Your Image Description Your Image Description

കൊച്ചി: തൃക്കാക്കര നഗരസഭയിൽ കണക്കുകളിൽ 7.5 കോടി രൂപയുടെ ക്രമക്കേടെന്ന ഓഡിറ്റ് റിപ്പോർട്ട് തള്ളി ചെയർപേഴ്‌സൺ രാധാമണി പിള്ള രംഗത്ത്. നഗരസഭ ഭരണസമിതി അഴിമതി നടത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് വരാനിരിക്കെ മനപ്പൂർവം നഗരസഭയെ താഴ്ത്തിക്കെട്ടാനുള്ള നീക്കമാണിതെന്ന് സംശയിക്കുന്നതായും ചെയർപേഴ്‌സൺ പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചെയർപേഴ്‌സന്റെ പ്രതികരണം. നഗരസഭയിൽ 2021 മുതല്‍ 361 ചെക്കുകളില്‍ നിന്നായി ലഭിച്ച 7.50 കോടി രൂപ അക്കൗണ്ടിൽ എത്തിയില്ലെന്നും 2023ലെ ഓണാഘോഷ പരിപാടികള്‍ക്ക് 22.25 ലക്ഷം ചെലവഴിച്ചതിൽ വ്യക്തതയില്ലെന്നുമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ഈ ആരോപണങ്ങളെല്ലാം ചെയർപേഴ്‌സൺ തള്ളി.

വരുമാനമായി ലഭിച്ച 7.30 കോടി രൂപ കൃത്യമായി നഗരസഭ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. അത് ഓഡിറ്റ് ചെയ്യാനെത്തിയവർ അംഗീകരിച്ചില്ല. അതിന്റെ രേഖകളെല്ലാം കൈവശമുണ്ട്. ഓണാഘോഷത്തിന് ചെലവഴിച്ച പണത്തിന്റെയും കണക്കുകളും കൈവശമുണ്ട്. ഒരേ കൈപ്പടയിലുള്ള വൗച്ചറുകൾ ഉണ്ടാകാം. എന്നാൽ, പണം കൈപ്പറ്റിയത് വേറെ വേറെ ആളുകളാണ്. മരിച്ചവരുടെ പെൻഷൻ സംബന്ധിച്ച് കുടുംബാംഗങ്ങൾ അറിയിച്ചാലല്ലേ അത് മാറ്റാൻ സാധിക്കൂവെന്നും രാധാമണി പിള്ള ചോദിച്ചു. കോൺഗ്രസ് ആണ് തൃക്കാക്കര നഗരസഭ ഭരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *