Your Image Description Your Image Description

കഴിഞ്ഞ കുറെ നാളുകളായി കെപിസിസി പ്രസിഡണ്ടിനെ മാറ്റുന്നില്ല മാറ്റുന്നില്ലന്ന മുറളിയായിരുന്നു . അതിനൊരു തീരുമാനമായപ്പോൾ സണ്ണി ജോസഫ് ആണോ പുതിയ കെപിസിസി പ്രസിഡണ്ട് എന്ന നിലയിലേക്കാണ് പുതിയ ചർച്ചകളെത്തിയത് .

മലബാറിന് പുറത്തേക്ക് അറിയപ്പെടാത്തവൻ, ഫോട്ടോ കണ്ടാൽ ആരും തിരിച്ചറിയാത്തവൻ എന്നെല്ലാം പറഞ്ഞു കോൺഗ്രസുകാർ തന്നെയാണ് ആദ്യം പൊങ്കാലയുടെ രംഗത്തുവന്നത്. അവർ പറയുന്നത് ഏറ്റു പറഞ്ഞുകൊണ്ട് മറ്റുചില താല്പര്യക്കാരും രംഗത്തെത്തി .

തൊടുപുഴ താലൂക്കിൽ നിന്നും കുടിയേറ്റം നടത്തിയിട്ടുള്ള കുടുംബത്തിൽപ്പെട്ട സണ്ണി ജോസഫിനെ കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരും അറിയുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.
ഏതായാലും നമുക്ക് ഒരു മാർ പാപ്പായെ കിട്ടിയെന്ന് വത്തിക്കാനിൽ വിളംബരം നടക്കുന്നതിന് തൊട്ടുമുമ്പ് നിങ്ങൾക്കൊരു പാപ്പയായിയെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചത് നന്നായി.

അതും ഒരു കത്തോലിക്കനെ തന്നെ.” പണിക്കാർ ഉപേക്ഷിച്ച കല്ല് തന്നെ മൂലക്കല്ലായി തിരഞ്ഞടുത്തു “എന്ന് ബൈബിളിൽ ഒരു വാക്യമുണ്ട്. ഗോലിയാത്തിനെ നേരിടാൻ ദാവീദിനെ നിയോഗിച്ചതുപോലെയാണ് പിണറായി വിജയനെയും പാർട്ടിയെയും നേരിടാൻ സണ്ണിയെ നിയോഗിച്ചിരിക്കുന്നത്. അതും കോൺഗ്രസുകാരാൽ ഉപേക്ഷിക്കപ്പെട്ട ഒരു കണ്ണൂർ കുടിയേറ്റക്കാരൻ .

എന്തൊക്കെ പറഞ്ഞാലും വളരെ കരുതലോടെ ആലോചനയോടെ ചെയ്ത പുനസംഘടനയാണ്.
എല്ലാ ജാതി മതസ്ഥർക്കും ഗ്രൂപ്പുകൾക്കും അർഹിക്കുന്ന രീതിയിലുള്ള പ്രാതിനിധ്യം പുതിയ ഭാരവാഹി ലിസ്റ്റിൽ കൊടുത്തിട്ടുണ്ട്.

എല്ലാവരും ശ്രദ്ധിക്കുന്നത് പ്രസിഡണ്ടിനെ ആണ് എന്ന് മാത്രം. ചില കോൺഗ്രസുകാർ ആക്ഷേപിക്കുന്നതുപോലെ മലബാറിൽ മാത്രം അറിയപ്പെടുന്ന ഒരാളല്ല സണ്ണി ജോസഫ്. കഴിഞ്ഞ 14 വർഷമായി കേരള നിയമസഭയിൽ നിറ സാന്നിധ്യമുള്ള ഒരാളാണ്.

1982 ൽ ആന്റണി നയിച്ചിരുന്ന കോൺഗ്രസ് എ യുടെ യൂത്ത് വിഭാഗത്തിൽ കണ്ണൂരിൽ നേതാവായിരുന്നു സണ്ണി ജോസഫ്. ആന്റണി ഐ ഗ്രൂപ്പിൽ ലയിച്ചതോടെയാണ് സണ്ണിയും മുഖ്യധാരാ കോൺഗ്രസിന്റെ ഭാഗമായി മാറി.

മട്ടന്നൂർ കോടതിയിലെ വക്കിൽ പണിയോടൊപ്പം കോൺഗ്രസ് രാഷ്ട്രീയവും തുടർന്നു.
80 കളുടെ ഒടുവിൽ തൊണ്ണൂറുകളുടെ ആദ്യമായി കെ സുധാകരൻ ജനതാ പാർട്ടി വിട്ട് കോൺഗ്രസിൽ ലയിച്ച കാലത്ത് സുധാകരനുമായി ചേർന്ന പ്രവർത്തനം. സുധാകരൻ ഡിസിസി പ്രസിഡണ്ട് ആയപ്പോൾ സണ്ണി ഡിസിസി സെക്രട്ടറിയായിരുന്നു.

സുധാകരൻ മന്ത്രിയായി മാറിയപ്പോൾ സണ്ണി ഡിസിസി പ്രസിഡണ്ടായി. 2011 തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്തു. വലിയ ബഹളം വെച്ച് കാടിളക്കി ജനങ്ങളെയും കൂടെയുള്ളവരെ വെറുപ്പിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഒരാളല്ല സണ്ണി ജോസഫ്. സൗമ്യനായി നിന്ന് ചെറുപുഞ്ചിരിയോടെ ആരെയും വെറുപ്പിക്കാതെ കാര്യങ്ങൾ നടത്താൻ പ്രാപ്തിയുള്ളവനാണ് നീയുക്ത പ്രസിഡന്റ്. സണ്ണിയുടെ നിറഞ്ഞ ചിരി കാണുമ്പോൾ തന്നെ എതിരാളിയുടെ ചിറകൊടിയും

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ആര് പ്രസിഡണ്ടായി വന്നാലും ഗ്രൂപ്പിന്റെ പേരിലും സ്വന്തം പേരിലും പ്രശ്നമായി തീരുന്ന ഈ സമയത്ത് സണ്ണി ജോസഫ് എന്തുകൊണ്ടും കൊള്ളാവുന്ന ഒരാളാണന്ന് പറയാതെ വയ്യ.

കല്ലും മുള്ളും പാമ്പും പഴുത്തറയുമൊക്കെ യുള്ള കോൺഗ്രസിനെ അടുത്ത ഒരു വർഷം നയിക്കുകയും ഭരണത്തിലെത്തിക്കുകയും ചെയ്യുകയെന്നുള്ളത് സണ്ണിക്ക് വലിയ വെല്ലുവിളി തന്നെയാണ്.
ധീരമായ നിലപാടെടുക്കുവാൻ മടിയില്ലാത്തവനാണ് സണ്ണി ജോസഫ്. അത് തുറന്നു പറയുവാനും സണ്ണി മടിക്കാറില്ല.

കോൺഗ്രസിന്റെ ആ ജന്മ ശത്രുവായ കെഎം മാണിയുടെ മരണ ദിനത്തിൽ ,തന്നെ സഹായിച്ച കെഎം മാണിയെ ഓർമ്മിക്കുവാനും അത് തുറന്നു പറയുവാനും സണ്ണി തയ്യാറായി എന്നത് ചെറിയ കാര്യമല്ല.
കെഎം മാണിയെ ആരെങ്കിലും നല്ലത് പറഞ്ഞാൽ അവൻ പാർട്ടിയിൽ നിന്നും പുറത്തു പോകുന്ന അവസ്ഥയുള്ള കാലത്താണ് , തന്നെ കെഎം മാണി സഹായിച്ച കാര്യം പരസ്യമായി സണ്ണി വിളിച്ചുപറഞ്ഞത്.

സണ്ണി ആദ്യം എംഎൽഎ ആയി നിയമസഭയിലെത്തുന്ന കാലം. കാര്യങ്ങൾ എങ്ങനെയാണ് ചെയ്യേണ്ടതന്നെല്ലാം പഠിച്ചു വരുന്നേയുള്ളൂ. അതിനിടയിലാണ് കെഎം മാണി തന്റെ ബഡ്ജറ്റിൽ 10 താലൂക്കുകളെ പ്രഖ്യാപിക്കുന്നത്. സണ്ണിക്കാകെ സങ്കടമായി. മാണി സാറിനോട് പറഞ്ഞിരുന്നുവെങ്കിൽ ഇരിട്ടിയിലും ഒന്ന് കിട്ടിയേനെയെന്ന് ആരോ പറഞ്ഞതനുസരിച്ച് മാണിസാറിനെ ഒന്നുപോയി കാണാമെന്ന് കരുതി.

സണ്ണി സമയം കഴിഞ്ഞു പോയല്ലോ കുറച്ചു കൂടി നേരത്തെ പറയേണ്ടതായിരുന്നില്ലേ എന്ന മുഖവരെയോടെ സംസാരം ആരംഭിച്ച കെഎം മാണി ഒരു പുതിയ താലൂക്ക് രൂപീകരിക്കുമ്പോൾ ഉള്ള ഭരണ ചെലവും അത് ബഡ്ജറ്റ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും എല്ലാം പറഞ്ഞു ബോധിപ്പിച്ചു.

ഏതായാലും സണ്ണി നിരാശപ്പെടേണ്ട എന്നൊരു വാക്കും കെഎം മാണി കൊടുത്തു . ഏതായാലും ബഡ്ജറ്റ് ചർച്ചയുടെ അവസാന ഭാഗത്ത് സണ്ണി ജോസഫിന്റെ ആവശ്യപ്രകാരം ഇരിട്ടിയെയും ഒരു താലൂക്ക് ആയി പ്രഖ്യാപിക്കുന്നുവെന്ന് കെഎം മാണി പ്രസംഗിച്ചപ്പോൾ സണ്ണിക്ക് സന്തോഷം സഹിക്ക വയ്യായിരുന്നു.

റവന്യൂ വകുപ്പിലും ധനവകുപ്പിലും കോൺഗ്രസുകാർ ഭരിച്ചിരുന്ന കാലത്ത് പലരും പലവട്ടം ആവശ്യപ്പെട്ട ഇരിട്ടി താലൂക്കാണ് കോൺഗ്രസിന്റെ ശത്രുപക്ഷത്തു നിൽക്കുന്ന മന്ത്രി ചുരുങ്ങിയ സമയം കൊണ്ട് ശരിയാക്കി കൊടുത്തത്.

സാധാരണഗതിയിൽ അങ്ങനെ ഒരാൾ ,ഒരു കാര്യം ചെയ്തു കൊടുത്താലായാലും കെഎം മാണിയുടെ ശത്രു ആകേണ്ടതാണ്. അവിടെയാണ് സണ്ണിയുടെ വ്യക്തിത്വം അത് തുറന്നു പറയുവാൻ ഒരു മടിയും കാണിക്കുന്നില്ല.

കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം സഭയുടെ നല്ലൊരു കുഞ്ഞാട് ആണ് സണ്ണി ജോസഫ്. സഭയ്ക്ക് അതീതമായി എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് പോകാൻ സാധിക്കുന്ന ഒരാളും കൂടിയാണ് പുതിയ കെപിസിസി പ്രസിഡണ്ട്.

കോൺഗ്രസിനെ നാശത്തിന്റെ പടികുഴിയിലേക്ക് തള്ളാൻ കൂട്ടുനിന്നവനാണെങ്കിലും കെസി ജോസഫ് പറഞ്ഞത് ഓരോ കോൺഗ്രസുകാരനും കേൾക്കണം. കേരളത്തിലെ കോൺഗ്രസിന്റെ അവസാനത്തെ വണ്ടിയാണ് 2026ൽ കടന്നുപോകുവാൻ പോകുന്നത്.

ആ വണ്ടിയിൽ ഇടം കിട്ടിയില്ലങ്കിൽ ഇനി ജീവിതത്തിൽ ഒരിക്കലും കോൺഗ്രസിന് കേരളത്തിൽ ഭരണം കിട്ടുമെന്ന് വിചാരിക്കണ്ട . എല്ലാരും കൂടി പഠിച്ചു ഭരിച്ച് ഭാരതത്തിന്റെ ഭരണം ഇനി ജീവിതത്തിൽ തിരിച്ചു കിട്ടാത്ത രീതിയിൽ കൈവിട്ടു പോവുകയും ചെയ്ത കോൺഗ്രസ് ഈ ഭൂഖണ്ഡത്തിൽ നിന്നു തന്നെ അപ്രത്യക്ഷമാകുന്ന സമയമാണ്. അതുകൊണ്ട് സൂക്ഷിക്കുക, നാവടക്കുക ,പണിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *