Your Image Description Your Image Description

​ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന് പരസ്യം ചെയ്യുന്നതോടൊപ്പം പല വാ​ഗ്ദാനങ്ങളും തൊഴിലുടമകൾ നൽകാറുണ്ട്. ഇത്തരത്തിൽ ചൈനയിലെ ഒരു കമ്പനി പരസ്യത്തോടൊപ്പം നൽകിയിരിക്കുന്ന വാ​ഗ്ദാനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ലിഫ്റ്റ് സൗജന്യമായി ഉപയോ​ഗിക്കാം, സൗജന്യമായി ടോയ്‍ലെറ്റ് ഉപയോ​ഗിക്കാം, ഓവർടൈം വൈദ്യുതി നിരക്ക് ഈടാക്കില്ല എന്നൊക്കെയാണ് കമ്പനി നൽകുന്ന ഓഫർ. ഇതാണ് എല്ലാവരേയും ചിരിപ്പിച്ചിരിക്കുന്നത്. ഇതൊക്കെ എല്ലായിടത്തും അങ്ങനെ തന്നെയല്ലേ എന്നാണ് ചൈനയിലെ നെറ്റിസൺസിന്റെ ചോദ്യം.

ഏപ്രിൽ 29 -നാണ് 4.4 മില്ല്യൺ ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ അക്കൗണ്ടായ വർക്ക്‌പ്ലേസ് സ്ലാക്കേഴ്‌സിൽ ഈ അസാധാരണമായ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അതോടെ ജോലിക്ക് ആളെ തേടിയുള്ള ഈ പരസ്യം വലിയ ശ്രദ്ധ നേടുകയും ചെയ്തു. കമ്പനി ഏതാണ് എന്നോ, എന്താണ് ജോലി എന്നതോ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ, എക്സൽ വൈദഗ്ധ്യവും എക്സ്പീരിയൻസും ഉള്ള ആളുകളെയാണ് ജോലിക്ക് ആവശ്യം എന്ന് സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

രണ്ട് ഷിഫ്റ്റുകളാണ് ജോലിക്ക് ഉള്ളത്. എട്ട് മണിക്കൂറായിരിക്കും ജോലി ചെയ്യേണ്ടത്. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയുള്ളതാണ് ആദ്യത്തെ ഷിഫ്റ്റ്. രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 10 മണി വരെ ഉള്ളതാണ്. രണ്ടിലും ഒരോ മണിക്കൂർ നേരം ഇടവേള കിട്ടും. പ്രൊബേഷണറി കാലയളവിൽ മാസം ശമ്പളം 4,000 യുവാൻ (ഏകദേശം 46,903.36 രൂപ) ആയിരിക്കും. ജീവനക്കാർക്ക് മാസത്തിൽ നാല് ദിവസത്തെ അവധിയും ദേശീയ അവധി ദിവസങ്ങളിൽ ജോലി ചെയ്താൽ അന്നത്തെ തുക ഇരട്ടി കിട്ടുകയും ചെയ്യും.

ഉച്ചകഴിഞ്ഞുള്ള ചായ, രാത്രിയിലെ ലഘുഭക്ഷണങ്ങൾ എന്നിവയും കിട്ടും. ഒരു വർഷം ജോലി ചെയ്താൽ ജീവനക്കാർക്ക് മാസം 100 യുവാൻ ശമ്പളത്തിൽ വർധിക്കുമെന്നും വാ​ഗ്ദ്ധാനമുണ്ട്. എന്നാൽ, ഇതിനൊപ്പമാണ് സൗജന്യമായി ലിഫ്റ്റ്, ടോയ്ലെറ്റ് എന്നിവ ഉപയോ​ഗിക്കാൻ അനുവദിക്കും എന്ന് പറഞ്ഞിരിക്കുന്നത്.

എന്നാൽ‌, പരസ്യം വൈറലായി മാറിയതോടെ ആളുകൾക്ക് അതിൽ തമാശ തോന്നിയെങ്കിലും വലിയ വിമർശനവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. കമ്പനി പറയുന്ന ആനുകൂല്യങ്ങളെല്ലാം ഒരു തൊഴിലാളിക്ക് അവകാശപ്പെട്ടവ മാത്രമാണ് എന്നും ഇതിനെ വലിയ കാര്യമാക്കി കാണിക്കേണ്ടതില്ല എന്നുമാണ് പലരും പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *