Your Image Description Your Image Description

മലങ്കര സഭയിൽ 1958 സെപ്റ്റംബർ 14-നു അന്നത്തെ മെത്രാന്മാരായിരുന്ന ഏബ്രഹാം മാർ ക്ലിമ്മീസ്‌ , ഗീവർഗീസ്‌ മാർ ഗ്രീഗോറിയോസ്‌ , പൗലൂസ്‌ മാർ സേവേറിയോസ്‌ , പൗലോസ്‌ മാർ പീലക്സീനോസ്‌ എന്നിവർ ചേർന്ന് സംയുകതമായി എഴുതിയ വളരെ ശ്രദ്ധേയമായ ഒരു കൽപ്പനയുണ്ട് .

1958 സെപ്റ്റംബർ 12-നു മലങ്കര സഭാ കേസിൽ അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ നിന്നുള്ള സുപ്രീം കോടതിയുടെ വിധി വന്നതിന്റെ രണ്ടു ദിവസങ്ങൾ കഴിഞ്ഞു ബാവാക്കക്ഷിയിലെ ചഞ്ചല ചിത്തരായ വിശ്വാസികളെ ഉറപ്പിച്ചു നിർത്തുവാൻ വേണ്ടി തട്ടിക്കൂട്ടിയതായിരുന്നു ഈ സംയുക്‌ത കൽപ്പന.

ദൃശ്യ സഭയുടെ ദൃശ്യ തലയും, അന്ത്യോഖ്യായും പത്രോസും സിംഹാസനവുമൊക്കെ സവിസ്ഥരം പ്രതിപാദിക്കുന്ന ഈ കൽപ്പനയിൽ പറയുന്നത്‌ ഇപ്രകാരമാണ്‌: “ലൗകീക കോടതികൾ എങ്ങനെ വിധി എഴുതിയാലും, നമുക്കു ജീവനും ചൈതന്യവുമുള്ളടത്തോളം കാലം നമ്മുടെ പിതാക്കന്മാരുടെ വീരരക്തം നമ്മുടെ സിരകളിൽ ഒഴുകിക്കൊണ്ടിരിക്കുന്നിടത്തോളം കാലം വിശ്വാസ സത്യങ്ങൾ ബലി കഴിക്കപ്പെടാവുന്നവയല്ല.

” സത്യ വിശ്വാസം, പാറ, പാതാള ഗോപുരങ്ങൾ എന്നീ പദപ്രയോഗങ്ങളെല്ലാം ഈ കൽപ്പനയിലുമുണ്ട്‌. ഇത്ര പ്രൗഢവും അർത്ഥഗംഭീരവുമായ കൽപ്പന എന്നൊക്കെയാണ്‌ ഈ കൽപ്പനയെ വിശേഷിപ്പിച്ചിരിക്കുന്നത്‌. മനോരമയെ ഇന്നു തെറി പറയുന്നവർ ഇതു പ്രസിദ്ധീകരിച്ചിരിക്കുന്നതും മനോരമ പത്രത്തിൽത്തന്നെ.

അന്ന് പറഞ്ഞ സംഗതികളൊക്കെത്തന്നേയല്ലേ ഇന്നും പറയുന്നത്‌? എന്തെങ്കിലും മാറ്റമുണ്ടൊ? പിന്നെ എന്തിനിവർ യോജിച്ചു? ഇതെല്ലാം എഴുതി വിട്ടു ജനത്തെ ആവേശഭരിതരാക്കി പ്രകമ്പനം കൊള്ളിച്ചു നിർത്തിയവർ വെറും മൂന്നു മാസങ്ങളും രണ്ടു ദിവസങ്ങളും കഴിഞ്ഞപ്പോൾ, അതായത്‌ 92-ആം ദിവസം മലക്കം മറിഞ്ഞു.

വിശ്വാസികളുടെ കാലു വാരി. 1958 ഡിസംബർ 16-നു അർദ്ധരാത്രിയിൽ, സമാധാന കൽപ്പനകൾ കൈമാറി സഭ ഒന്നായി. ഇന്നും അതുതന്നെ ആവർത്തിക്കില്ലാ എന്നതിന്‌ ‌ എന്താണുറപ്പ്‌ ? തീവ്രവാദികളായ കുറെ വിശ്വാസികൾ അന്ത്യോഖ്യാ മലങ്കര ബന്ധം വിളിച്ചാലോ, അശ്ലീലങ്ങളോ അസഭ്യങ്ങളോ സോഷ്യൽ മീഡിയയിൽ എഴുതി നിറച്ചാലോ എന്തു പ്രയോജനം?

അന്നു കോടതിച്ചിലവായി വിധിച്ച വലിയൊരു തുക തരപ്പെടുത്തുവാൻ ഓടി നടന്നിട്ടു തരപ്പെടാഞ്ഞതുകൊണ്ട്‌ സമാധാന പ്രക്രിയ എളുപ്പമായി. എന്നാൽ കോടതിച്ചിലവ്‌ എന്ന വെള്ളിടി ഇപ്പോഴത്തെ വിധിയിൽ ഇല്ലാത്തതുകൊണ്ട്‌, സമാധാനം എന്നത്‌ ഇന്ന് അൽപ്പംകൂടി താമസിച്ചേക്കാം.

എങ്കിലും അവസാനം ഒന്നാവുകയേ നിവൃത്തിയുള്ളു. കാരണം കോടതിച്ചിലവിനേക്കാൾ കഠിനമാണ്‌ 1664 പള്ളികൾ നഷ്ടപ്പെടുക എന്നത്‌. അതും തങ്ങളുടെ പൂർവ്വീകർ ശയിക്കുന്ന സെമിത്തേരിയുൾപ്പടെ നഷ്ടപ്പെടുന്നത്‌ അസഹനീയമല്ലേ ? അവയൊക്കെ 1934 ഭരണഘടനക്കു വിധേയമായിട്ടേ ഭരിക്കാൻ പറ്റുകയുള്ളു.

കേസുകൾ അവധിക്കുവച്ച്‌ എത്രനാൾ മുമ്പോട്ടു പോകാൻ സാധിക്കും? അതൊന്നും ശാശ്വത പരിഹാരങ്ങൾ അല്ലല്ലൊ? പുതിയ പള്ളികൾ പണിയാമെന്നു കരുതിയാലും, വൈദീകർക്കോ മെത്രാന്മാർക്കോ എന്തു നഷ്ടം? വിശ്വാസികളല്ലേ പള്ളികൾ നിർമ്മിക്കാൻ പണം ഉണ്ടാക്കേണ്ടത്‌ ?

അതുകൊണ്ട് ഇത് പോലെയുള്ള തീരുമനങ്ങളെടുക്കുമ്പോൾ, അവരൊട്ട്‌ അറിയുകയുമില്ല. നാളെയും ഇതൊക്കെയേ സംഭവിക്കൂ എന്നു വിശ്വാസികൾ ഓർത്തിരുന്നാൽ നന്ന്‌.

Leave a Reply

Your email address will not be published. Required fields are marked *