Your Image Description Your Image Description

തിരുവനന്തപുരം : കുട്ടികളിലെ മയക്ക് മരുന്ന് ഉപയോഗംതടയുന്നതിന് ആവശ്യമായ പരിശീലനം അധ്യാപകർക്ക് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്‌മോപോളിറ്റൻ ക്ലബ്ബിൽ നടന്ന ജില്ലാതല യോഗത്തിൽ ക്ഷണിതാക്കളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. അതിനായി വരുന്ന ജൂൺ മുതൽ വലിയ രീതിയിലുള്ള ക്യാമ്പയിനുകൾ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.

കുട്ടികളിൽ വ്യക്തിഗതമായ ശ്രദ്ധ കൊടുക്കേണ്ടതും അവരുമായി ഏറ്റവും കൂടുതൽ ഇടപഴകുന്നതും അധ്യാപകരാണ്. ഇന്നത്തെ കാലത്ത് മയക്ക് മരുന്ന് വ്യാപനം കുട്ടികളിൽ സ്വാധീനമുണ്ടാക്കാതിരിക്കാൻ അധ്യാപകർക്ക് കഴിയും. അധ്യാപകർ നല്ല കൗൺസിലർമാരാകുന്നതിനുള്ള പരിശീലനവും അത്തരത്തിലുള്ള ഇടപെടലുകളും ഉണ്ടാകുക എന്നതാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.കലോത്സവ വേദികളിൽ ഉണ്ടാകാറുള്ള പരാതികൾക്ക് കാലത്തിന് അനുസരിച്ച് അനുഭവത്തിൽ നിന്ന് ആവശ്യമായ മാറ്റങ്ങൾ സ്വീകരിക്കാൻ ശ്രമിക്കും. കുട്ടികളുടെ മാനസീകാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി പഠനം മാത്രമല്ലാതെ കല, സാഹിത്യം, സ്‌പോർട്ട്‌സ്, ഗെയിംസ് എന്നിവയ്ക്ക് പ്രാധാന്യം നൽകണം.

മൊത്തത്തിൽ കുട്ടികളുടെ മാനസീകാരോഗ്യം ശക്തിപ്പെടുത്തുന്നതിന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണം. അവർക്ക് കളിച്ച് വളരാനുള്ള അവസരം ഉണ്ടാകണം.കുട്ടിയുമായി പങ്കിടുന്ന സമയം മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം. കുട്ടികൾക്ക് പലയിടത്തും കളിസ്ഥലങ്ങൾ ഇല്ലാത്ത അവസ്ഥ സാമൂഹ്യ പ്രശ്‌നമായി കണക്കിലെടുത്ത് ഇടപെടാനാകും.കുട്ടികൾ മയക്കുമരുന്നിന് അടിമപ്പെട്ട് പോയാൽ സമൂഹത്തിൽ ഒറ്റപ്പെട്ട് പോകാതെ എങ്ങനെ തിരുത്തിയെടുക്കാം എന്നാണ് ശ്രദ്ധിക്കേണ്ടത്. കൗൺസിലിങ് , ഡി അഡിക്ഷൻ സെന്ററുകളുടെ സേവനം ആവശ്യമായി വന്നാൽ മടിച്ചു നിൽക്കാതെ അവയുടെ സേവനം പ്രയോജനപ്പെടുത്തണം.

ഡീ അഡിക്ഷൻ സെന്ററുകളിൽ നിന്ന് മുക്തമായി വന്നാൽ മാതാപിതാക്കളും അധ്യാപകരും കുട്ടിയെ ചേർത്ത് നിർത്തണം.ആദിവാസികൾക്ക് നൽകുന്ന ഭൂമി ഉപയോഗിക്കാൻ പറ്റാവുന്നതും കൃഷിയോഗ്യമായതും തന്നെ ആയിരിക്കണം ലഭ്യമാകേണ്ടത്. തെറ്റായ പ്രവണതകൾ ഗൗരവകരമായി കണക്കിലെടുത്ത് ആദിവാസികൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ആദിവാസികൾക്ക് നൽകുന്ന ഭൂമിക്ക് പട്ടയം ലഭിച്ച് കഴിഞ്ഞാൽ അവരെ കബളിപ്പിച്ച് കൈവശപ്പെടുത്താനുള്ള പ്രത്യേക ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രവണതകൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം. അവർക്ക് ആവശ്യമായ മുൻഗണന നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

ഡിജിറ്റൽ സർവേ അട്ടപ്പാടിയിൽ സമയബന്ധിതമായി പൂർത്തിയാക്കും.വന്യജീവി ആക്രമണം വലിയ പ്രശ്‌നമായി നിലനിൽക്കുകയാണ്. അത് നേരിടുന്നതിനായി കാട്ടിലെ ആവാസവ്യവസ്ഥ നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. മൃഗങ്ങൾക്ക് ആവശ്യമായ, വെള്ളം, ഭക്ഷണം എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിനോടൊപ്പം ആവാസ വ്യവസ്ഥയ്ക്ക് ദോഷകരമായി ബാധിക്കുന്ന അധിനിവേശ സസ്യങ്ങൾ പൂർണ്ണ ഒഴിവാക്കുന്നതിനും നിലവിലുള്ളവ നിലനിർത്തുന്നതിനും പ്രാധാന്യം കൊടുക്കുന്നുണ്ട്.തൊഴിലില്ലായ്മ പ്രശ്‌നം നല്ല രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞു. നൈപുണ്യ വികസനത്തിനുള്ള പ്രവർത്തനങ്ങൾ നല്ല രീതിയിൽ സംസ്ഥാനത്ത് നടക്കുന്നുണ്ട്. അസാപ് പോലെയുള്ള നൈപുണ്യ വികസന പദ്ധതികൾ മികച്ച രീതിയിൽ നടക്കുന്നുണ്ട്.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്ത് ഉപസമിതിയെ തീരുമാനിച്ച് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന തലത്തിലേക്ക് നീങ്ങുകയാണ്. നാട്ടുവൈദ്യവും നാട്ടറിവും ഉപയോഗിക്കാനാകണം, അവ സംരംക്ഷിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മൂന്ന് വർഷ ബിരുദ വിദ്യാർത്ഥികൾ നൈപുണ്യപരിശീലനം നൽകുകയും കോളേജുകളിൽ പ്രത്യേക പരിശീലനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *