കണ്ട ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈൽ. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമത്താവളമുൾപ്പെടെ കൃത്യയതോടെ തകർത്തു. ബ്രഹ്മോസിന്റെ നിർമ്മാണത്തിൽ മലയാളികൾക്കും അഭിമാനിക്കാം. ബ്രഹ്മോസ് നിർമ്മാണം നടക്കുന്ന രാജ്യത്തെ മൂന്ന് കേന്ദ്രങ്ങളിലൊന്ന് തിരുവനന്തപുരത്താണ്. ഹൈദരാബാദിലും പിലാനിയിലുമാണ് മറ്റ് കേന്ദ്രങ്ങൾ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്നുള്ള യൂണിറ്റിൽ 2007 മുതലാണ് നിർമ്മാണം തുടങ്ങിയത്. ബ്രഹ്മോസ് മിസൈലുകളുടെ ലോഹ ഘടകങ്ങൾ, ലോഞ്ചർ കണ്ടെയ്നറുകൾ എന്നിവ നിർമ്മിക്കുന്നത് തിരുവനന്തപുരത്താണ്.

ഇന്ത്യയും റഷ്യയുമായി ചേർന്ന സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. പദ്ധതി തുടങ്ങിയപ്പോൾ മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈൽ മാനുമായ എ.പി.ജെ. അബ്ദുൽ കലാമാണ് തിരുവനന്തപുരത്തെ നിർദ്ദേശിച്ചത്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം,​ ഐ.എസ്.ആർ.ഒ.യുടെ റോക്കറ്റ് നിർമ്മാണത്തിൽ പങ്കാളികളായിരുന്ന കേരള ഹൈടെക് ഇൻഡസ്ട്രീസ് ലിമിറ്റഡ് തിരുവനന്തപുരത്ത് ബ്രഹ്മോസിന്റെ നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചു. പിന്നീട് ഡി.ആർ.ഡി.ഒ ഏറ്റെടുത്തു. തിരുവനന്തപുരം വിമാനത്താവള വികസനത്തിന് കൂടുതൽ സ്ഥലം വേണ്ടിവന്നതോടെ ബ്രഹ്മോസിന്റെ 15 ഏക്കർ വിട്ടുനൽകാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം നെട്ടുകാൽത്തേരിയിൽ 189 ഏക്കർ നൽകാമെന്നാണ് വാഗ്ദാനം. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.

ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വാങ്ങാന്‍ ഒരുപാട് രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിരിക്കയാണ് ഇപ്പോൾ. ബ്രഹ്‌മോസ് വാങ്ങുന്നതിന് ബ്രസീലും സിംഗപ്പൂരും അടക്കം നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബ്രഹ്‌മോസ് വാങ്ങുന്നതിനായി ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത് ഫിലിപ്പീന്‍സ് ആണ്. 1995 ഡിസംബറിലാണ് റഷ്യയും ഇന്ത്യയും സംയുക്തമായി ബ്രഹ്‌മോസ് ഏറോ സ്‌പെയ്‌സ് എന്ന കമ്പനിക്ക് രൂപം കൊടുത്തത്. ഇന്ത്യക്ക് 50.5 ശതമാനവും റഷ്യയ്ക്ക് 49.5 ശതമാനവും ഓഹരി പങ്കാളിത്തമുള്ള കമ്പനി. നമ്മുടെ ബ്രഹ്‌മപുത്ര നദിയുടേയും റഷ്യയുടെ മോസ്‌കോവ് നദികളുടെയും പേരുകളില്‍ നിന്നു രൂപം കൊടുത്ത ചുരുക്കപ്പേരാണ് സ്ഥാപനത്തിന് നല്‍കിയത്. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്‌മെന്റ് ഓര്‍ഗനൈസേഷന്റേയും (ഡിആര്‍ഡിഒ) റഷ്യന്‍ ഫെഡറേഷന്റെ എന്‍പിഒ മഷിനോസ്‌ട്രോയേനിയയുടേയും സംയുക്ത സംരംഭമാണ് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ലോകത്തിലെത്തന്നെ ഏറ്റവും വിജയകരമായ മിസൈല്‍ സംവിധാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ മാസം 22ന് കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളായ 26പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് തീവ്രവാദ കേന്ദ്രങ്ങളെ ഇന്ത്യ തകര്‍ത്തത്. 100ലധികം ഭീകരരും അവരുടെ കൂട്ടാളികളുമാണ് കൊല്ലപ്പെട്ടത്. സാധാരണക്കാര്‍ക്കും സൈനിക സ്ഥാപനങ്ങള്‍ക്കും കേടുവരുത്താതെ ഭീകരരെ വിരിയിച്ചിറക്കുന്ന നഴ്സറികളെയാണ് ചുട്ടെരിച്ചത്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ പായുന്ന ബ്രഹ്‌മോസിനെ തടയാനോ പ്രതിരോധിക്കാനോ ഉള്ള സാങ്കേതിക മികവോ, പ്രായോഗിക ക്ഷമതയോ പാകിസ്ഥാന് ഇല്ലായിരുന്നു. ഇന്ത്യന്‍ ശാസ്ത്രജ്ഞരും സൈനിക വിദഗ്ധരും ചേര്‍ന്ന് രുപം കൊടുത്ത ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച രീതിയും അതിന്റെ കൃത്യതയും ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. ബ്രഹ്‌മോസ് മിസൈല്‍ പാകിസ്ഥാന്റെ എല്ലാ വ്യോമ പ്രതിരോധത്തെയും മറികടന്നു എന്നു മാത്രമല്ല, ലക്ഷ്യം വെച്ച കേന്ദ്രത്തില്‍ മാത്രമാണ് മിസൈല്‍ പതിച്ചത്.

പിന്നീടുള്ള ദിവസങ്ങളില്‍ ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച് പാകിസ്ഥാന്റെ ചില വ്യോമതാവളങ്ങള്‍ കൂടി ഇന്ത്യ തകര്‍ത്തു. സൂപ്പര്‍സോണിക് ബ്രഹ്‌മോസ് മിസൈലിന്റെ ദൂരപരിധി ഏകദേശം 290 കിലോമീറ്ററാണ്. എന്നാല്‍ ഏറ്റവും പുതിയ പതിപ്പില്‍ ദൂരപരിധി 500 ല്‍ നിന്ന് 800 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഏത് ലക്ഷ്യ സ്ഥാനവും തകര്‍ക്കാനുള്ള ശേഷി ബ്രഹ്‌മോസ് ആര്‍ജിച്ചിട്ടുണ്ട്. കൂടാതെ, 200 മുതല്‍ 300 കിലോഗ്രാം വരെ സ്‌ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ബ്രഹ്‌മോസ് മിസൈലിന് പൂര്‍ണ്ണമായും കഴിയും. ബ്രഹ്‌മോസ് മിസൈല്‍ രൂപം കൊടുക്കാനായി തുടക്കത്തില്‍ 250 ദശലക്ഷം ഡോളര്‍ അതായത് 2,135 കോടി രൂപയാണ് നിക്ഷേപിച്ചത്. ബ്രഹ്‌മോസ് ഉല്‍പാദന യൂണിറ്റിന്റെ ചെലവ് ഏകദേശം 300 കോടി രൂപയാണെന്നും ഒരു മിസൈലിന്റെ വില ഏകദേശം 34 കോടി രൂപയാണെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രഹ്‌മോസ് മിസൈലിന്റെ വിലയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ എവിടെയും നല്‍കിയിട്ടില്ല. അതിപ്പോഴും രഹസ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *