Your Image Description Your Image Description

ബോളിവുഡ് താരം ആമിർ ഖാന്റെ പുതിയതായി റിലീസിനൊരുങ്ങുന്ന സിനിമ ‘സിതാരേ സമീന്‍ പറി’ന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. യൂട്യൂബ് ട്രെന്‍ഡിങ് പട്ടികയില്‍ ഇടം പിടിച്ച ട്രെയിലര്‍ ഇതിനകം മൂന്നുകോടിയിലേറെ പേര്‍ കണ്ടുകഴിഞ്ഞു.

ഇതിനിടെ ഇപ്പോൾ സാമൂഹികമാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ആരംഭിച്ചിരിക്കുകയാണ്. ‘സിതാരേ സമീന്‍ പര്‍’ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായെങ്കില്‍ എക്‌സില്‍ ട്രെന്‍ഡിങ്ങായത് ചിത്രത്തിനെതിരായ ബഹിഷ്‌കരണാഹ്വാനമാണ്. നൂറുകണക്കിന് പോസ്റ്റുകളാണ് ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ‘എക്‌സി’ലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടത്. #BoycottSitaareZameenPar എന്ന ഹാഷ്ടാഗിനൊപ്പമാണ് പോസ്റ്റുകള്‍.

ആമിര്‍ഖാന്‍ 2020-ല്‍ തുര്‍ക്കിയില്‍ പോയിരുന്നുവെന്നതാണ് ചിത്രം ബഹിഷ്‌കരിക്കണമെന്ന് പറയുന്നവര്‍ പ്രധാനമായി ഉന്നയിക്കുന്ന കാരണം. ലാല്‍ സിങ് ഛദ്ദ എന്ന ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ ചിത്രീകരിക്കാനായാണ് അന്ന് ആമിര്‍ തുര്‍ക്കിയില്‍ പോയത്. അന്നത്തെ സന്ദര്‍ശനത്തിനിടെ എടുത്ത തുര്‍ക്കിയുടെ പ്രഥമവനിത എമിന്‍ എര്‍ദോഗാനൊപ്പമുള്ള ആമിറിന്റെ ചിത്രവും വീഡിയോയും പലരും ഇപ്പോൾ ഷെയര്‍ ചെയ്യുന്നുണ്ട്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തിനിടെ പാകിസ്താന് തുര്‍ക്കി നല്‍കിയ ഡ്രോണുകളാണ് ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചത്. എന്നാല്‍ ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ തുര്‍ക്കിഷ് ഡ്രോണുകളെ ഫലപ്രദമായി ചെറുത്തു.

പാകിസ്താനുമായി മുമ്പ് തന്നെ സൗഹൃദമുള്ള തുര്‍ക്കിയില്‍ പോയതിന് 2020-ല്‍ തന്നെ ആമിര്‍ ഖാനെതിരെ ചെറിയതോതില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു. അതിനേക്കാള്‍ വലിയ പ്രചാരണമാണ് ഇപ്പോള്‍ ആമിര്‍ ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. എന്നാല്‍ ബഹിഷ്‌കരണാഹ്വാനത്തിനിടയിലും ‘സിതാരേ സമീന്‍ പര്‍’ ട്രെയിലര്‍ മികച്ച പ്രതികരണങ്ങള്‍ നേടി കുതിക്കുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ബാസ്‌കറ്റ്ബോള്‍ പരിശീലിപ്പിക്കാനെത്തുന്ന കോച്ചായാണ് ആമിര്‍ ചിത്രത്തില്‍ വേഷമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *