Your Image Description Your Image Description

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന് ഞായറാഴ്ച (മെയ് 11) തുടക്കമാകും. സര്‍ക്കാരുകള്‍ കഴിഞ്ഞ  ഒമ്പതുവര്‍ഷകാലയളവില്‍ ജില്ലയില്‍ നടപ്പിലാക്കിയ വികസന-ജനക്ഷേമ-സേവനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന മേളയ്ക്കാണ് ആശ്രാമം മൈതാനം വേദിയാകുക. വിജ്ഞാന-വിനോദപ്രദമായ കാഴ്ചകളും, വേറിട്ട രുചികളുടെ ഫുഡ് കോര്‍ട്ടുകളുണ്ടാകും. വിസ്മയ- കൗതുക കാഴ്ചകള്‍ക്കൊപ്പം വ്യത്യസ്തമായ കലാപരിപാടികള്‍ ദിവസവും വൈകിട്ട് ആസ്വദിക്കാം. പ്രവേശനം സൗജന്യം.
ജില്ലാതല ഉദ്ഘാടനം മെയ് 11ന് വൈകിട്ട് 4.30ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി ജനറല്‍ കണ്‍വീനറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് സ്വാഗതം പറയും.
എം.പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ്, ഡോ സുജിത്ത് വിജയന്‍ പിള്ള, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി എസ് സുപാല്‍, പി സി വിഷ്ണുനാഥ്, സി ആര്‍ മഹേഷ്, മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍, റൂറല്‍ എസ്.പി സാബു മാത്യൂ, സബ് കലക്ടര്‍ നിഷാന്ത് സിഹാര, എ ഡി എം ജി നിര്‍മല്‍കുമാര്‍, ഇന്‍ഫര്‍മേഷന്‍- പബ്ലിക്  റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശൈലേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍ ഹേമന്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി നഗരംചുറ്റി ബൈക്ക് റാലിയുണ്ടാകും. ലഹരിവിരുദ്ധ സന്ദേശ പ്രചാരണ പരിപാടിയും അനുബന്ധമായുണ്ടാകും.
എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശന-വിപണന മേള. 55000 ചതുരശ്ര അടി ശീതീകരിച്ച പവലിയന്‍ ഉള്‍പ്പെടെ 79000 ചതുരശ്ര അടിയിലാണ്  സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളും സൗജന്യസേവനങ്ങളും 156 തീം സ്റ്റാളുകളില്‍ കണ്ടറിയാം. 96 കമേഴ്‌സ്യല്‍ സ്റ്റാളുകളില്‍ വിവിധ വകുപ്പുകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഉത്പന്ന പ്രദര്‍ശനവും ന്യായവിലയ്ക്കുള്ള വില്‍പനയുമാണുണ്ടാകുക.
കേരളം കൈവരിച്ച നേട്ടങ്ങളുടെ അവതരിപ്പിക്കുന്ന വിവര-പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികള്‍, ഭക്ഷ്യമേള, പുസ്തകമേള, കായിക-വിനോദ-വിജ്ഞാന പരിപാടികള്‍, കാരവന്‍ടൂറിസം പ്രദര്‍ശനം, സ്റ്റാര്‍ട്ടപ്പ്മിഷന്‍ പ്രദര്‍ശനം, ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനങ്ങള്‍, സ്പോര്‍ട്സ് പ്രദര്‍ശനം, പൊലീസ് ഡോഗ് ഷോ, മിനി തിയറ്റര്‍ ഷോ, ആധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, കായികവിനോദ മേഖല, തല്‍സമയ മത്സരങ്ങള്‍, ക്വിസ്, ഇതരആക്ടിവിറ്റി കോര്‍ണറുകള്‍, സെല്‍ഫി പോയിന്റുകള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണം.
വിവിധ വകുപ്പുകള്‍ സൗജന്യമായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കും. മേളയോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍, കലാപ്രകടനങ്ങള്‍, കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍      തുടങ്ങിയവയും സംഘടിപ്പിക്കും.  ലഹരിക്കെതിരെ ബോധവത്കരണം ലക്ഷ്യമാക്കിയും സമൂഹത്തെ സജ്ജരാക്കുന്നതിനുമായുള്ള വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മെയ് 17നാണ് സമാപനം.

Leave a Reply

Your email address will not be published. Required fields are marked *