Your Image Description Your Image Description

ഇന്ത്യക്കാർ കാത്തിരുന്ന സുവർണ നിമിഷമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്നലെ നടന്നത്. ഭീകരാക്രമണത്തിന് തിരിച്ചടി നൽകുന്ന ഓരോ നിമിഷങ്ങളിലും ഓരോ ഇന്ത്യക്കാരന്റെയും രക്തം തിളക്കുകയാണ്. എല്ലാ ഇന്ത്യക്കാരും ഒരേ മനസ്സും ഒരേ ശരീരവുമായി ഓപ്പറേഷൻ സിന്ദൂറിനു പിന്തുണ നൽകുന്നു. എന്നാല്‍, ഓരോ മനുഷ്യരുടെയും ഉള്ളിൽ ഉണരുന്ന ചോദ്യമാണ്, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം എന്തായിരിക്കും ‘പാകിസ്താന്റെ ഭാവി’ എന്നത്. പാകിസ്താന്റെ ചരിത്രത്തില്‍ ഭൂരിഭാഗവും രാജ്യം ഭരിച്ചിരുന്നത് സൈനികസ്വേച്ഛാധിപതികളായിരുന്നു. സൈന്യത്തിന്റെ ഭരണത്തിന്‍ കീഴില്‍ ജനങ്ങളും രാഷ്ട്രീയക്കാരും കുമ്പിട്ടു നിന്ന ചരിത്രം തന്നെയാണ് എന്നും ഉള്ളത്.

പഹല്‍ഗാം ആക്രമണത്തിനുശേഷം പാകിസ്താന്റെ സൈനികമേധാവി ജനറല്‍ അസിം മുനീറും അദ്ദേഹത്തിന്റെ ഏപ്രിലിലെ ദ്വിരാഷ്ട്രസിദ്ധാന്ത പ്രഭാഷണവും ചര്‍ച്ചയാകുകയുണ്ടായി. ആ പ്രസ്താവനകള്‍ ഒരു മുന്‍കൂര്‍പ്രഖ്യാപനംപോലെയായിരുന്നു. രാജ്യത്തിന്റെ സൈനികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളില്‍നിന്ന് പുറത്തുവരാനും ദേശീയ ഐക്യം നേടിയെടുക്കാനും ഇന്ത്യയുമായുള്ള യുദ്ധം അദ്ദേഹമടക്കമുള്ള സൈനികമേധാവികള്‍ക്ക് ആവശ്യമായിരുന്നു. സാമ്പത്തികമായി പട്ടിണിയിലായ ഒരു സമൂഹത്തിനുമേല്‍ സൈന്യം യുദ്ധം അടിച്ചേല്‍പ്പിച്ചിട്ടും അതിനെ ആരും ചോദ്യംചെയ്യാത്ത അവസ്ഥ പാകിസ്താനില്‍മാത്രമേ ഉണ്ടാകാനിടയുള്ളൂ. 2008-ല്‍ അവസാന സൈനിക ഏകാധിപതിയും പുറത്താക്കപ്പെട്ടശേഷം സിവിലിയന്‍ നേതൃത്വത്തിലായ ഭരണകൂടത്തിന്റെ അസ്തിത്വംതന്നെ ഭീഷണിയിലായിരിക്കയാണ്. ഇന്ത്യയെക്കുറിച്ചുള്ള പാകിസ്താന്റെ അമിതവേവലാതിയും രാജ്യത്തിന്റെ ഒറ്റപ്പെടലിന് കാരണമാണെന്നത് മറ്റൊരു സത്യം.

പാകിസ്താന്റെ ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ പ്രധാന കാരണം തന്റെ മിടുക്കിനെക്കുറിച്ചുള്ള സൈനികമേധാവി മുനീറിന്റെ അഹംഭാവമാണ്. യുദ്ധം 90 ശതമാനവും കാത്തിരിപ്പാണെന്ന് ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷാ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് പറഞ്ഞിട്ടുണ്ട്. 1971-ല്‍ അത്തരമൊരു തന്ത്രം ഗുണംചെയ്‌തെങ്കില്‍ ഇന്നത്തെ ലോകവ്യവസ്ഥയില്‍ അതിന് കൂടുതല്‍ പ്രാധാന്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റിനോട് ഒരിക്കല്‍ പറഞ്ഞിരുന്നു, ‘ഈ യുഗം യുദ്ധത്തിന്റേതല്ല.’ അതിനാല്‍ ജാഗ്രതയോടെയായിരുന്നു മോദിയുടെ നീക്കം. ജലനയങ്ങളിലൂടെയായിരുന്നു ആദ്യ ആക്രമണം. സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാകിസ്താനുള്ള ഏറ്റവും വലിയ അടിയായിരുന്നു. നിലവിലെ സാഹചര്യങ്ങളും സൈന്യത്തിന്റെ തയ്യാറെടുപ്പും പരിഗണിച്ചുകൊണ്ടുള്ളതായിരുന്നു മോദിയുടെ പ്രതികരണം.

എത്രയും പെട്ടെന്ന് ശക്തമായ സൈനികതിരിച്ചടി ആവശ്യമാണെന്ന പൊതുവികാരം ആളിക്കത്തിയിട്ടും പദ്ധതികള്‍ക്കനുസരിച്ചുനീങ്ങാനുള്ള തീരുമാനം പാകിസ്താനെ തകര്‍ത്തു. ആകെ ആശയക്കുഴപ്പത്തിലായ ഇസ്ലാമബാദ് ചില തെറ്റുകളും വരുത്തി. 2025-ലെ ഭൗമരാഷ്ട്രീയം തിരിച്ചറിയാന്‍ അവരുടെ വിദേശനയതന്ത്രത്തിനായില്ല. ക്വാഡും റഷ്യയുമടക്കം ഇന്ന് ഇന്ത്യക്കും മോദിക്കും സുഹൃത്തുക്കളും പങ്കാളികളുമായ രാഷ്ട്രങ്ങള്‍ ഏറെയാണ്.

മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യാം സരണ്‍ പറയുന്നതനുസരിച്ച് ഗള്‍ഫ് രാജ്യങ്ങള്‍പോലും ഇന്ന് പാകിസ്താനുവേണ്ടി ഖജനാവ് തുറക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇസ്ലാമാബാദില്‍നിന്ന് അവര്‍ക്ക് തിരിച്ചൊന്നും ലഭിച്ചിട്ടുമില്ല. പാകിസ്താന്റെ ഏറ്റവും വലിയ രക്ഷാധികാരിയായി തുടരുന്നുണ്ടെങ്കിലും ചൈനയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷിബന്ധം പഴയപോലെയല്ല. ബലൂചിസ്താനില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കാന്‍ പാകിസ്താനായില്ല.

എന്തായിരിക്കും ‘പാകിസ്താന്റെ ഭാവി’?

സാമ്പത്തികവളര്‍ച്ചയോ അതിന്റെ അഭാവമോ രാഷ്ട്രീയസന്തുലിതാവസ്ഥയോ അതിന്റെ അഭാവമോ ആണ് പാകിസ്താനെ കാത്തിരിക്കുന്നത്. ഉയര്‍ന്ന ദാരിദ്ര്യനിരക്കും സാമ്പത്തിക അസന്തുലിതാവസ്ഥയും നേരിടുമ്പോഴും 2026 സാമ്പത്തികവര്‍ഷത്തില്‍ പാകിസ്താന്റെ ജിഡിപി 3.2 ശതമാനത്തിലേക്കും 2027-ല്‍ 3.5 ശതമാനത്തിലും എത്തുമെന്നാണ് പ്രതീക്ഷ. 2025-26 വര്‍ഷത്തില്‍ ധനക്കമ്മി ജിഡിപിയുടെ 6.7% ആയി തുടരുമെന്നും കരുതുന്നു. ദാരിദ്ര്യം, അസമത്വം തുടങ്ങിയ സാമൂഹികവിഷയങ്ങളെ അഭിസംബോധനചെയ്ത് അവര്‍ സമഗ്രവളര്‍ച്ച ഉറപ്പാക്കേണ്ടതുണ്ട്. ആഗോളകാര്യങ്ങളിലെ പാകിസ്താന്റെ ഇടപെടല്‍ കൂടുതല്‍ മികച്ചതാകണമെന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ല. ദ്വിരാഷ്ട്രസിദ്ധാന്തം ഊതിക്കത്തിച്ച് പാകിസ്താന്‍രൂപവത്കരണത്തെ ന്യായീകരിക്കുകയും ലഷ്‌കറെ ഫിദായീനുകളെ പഹല്‍ഗാം ആക്രമണത്തിന് പ്രേരിപ്പിക്കുകയുംചെയ്ത ജനറല്‍ മുനീറും അദ്ദേഹത്തിന്റെ സൈനികസഹപ്രവര്‍ത്തകരും പ്രതീക്ഷിച്ച പ്രതികരണമല്ല ഇന്ത്യയിൽ നിന്ന് കിട്ടിയത്. 1960-ലെ സിന്ധുനദീതട കരാര്‍ മരവിപ്പിച്ചത് ഒരുപക്ഷേ, അവർ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒന്നാണ്.

പാകിസ്താന്റെ ജീവനാഡിയായ സിന്ധുനദിയിന്മേലുണ്ടായ മോദിസര്‍ക്കാരിന്റെ തീരുമാനം ചെറുതായല്ല പാകിസ്ഥാനിൽ പ്രതിഫലിക്കുന്നത്. നിലവിലുള്ള പാകിസ്താന്റെ ജലവിതരണത്തെ ഇപ്പോഴുണ്ടായ ജലക്ഷാമം കാര്യമായി ബാധിക്കും. രാജ്യം മുഴുവൻ വരണ്ട കാലാവസ്ഥയിലാകും. ഉണ്ടാകാൻ പോകുന്ന ആഘാതം ചെറുതല്ല. ഈ അവസ്ഥയില്‍ അനിശ്ചിതമായ ഒരു ഭാവിയിലേക്കാണ് പാകിസ്താന്‍ നീങ്ങുന്നതെന്ന് തന്നെ ഊഹിക്കാം. ഗൗരവം തീരെയില്ലാത്ത ഉന്നതരും സൈന്യവും നയിക്കുന്ന നയിക്കുന്ന പാകിസ്താനെ രക്ഷിക്കാനോ നയിക്കാനോ ആരുമില്ല. രാജ്യം നേരിടുന്നത് എത്ര വലിയ വെല്ലുവിളികളാണെന്ന് മനസ്സിലാക്കാന്‍പോലും അവര്‍ക്കാകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *