Your Image Description Your Image Description

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. പാരമ്പര്യത്തിൻ്റെ മാത്രമല്ല ദൃഢനിശ്ചയത്തിന്റെ കൂടി പ്രതീകമായിട്ടാണ് ഇന്ത്യക്കാര്‍ സിന്ദൂരത്തെ കാണുന്നതെന്ന് മോഹൻലാൽ പറഞ്ഞു. വെല്ലുവിളിച്ചാൽ എന്നത്തേക്കാളും നിർഭയരും ശക്തരുമായി ഇന്ത്യക്കാര്‍ ഉയരുമെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. കൂടാതെ ഇന്ത്യൻ സൈനികരുടെ ധീരതയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

‘പാരമ്പര്യത്തിൻ്റെ മാത്രമല്ല ദൃഢനിശ്ചയത്തിന്റെ കൂടി പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിക്കുന്നത്. ഞങ്ങളെ വെല്ലുവിളിക്കൂ എന്നത്തേക്കാളും നിർഭയരും ശക്തരുമായി ഞങ്ങൾ ഉയരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയിലെ ഓരോ ധീരഹൃദയർക്കും സല്യൂട്ട്. നിങ്ങളുടെ ധൈര്യമാണ് ഞങ്ങളുടെ അഭിമാനത്തിന് ഊർജം പകരുന്നത്. ജയ് ഹിന്ദ്!’, മോഹൻലാൽ കുറിച്ചു.

ഇന്ന് പുലർച്ചെ ആയിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. രാവിലെ 1.44 ഓടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കര, നാവിക, വ്യോമ സേനകൾ സംയുക്തമായി തികച്ചും അപ്രതീക്ഷിതമായാണ് ആക്രമണം നടത്തിയത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന പേരിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒൻപത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. ആക്രമം നടത്തിയ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ എവിടെയൊക്കെയാണെന്ന് ഇന്ത്യൻ സൈന്യം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും സൈനികകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *