Your Image Description Your Image Description

ലോകമെമ്പാടുമുള്ള കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് ആശങ്കകൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, അന്റാർട്ടിക്കയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു വാർത്തയെത്തുന്നു. പതിറ്റാണ്ടുകളായി മഞ്ഞുരുകി കൊണ്ടിരുന്ന കിഴക്കൻ അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾ 2021 നും 2023 നും ഇടയിൽ ഒരു മാറ്റം കാണിച്ചു. ഈ മൂന്ന് വർഷത്തിനിടെ അന്റാർട്ടിക്കയിൽ മൊത്തത്തിൽ 107.79 ജിഗാടൺ ഐസിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സയൻസ് ചൈന എർത്ത് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ അവിശ്വസനീയമായ കണ്ടെത്തൽ.

മുൻകാലങ്ങളിൽ അന്റാർട്ടിക്കയിൽ വലിയ തോതിലുള്ള മഞ്ഞു നഷ്ടം സംഭവിച്ചിട്ടുണ്ട്. 2002 മുതൽ 2010 വരെ പ്രതിവർഷം ശരാശരി 73.79 ജിഗാടൺ ഐസ് നഷ്ടപ്പെട്ടു. 2011 നും 2020 നും ഇടയിൽ ഈ നഷ്ടം പ്രതിവർഷം 142.06 ജിഗാടൺ ആയി വർദ്ധിച്ചു. എന്നാൽ, ഈ പ്രവണതയെ അപ്പാടെ മാറ്റിമറിച്ചുകൊണ്ടാണ് 2021-2023 കാലഘട്ടത്തിലെ ഈ അപ്രതീക്ഷിതമായ മഞ്ഞുപാളികളുടെ വളർച്ച.

പ്രധാനമായും ടോട്ടൻ, മോസ്കോ, ഡെൻമാൻ, വിൻസെൻസ് ബേ എന്നീ കിഴക്കൻ അന്റാർട്ടിക്കയിലെ നാല് ഹിമാനി തടങ്ങളിലാണ് ഈ വർദ്ധനവ് ദൃശ്യമായത്. ഈ പ്രദേശങ്ങളിൽ മുൻപ് വേഗത്തിലുള്ള ഹിമപ്രവാഹവും ഉപരിതലത്തിൽ മഞ്ഞ് അടിഞ്ഞുകൂടുന്നതിലെ കുറവും കാരണം പിണ്ഡം കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ഹിമാനികളിലെ മഞ്ഞുരുകുന്നത് ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. നാസയുടെ പഠനങ്ങൾ അനുസരിച്ച്, ഭൂമിയിലെ ജലത്തിന്റെ വലിയൊരു പങ്ക് സംഭരിക്കപ്പെട്ടിരിക്കുന്നത് ഹിമാനികളിലും ഗ്രീൻലാൻഡിലെയും അന്റാർട്ടിക്കയിലെയും ഹിമപാളികളിലുമാണ്. ഈ മഞ്ഞുരുകുമ്പോൾ സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരുകയും അത് തീരദേശങ്ങളെ വെള്ളത്തിനടിയിലാക്കുകയും ചെയ്യും. എല്ലാ ഹിമാനികളും ഹിമപാളികളും ഉരുകിയാൽ ആഗോള സമുദ്രനിരപ്പ് 195 അടിയിലധികം ഉയരുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

നേരത്തെ നാസയുടെ GRACE, GRACE-FO ദൗത്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത് ഗ്രീൻലാൻഡിനെപ്പോലെ അന്റാർട്ടിക്കയിലും മഞ്ഞു കുറയുന്നു എന്നാണ്. ഓരോ 360 ​​ജിഗാടൺ കരയിലെ മഞ്ഞുപാളികൾ ഉരുകുംതോറും സമുദ്രജലം ഒരു മില്ലിമീറ്റർ വീതം ഉയരുന്നു. 2002 മെയ് മുതൽ ഏകദേശം 2.5 ഇഞ്ച് (63 മില്ലിമീറ്റർ) സമുദ്രജലനിരപ്പ് ഉയർന്നതായും നാസയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. സമുദ്രജലനിരപ്പ് ഉയരുന്നത് തീരദേശ വെള്ളപ്പൊക്കം വർദ്ധിപ്പിക്കുകയും ഒടുവിൽ ചില തീരദേശ സമൂഹങ്ങളെ പൂർണ്ണമായും വെള്ളത്തിനടിയിലാക്കുകയും ചെയ്യും.

ഈ സാഹചര്യത്തിൽ കിഴക്കൻ അന്റാർട്ടിക്കയിലെ മഞ്ഞുപാളികളുടെ ഈ അപ്രതീക്ഷിതമായ വളർച്ച ലോകമെമ്പാടുമുള്ള കാലാവസ്ഥാ ഗവേഷകർക്ക് ഒരു പുതിയ പ്രതീക്ഷ നൽകുന്നുണ്ടോ, അത് വരാനിരിക്കുന്ന വലിയ വിപത്തിന്റെ ആദ്യ സൂചനയാണോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. ഈ പ്രതിഭാസത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ഇത് ദീർഘകാലത്തേക്ക് നിലനിൽക്കുമോ എന്നതിനെക്കുറിച്ചുമുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *