Your Image Description Your Image Description
പാലക്കാട്/ വടക്കഞ്ചേരി: ആധുനിക രീതിയിലുള്ള മികച്ച പഠനാന്തരീക്ഷം കുട്ടികൾക്ക് ഒരുക്കി നൽകേണ്ടത് മുഴുവൻ സമൂഹത്തിന്റെയും കടമയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇസാഫ് ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആയക്കാട് സി എ ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇസാഫ് ഗ്രൂപ്പ് ഏറ്റെടുത്തതിനുശേഷം നിരവധി വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിയിട്ടുള്ളത്. കുട്ടികളുടെ പഠനനിലവാരം മികച്ചതാക്കാൻ ഉദ്ദേശിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് സ്കൂൾ മാനേജ്മെന്റിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകൃതിക്ഷോഭം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ഉപകരിക്കുന്ന എയർ ലിഫ്റ്റിംഗ് സൗകര്യം സ്കൂൾ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ മന്ത്രി പ്രശംസിച്ചു. പി പി സുമോദ് എംഎൽഎ അധ്യക്ഷത വഹിച്ചു.
1941ൽ യശ്ശശരീരനായ ചാമി അയ്യരാണ് ആയക്കാട് സ്കൂളിന് തുടക്കമിട്ടത്. തുടർന്നിങ്ങോട്ട്, പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ ഉൾപ്പടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചു. 2018ൽ ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എൻ്റർപ്രൈസസിൻ്റെ ഭാഗമായ പ്രചോദൻ ഡെവലപ്മെൻ്റ് സർവീസസ് സ്കൂളിൻ്റെ പ്രവർത്തനം ഏറ്റെടുക്കുകയും നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പുതിയ അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് കെട്ടിടം, വിശാലമായ ഓഡിറ്റോറിയം, കായിക പരിശീലനത്തിനായി ബാസ്ക്കറ്റ് ബോൾ- ഇൻഡോർ കോർട്ടുകൾ എന്നിവയാണ് ഇസാഫ് ഗ്രൂപ്പ് പൂർത്തീകരിച്ചത്. കൂടാതെ, കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നതിനുള്ള ഗൂഗിൾ വർക്ക് സ്പേസ്, സ്കൂൾ വിദ്യാർത്ഥികൾ രൂപം നൽകിയ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയും ഉദ്ഘാടനം ചെയ്തു. സ്കൂളിൽ അഡോബി പാർട്ണർ പ്രൊജക്റ്റിനും തുടക്കമായി. ഇതിലൂടെ അഡോബി എക്സ്പ്രസിന്റെ വിവിധ ഡിസൈൻ സോഫ്റ്റ്വെയറുകൾ, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉള്ള ട്രെയിനിങ് ക്ലാസുകൾ, ബൂട്ട് ക്യാമ്പുകൾ, ക്രിയേറ്റിവിറ്റി ചലഞ്ചുകൾ എന്നിവ സംഘടിപ്പിക്കും.
ചടങ്ങിൽ ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ പോൾ തോമസ്, ഇസാഫ് ഗ്രൂപ്പ് സഹ സ്ഥാപകയും ആയക്കാട് സി എ ഹയർസെക്കൻഡറി സ്കൂൾ മാനേജരുമായ മെറീന പോൾ, കെ ഡി പ്രസേനൻ എംഎൽഎ, മുൻ മന്ത്രിമാരായ കെ ഇ ഇസ്മയിൽ, വി സി കബീർ, മുൻ എംഎൽഎമാരായ സി ടി കൃഷ്ണൻ, സി കെ രാജേന്ദ്രൻ, പ്രചോദൻ ഡെവലപ്മെന്റസ് സർവീസസ് ഡയറക്ടർ എമി അച്ചാ പോൾ, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ അനിത പോൾസൺ, മെമ്പർമാരായ അഡ്വ. കെ. പി. ശ്രീകല, ഉഷ കുമാരി, ഗിരിജ, കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമതി കെ, പുതുക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ടീച്ചർ, സ്കൂൾ പ്രിൻസിപ്പൽ അനൂപ് കെ, ഹെഡ് മിസ്ട്രസ് കെ. ജയവല്ലി, പിടിഎ പ്രസിഡൻ്റ് കെ. ഡി. ലെനിൻ, കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി ടി. ഓ. ഭാസ്ക്കർ, വേൾഡ് ഡിസൈൻ കൗൺസിൽ ഇന്ത്യൻ ഹെഡ് ഫിലിപ്പ് തോമസ്, ഇസാഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജേക്കബ് സാമുവേൽ, ഇസാഫ് അഗ്രോ കോ ഓപ്പറേറ്റീവ് ചെയർപേഴ്സൺ സെലീന ജോർജ്, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കെ. ജോൺ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, സെഡാർ റീട്ടെയിൽ മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *