Your Image Description Your Image Description

ശശികുമാര്‍, സിമ്രാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷന്‍ ജിവിന്ത് സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടൈയ്‌നര്‍ ചിത്രമാണ് ‘ടൂറിസ്റ്റ് ഫാമിലി’. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ മുന്നേറുന്ന കാഴ്ചയാണുണ്ടാകുന്നത്. ഇപ്പോഴിതാ സിനിമയുടെ പത്താം ദിന കളക്ഷന്‍ ആണ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

5.10 കോടിയാണ് ടൂറിസ്റ്റ് ഫാമിലി റിലീസ് ചെയ്ത് പത്താം ദിവസം സ്വന്തമാക്കിയത്. ഇത് ചിത്രം റിലീസ് ചെയ്ത് ഇതുവരെ ഉള്ളതിലെ ഏറ്റവും ഉയര്‍ന്ന വണ്‍ ഡേ കളക്ഷനാണ്. ഇതോടെ സിനിമയുടെ മുഴുവന്‍ കളക്ഷന്‍ 28.50 കോടിയായി. ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ 80 ലക്ഷത്തോളം നേടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന് കേരളത്തില്‍ നിന്നും ഒരു കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. അതേസമയം, ചിത്രം തമിഴ്‌നാട്ടില്‍ 50 കോടിയിലേക്ക് കുതിക്കുകയാണ്.

ചിത്രം കണ്ട് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വിളിച്ചെന്ന സന്തോഷവാര്‍ത്തയും സംവിധായകന്‍ അബിഷന്‍ പങ്കുവെച്ചിരുന്നു. ‘സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ എക്‌സ്ട്രാഓര്‍ഡിനറി’ എന്ന് രജനികാന്ത് പറഞ്ഞുവെന്നാണ് അബിഷന്‍ പങ്കുവെച്ച ചിത്രത്തിന്റെ ക്യാപ്ഷനില്‍ നിന്നും മനസിലാകുന്നത്. ‘ഈ ഫോണ്‍ കോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സൂപ്പര്‍ ഹ്യൂമനില്‍ നിന്ന് ഒരു സ്‌പെഷ്യല്‍ കോള്‍ ലഭിച്ചു’, എന്നാണ് അബിഷന്‍ ജിവിന്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസും ഒപ്പം എംആര്‍പി എന്റര്‍ടൈയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ടൂറിസ്റ്റ് ഫാമിലി നിര്‍മിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷന്‍ ജിവിന്ത് ആണ്. ഷോണ്‍ റോള്‍ഡന്‍ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സിനിമകള്‍ക്ക് സംഗീതമൊരുക്കിയതും ഷോണ്‍ റോള്‍ഡന്‍ ആയിരുന്നു. അരവിന്ദ് വിശ്വനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഭരത് വിക്രമന്‍ ആണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *