Your Image Description Your Image Description

ഒടുവിൽ ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ആഗ്രഹം സഫലമാവുന്നു. മസ്ക് ആഗ്രഹിച്ചതുപോലെ സ്‌പേസ് എക്‌സിന് സ്വന്തമായി ഒരു കമ്പനി നഗരം ലഭിക്കുന്നു. തെക്കൻ ടെക്‌സസിലെ സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിന് ചുറ്റുമുള്ള നിവാസികൾ പ്രദേശത്തെ ഒരു നഗരമാക്കി മാറ്റുന്നതിന് വേണ്ടി ശനിയാഴ്ച വോട്ട് ചെയ്തു. കാമറൂൺ കൗണ്ടി തിരഞ്ഞെടുപ്പ് വകുപ്പ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഫലങ്ങൾ അനുസരിച്ച്, സ്റ്റാർബേസിനെ ഒരു നഗരമാക്കി മാറ്റുന്നതിനെ അനുകൂലിച്ച് 212 വോട്ടുകളും എതിർത്ത് ആറ് വോട്ടുകളും ലഭിച്ചു.

സ്റ്റാർബേസ് എന്ന പേരിൽ തന്നെയായിരിക്കും ഈ നഗരം അറിയപ്പെടുക. തന്റെ സോഷ്യൽ മീഡിയ വെബ്‌സൈറ്റായ എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ, ടെക്‌സസിലെ സ്റ്റാർബേസ് “ഇപ്പോൾ ഒരു യഥാർഥ നഗരമാണ്” എന്ന് മസ്‌ക് പ്രഖ്യാപിച്ചു. പുതിയ നഗരത്തിലെ ഭൂരിഭാഗം ആളുകളും സ്‌പേസ് എക്‌സിലെ ജീവനക്കാരാണ് എന്നാണ് വിവരം. സ്‌പേസ് എക്‌സ് ജീവനക്കാരായ ബോബി പെഡൻ നഗരത്തിന്റെ മേയറായും, ജോർദാൻ ബസ്, ജെന്ന പെട്രെൽക എന്നിവർ രണ്ട് കമ്മീഷണർമാരായും തിരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ എന്തിനുവേണ്ടിയാണ് പുതിയൊരു നഗരം രൂപീകരിക്കുന്നത് എന്ന് സ്‌പേസ് എക്‌സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തൊഴിൽ അവസരങ്ങളും വൻതോതിൽ നിക്ഷേപവും നടത്തുന്ന സ്‌പേസ് എക്‌സിന് പൊതുവിൽ പ്രദേശത്തെ ഉദ്യോഗസ്ഥരിൽ നിന്ന് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. അതേസമയം, ഔദ്യോഗികമായി നഗരം കമ്പനിയുടെ സ്വന്തമാവുന്നതോടെ പ്രദേശത്തെ ജനപ്രിയമായ ബൊക്ക ചിക്ക ബീച്ചും സ്റ്റേറ്റ് പാർക്കും ‍അടച്ചുപൂട്ടുന്നതിനുള്ള അധികാരം സ്പേസ് എക്സിന് ലഭിക്കും.

ഇതുവഴി പ്രദേശത്ത് ഇലോൺ മസ്‌കിന്റെ സ്വാധീനം വർധിക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്. പ്രദേശത്തെ അധികാരം കൗണ്ടിയിൽ നിന്ന് പുതിയ നഗരത്തിന്റെ മേയറിലേക്കും സിറ്റി കൗൺസിലിലേക്കും മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടിൽ പറയുന്നു. ടെക്‌സസിന്റെ തെക്കേ അറ്റത്ത്, മെക്‌സിക്കോ അതിർത്തിക്കടുത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. വെറും 3.9 ചതുരശ്ര കിലോമീറ്റർ മാത്രമാണ് നഗരത്തിന്റെ വിസ്തൃതി.

Leave a Reply

Your email address will not be published. Required fields are marked *