Your Image Description Your Image Description

പണ്ടത്തെ ഹിമാലയനെ സ്നേഹിക്കുന്നവർക്കായി കമ്പനി ഈ ജനുവരിയിൽ സ്ക്രാം 440 അവതരിപ്പിക്കുകയുണ്ടായി. പണ്ടത്തെ സ്ക്രാം 411 ബൈക്കിന്റെ പുതുക്കിയ മോഡലായി വിപണിയിലെത്തിയ വണ്ടിക്ക് പ്രത്യേക ഫാൻബേസ് തന്നെയുണ്ട്. പക്ഷേ ഇത് വാങ്ങാനിരുന്നവർക്കും വാങ്ങിയവർക്കും നിരാശ നൽകുന്നൊരു വാർത്തയാണ് ഇപ്പോൾ റോയൽ എൻഫീൽഡിൽ നിന്നും പുറത്തുവരുന്നത്. ചില നിർമാണ തകരാറുകൾ കാരണം റോയൽ എൻഫീൽഡ് സ്ക്രാം 440 മോട്ടോർസൈക്കിളിന്റെ ബുക്കിംഗും വിൽപ്പനയും താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് കമ്പനി. ചില സ്‌ക്രാം 440 ഉപയോക്താക്കൾ വാഹനം വാങ്ങിയത് മുതൽ ചെറിയ തകരാറുകൾ നേരിടുന്നുണ്ടെന്ന് ഡീലർഷിപ്പുകളെ അറിയിച്ചിരുന്നു. എഞ്ചിൻ കുറച്ച് സമയത്തേക്ക് പ്രവർത്തിച്ചിട്ടും സ്റ്റാർട്ട് ആകുന്നില്ലെന്നതായിരുന്നു ആളുകൾ നേരിട്ടിരുന്ന പ്രശ്‌നം. ട്രാഫിക് സിഗ്നലുകളിലെല്ലാം ബൈക്ക് നിർത്തിയിട്ടാൽ പിന്നീട് സ്റ്റാർട്ടാവാൻ മടികാണിച്ചിരുന്നുവെന്ന് നിരവധി ആളുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. മാഗ്നെറ്റോയിലെ വുഡ്രഫ് കീ എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഘടകവുമായി ബന്ധപ്പെട്ടതാണ് ഈ തകരാർ. ഇത് അടിസ്ഥാനമാക്കിയാണ് സ്ക്രാം 440 പതിപ്പിന്റെ ബുക്കിംഗും വിൽപ്പനയും താത്ക്കാലികമായി നിർത്തിവെക്കാൻ റോയൽ എൻഫീൽഡ് ഉത്തരവിട്ടിരിക്കുന്നത്. എന്നിരുന്നാലും ബൈക്കിന്റെ എല്ലാ മോഡലുകളേയും പ്രശ്‌നം ബാധിക്കപ്പെട്ടിട്ടില്ലെന്നും ബ്രാൻഡ് പറയുന്നുണ്ട്. ചില ബൈക്കുകളിൽ മാത്രമേ എഞ്ചിൻ സ്റ്റാർട്ട് പ്രശ്‌നം സംഭവിച്ചിട്ടുള്ളൂവെന്നതിനാൽ ഇതൊരു വ്യാപകമായ തകരാർ ആയിരിക്കില്ല. ഇതുവരെ വിപണനം ചെയ്‌തിരിക്കുന്നതിൽ ഏകദേശം 2 ശതമാനം ബൈക്കുകളെ മാത്രമേ ഈ പ്രശ്‌നം ബാധിച്ചിരിക്കൂവെന്നാണ് റോയൽ എൻഫീൽഡിന്റെ കണക്കുകൂട്ടലുകൾ. എവിടേക്കെങ്കിലും യാത്ര പോവുമ്പോൾ റൈഡർമാർ കുടുങ്ങിപ്പോകാനുള്ള സാധ്യതയുള്ളതിനാൽ പ്രശ്നം പരിഹരിക്കാൻ റോയൽ എൻഫീൽഡ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. എന്തായാലും ഈ നിർമാണ തകരാർ കമ്പനി ഫ്രീയായി തന്നെ പരിഹരിച്ച് നൽകുമെന്നാണ് വിവരം. സൈഡ് കവറുകളും മാഗ്നെറ്റോ കവറുകളും നീക്കം ചെയ്യേണ്ടിവരുന്ന ജോലിയായതിനാൽ ബാധിക്കപ്പെട്ട ബൈക്കുകൾ നന്നാക്കാൻ ഏകദേശം 1-2 മണിക്കൂർ എടുത്തേക്കാം. എത്രയും വേഗം പ്രശ്‌നം പരിഹരിച്ച് സ്ക്രാം 440 മോഡലിനായുള്ള ബുക്കിംഗ് പുനരാരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനോടകം മോട്ടോർസൈക്കിൾ ബുക്ക് ചെയ്‌ത് കാത്തിരിക്കുന്നവർക്കായുള്ള ഡെലിവറികളും ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിറ്റി, ഓഫ്-റോഡ് സാഹചര്യങ്ങൾക്ക് ആവശ്യമായ ശക്തമായ ലോ-എൻഡ് ടോർക്ക് ഉള്ള ഒരു പുതിയ 440 സിസി എൽഎസ് എഞ്ചിനാണ് റോയൽ എൻഫീൽഡ് സ്‌ക്രാം 440 മോഡലിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 443 സിസി, എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിന് 25.4 bhp കരുത്തിൽ പരമാവധി 34 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിക്കുന്ന എഞ്ചിന് 3 mm വലിയ ബോറുണ്ട്. ഇത് 4.5 ശതമാനം കൂടുതൽ പവറും 6.5 ശതമാനം കൂടുതൽ ടോർക്കും വികസിപ്പിക്കാൻ സഹായിക്കും. സ്‌ക്രാം 411 മോഡലിലെ 5-സ്പീഡ് ഗിയർബോക്‌സിനെ അപേക്ഷിച്ച് 440 വേരിയന്റിന് 6-സ്പീഡ് ട്രാൻസ്മിഷനാണ് ലഭിക്കുന്നത്. ഒരു അധിക ഗിയർ ലഭിച്ചതോടെ ബൈക്കിന് ഹൈവേ റൈഡിംഗ് കൂടുതൽ സുഗമമാക്കിയിട്ടുണ്ട്. ആറാമത്തെ ഗിയർ വൈബ്രേഷൻ കുറയ്ക്കുന്നതിനും ഇന്ധന ഉപഭോഗം വർധിപ്പിക്കുന്നതിനുമായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നതെന്നും കമ്പനി പറയുന്നു. നിലവിൽ 2.08 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ മോട്ടോർസൈക്കിൾ വാങ്ങാനാവും. ട്രെയിൽ, ഫോഴ്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡ് സ്ക്രാം 440 ട്രെയിൽ വേരിയന്റ് ബ്ലൂ അല്ലെങ്കിൽ ഗ്രീൻ കളർ ഓപ്ഷനിൽ വാങ്ങാനാവുമ്പോൾ സ്ക്രാംബ്ലർ ബൈക്കിന്റെ ഫോഴ്‌സ് പതിപ്പ് ബ്ലൂ, ഗ്രീൻ, ടീൽ എന്നീ നിറങ്ങളിൽ സ്വന്തമാക്കാൻ അവസരമുണ്ട്. ആദ്യത്തേത് വയർ-സ്‌പോക്ക്ഡ് വീലുകളിലും രണ്ടാമത്തേത് അലോയ് വീലിലുമാണ് വരുന്നത് എന്നതും ഒരു പ്രത്യേകതയായി എടുത്ത് പറയാനാവുന്ന സംഗതിയാണ്. ട്യൂബ്‌ലെസ് ടയറുകളുമാണ് ഒരുക്കിയിട്ടുണ്ടെന്നതിനാൽ പ്രായോഗികതയും വർധിക്കും.

Leave a Reply

Your email address will not be published. Required fields are marked *