Your Image Description Your Image Description

ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസില്‍ അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തിന് അനുകൂലമായി വിധി വന്നു. ടെക് ഭീമനും ടെക്‌സസ് സംസ്ഥാനവും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തിന് ഒടുവിലാണ് വിധി വന്നിരിക്കുന്നത്. ഇതുപ്രകാരം ഏകദേശം 1.375 ബില്യണ്‍ ഡോളര്‍ (11,740 കോടി രൂപ) ഗൂഗിളിന് പിഴ അടയ്‌ക്കേണ്ടിവരും. ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ലൊക്കേഷന്‍ ഡാറ്റയും മുഖം തിരിച്ചറിയല്‍ വിവരങ്ങളും ട്രാക്ക് ചെയ്യുന്നെന്നും സംഭരിക്കുന്നെന്നും ആരോപിച്ച് 2022-ലാണ് ടെക്‌സസ് അറ്റോര്‍ണി ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്തതേ്. ഈ കേസിലാണ് ടെക്‌സസിന് അനുകൂലമായി ജഡ്ജി ഒടുവില്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

വളരെക്കാലം മുമ്പത്തെ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് തീര്‍പ്പുകല്‍പ്പിച്ചിട്ടുള്ളതെന്ന് ഗൂഗിള്‍ വക്താവ് പ്രതികരിച്ചു. ഇത്തരത്തിലുള്ള കേസുകൾ പലതും മറ്റ് സ്ഥലങ്ങളില്‍ ഇതിനകം പരിഹരിക്കപ്പെട്ടതാണ്. ഞങ്ങളുടെ സേവനങ്ങളില്‍ ശക്തമായ സ്വകാര്യതാ നിയന്ത്രണങ്ങള്‍ തുടരുമെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു. ഉപയോക്താക്കളുടെ ലൊക്കേഷന്‍ എങ്ങനെ ട്രാക്ക് ചെയ്തു എന്നതു സംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ചതിന് 40 സംസ്ഥാനങ്ങളുമായി ഒത്തുതീര്‍പ്പാക്കാന്‍ 2022-ല്‍ അവര്‍ നല്‍കിയ 391.5 മില്യണ്‍ ഡോളറിനേക്കാള്‍ മൂന്നിരട്ടിയിലധികമാണ് ഗൂഗിള്‍ ഇപ്പോള്‍ അടയ്ക്കാന്‍ സമ്മതിച്ച 1.375 ബില്യണ്‍ ഡോളര്‍ എന്നാണ് റിപ്പോർട്ട്.

ടെക്‌സസ് അറ്റോര്‍ണി ഗൂഗിളിനെതിരെ മാത്രമല്ല, മെറ്റയ്‌ക്കെതിരെയും കേസ് ഫയല്‍ ചെയ്തിരുന്നു. ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പിന്നിലുള്ള കമ്പനിയായ മെറ്റ, അതിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആളുകളുടെ ബയോമെട്രിക് ഡാറ്റ അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ടെക്‌സാസ് മെറ്റയുമായി 1.4 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഉറപ്പിച്ച് ഏകദേശം 10 മാസങ്ങള്‍ക്ക് ശേഷമാണ് ഗൂഗിളിന്റെ ഈ ഒത്തുതീര്‍പ്പ് വരുന്നത്. അതിനിടെ, കമ്പനിയുടെ കുത്തക എങ്ങനെ അവസാനിപ്പിക്കണം എന്നത് സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലാണ്. അമേരിക്കൻ സര്‍ക്കാരാണ് ഗൂഗിളിനെ കുത്തകയായി പ്രഖ്യാപിച്ചത്. അവര്‍ ചെറുകിട സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു എന്നതിനാല്‍, ഗൂഗിളിന്റെ ഭാഗത്തുനിന്നുള്ള നീതിരഹിതമായ നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്കൻ നീതിന്യായ വകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *