Your Image Description Your Image Description

ചെലവ് ലാഭിക്കുന്നതിനായി ഇലക്ട്രിക് വാഹനം വാങ്ങാൻ പദ്ധതിയിടുന്ന കേരളത്തിലുള്ളവരെല്ലാം ഒരുപോലെ കരയുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പുതിയ നിയന്ത്രണമനുസരിച്ച് രാത്രിയിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിന് കൂടുതൽ ചെലവ് വരുമെന്നാണ് അറിയാൻ കഴിയുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ടൈം ഓഫ് ഡേ (ToD) ബില്ലിംഗ് പരിഷ്ക്കരിച്ച് കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതനുസരിച്ച് രാത്രിയിൽ ഇവികൾ ചാർജ് ചെയ്യുന്നതിന് 30 ശതമാനത്തോളം അധിക ചെലവ് വരും. സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ ചാർജിംഗ് പ്രക്രിയയെ രണ്ട് സമയ മേഖലകളായി തിരിച്ച് ഉത്തരവായതാണ് ശ്രദ്ധേയം. ഇതിൽ ‘സോളാർ പിരീഡ്’ എന്ന് വിളിക്കുന്ന ആദ്യ സമയ മേഖല രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും ഇടയിലാണ്. ഈ സമയയത്ത് പബ്ലിക് ഇവി ചാർജിംഗ് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹന ഉപയോക്താക്കളിൽ നിന്നും സ്റ്റാൻഡേർഡ് നിരക്കുകളേക്കാൾ 30 ശതമാനം ബിൽ ഈടാക്കും. രണ്ടാമത്തേത് ‘ നോൺ സോളാർ പിരീഡ്’ എന്ന് വിളിക്കപ്പെടുന്നതാണ്. ഇതിൽ വൈകുന്നേരം നാലിനും രാവിലെ ഒമ്പതിനും ഇടയിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുകയാണെങ്കിൽ സ്റ്റാൻഡേർഡ് താരിഫ് നിരക്കിനേക്കാൾ 30 ശതമാനം കൂടുതൽ നൽകേണ്ടിവരും. താരിഫ് മാറ്റങ്ങൾ ഹോം ചാർജറുകൾക്കല്ല മറിച്ച് ചാർജിംഗ് സ്റ്റേഷനുകൾക്കാണ് ബാധകം കേട്ടോ. ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയതിനെത്തുടർന്നാണ് റെഗുലേറ്ററി കമ്മീഷൻ നിരക്കുകൾ പരിഷ്ക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ കേരളത്തിൽ മൂന്ന് സോണുകളാണ് ടിഒഡി ബില്ലിംഗിനായുള്ളത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയും, വൈകുന്നേരം 6 മുതൽ രാത്രി 10 വരെയും, രാത്രി 10 മുതൽ രാവിലെ 6 വരെയുമാണ് ഈ സമയക്രമം. ഇതാണ് സോളാർ പിരീഡും നോൺ സോളാർ പിരീഡുമായി പരിഷ്ക്കരിക്കുന്നത്. സ്റ്റാൻഡേർഡ് നിരക്കിൽ വാഹനം ചാർജ് ചെയ്യാൻ 100 ചെലവഴിച്ചാൽ സോളാർ പിരീഡിൽ അത് 70 രൂപയായി കുറയും. അതുപോലെ, നോൺ സോളാർ പിരീഡിൽ അതായത് രാത്രിയിൽ ഒരു ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിന് സ്റ്റാൻഡേർഡ് താരിഫ് നിരക്കിനേക്കാൾ 30 ശതമാനം അല്ലെങ്കിൽ 130 രൂപ അധികം മുടക്കേണ്ടതായും വരും. രാത്രിയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് നിരുത്സാഹപ്പെടുത്താനും സോളാർ പീരീഡ് ഉപയോഗിക്കാനുമാണ് ഈ നീക്കം. നിലവിൽ, സൗരോർജ്ജം ഉപയോഗിക്കുന്ന ചാർജിംഗ് സ്റ്റേഷനുകൾ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുന്നത് പകൽ സമയത്താണ്. രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും ഇടയിൽ പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്നതാണ് കാരണം. വൈദ്യുതി ഉപയോഗിച്ചില്ലെങ്കിൽ വൈകുന്നേരം നാലിനും രാവിലെ ഒമ്പതിനും ഇടയിൽ ഗ്രിഡിലേക്ക് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 53 ശതമാനം മാത്രമേ നഷ്ടപ്പെടുകയുള്ളൂ. പകൽ സമയ ചാർജിംഗ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം എങ്കിലും മിക്ക ഉപയോക്താക്കളും പകൽ സമയത്ത് ഇലക്ട്രിക് വാഹനങ്ങളുമായി ജോലിക്കോ പുറത്തോപോവുമെന്നതിനാൽ പുതിയ തീരുമാനം തിരിച്ചടിയാവും. പൊതുവെ പകൽ സമയത്തെ കറക്കമെല്ലാം കഴിഞ്ഞ് ആളുകൾ രാത്രിയിലാണ് ഇവികൾ ചാർജ് ചെയ്യാനിടുന്നത്. ഇത്തരക്കാർക്ക് ഇനിയുള്ള ദിനങ്ങൾ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. എന്നാൽ പകൽ ചാർജ് ചെയ്യാൻ അവസരം ലഭിക്കുന്നവർക്ക് സോളാർ പിരീഡിലെ ഇളവ് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും. ഇത് അവരുടെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് കൂടുതൽ ലാഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *