Your Image Description Your Image Description

മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നിര്‍ത്തിവെച്ചതിന് പിന്നാലെ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കേണ്ട ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യ പിന്‍മാറി. ഇന്ത്യ പിന്‍മാറിയതോടെ ടൂര്‍ണമെന്‍റ് നടക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് കൂടി കണക്കിലെടുത്ത് ടി20 ഫോര്‍മാറ്റിലായിരുന്നു ഇത്തവണ ടൂര്‍ണമെന്‍റ് നടക്കേണ്ടിയിരുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിലായിരുന്നു മത്സരിക്കേണ്ടത്. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളും ഏഷ്യാ കപ്പില്‍ മത്സരിക്കുന്നുണ്ട്. ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യൻമാര്‍ കൂടിയാണ് ഇന്ത്യ. മത്സരത്തിന്‍റെ വേദികളും മത്സരക്രമവും ഇതുവരെ തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല.

നേരത്തെ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. പ്ലേ ഓഫിന് മുമ്പ് 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു ബിസിസിഐ നിര്‍ണായക തീരുമാനം എടുത്തത്. ഐപിഎല്‍ പൂര്‍ണമായും റദ്ദാക്കിയിട്ടില്ലെന്നും സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം സര്‍ക്കാര്‍ നിര്‍ദേശം കൂടി ലഭിച്ചശേഷമെ എപ്പോള്‍ പുനരാരംഭിക്കാനാവുമെന്ന് പറയാനാവൂ എന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.

അടുത്ത മാസം 20 മുതല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലും ഇന്ത്യൻ ടീം കളിക്കുന്നുണ്ട്. അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *