Your Image Description Your Image Description

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ടെലിവിഷന്‍ ചാനലുകളും ഏകീകൃത നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ജിയോസ്റ്റാര്‍ വൈസ് ചെയര്‍മാന്‍ ഉദയ് ശങ്കര്‍. ഈ രണ്ട് പ്ലാറ്റ്‌ഫോമുകളുടെയും അടിസ്ഥാന സവിശേഷതകള്‍ ചൂണ്ടിക്കാട്ടിയാണ് ഉദയ് ശങ്കര്‍ അധികൃതരോട് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഏകീകൃത നിയന്ത്രണം രണ്ട് മേഖലകളുടേയും മൂല്യമില്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. വീടുകള്‍ക്ക് വേണ്ടിയുള്ള സബ്‌സ്‌ക്രിപ്ഷന്‍ സേവനമാണ് ടെലിവിഷന്‍. സാധാരണ വലിയ സ്‌ക്രീനുകളിലാണ് അവ ഉപയോഗിക്കുന്നത്.

അതേസമയം, ഡിജിറ്റല്‍ സേവനങ്ങള്‍ സ്വകാര്യമായ വ്യക്തിഗത ഉപകരണങ്ങളിലൂടെയും വ്യക്തിഗത സ്‌ക്രീനുകളിലൂടെയുമാണ് ഉപയോഗിക്കുന്നത്. അതിന്റെ ഉപയോഗവും ഉപയോഗ സാഹചര്യങ്ങളും വ്യത്യസ്തമാണ്. അദ്ദേഹം വിശദീകരിച്ചു. ടെലിവിഷന്‍ പക്വത കൈവന്നതും പ്രായമേറിക്കൊണ്ടിരിക്കുന്നതുമായ മാധ്യമമാണ്. അതേസമയം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകൾ ഇപ്പോഴും വളര്‍ച്ചയുടെ ഘട്ടത്തിലാണ്. ഏകീകൃത നിയന്ത്രണമെന്ന സമീപനം ഹാനികരമാണ്. നവീകരണത്തെ തടസപ്പെടുത്താത്തതും വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതുമായ ഓരോ പ്ലാറ്റ്‌ഫോമുകള്‍ക്കും പ്രത്യേകമായ നയസമീപനമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടെലിവിഷനും ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കും ഏകീകൃത നിയന്ത്രണങ്ങളാണ് വേണ്ടതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടി നേരത്തെ പറഞ്ഞിരുന്നു. ടെലിവിഷന്‍ ഘടനാപരവും കാലാനുസൃതമായി പരിഷ്‌കരിക്കപ്പെട്ടതുമായ ഒരു ചട്ടക്കൂടിന് കീഴിലാണ് പരിണമിച്ചതെന്ന് പറഞ്ഞ ലാഹോട്ടി, ഡിജിറ്റല്‍ സ്ട്രീമിങിന് നിയന്ത്രണങ്ങള്‍ കുറവാണെന്നും അല്ലെങ്കില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടി. ടെലിവിഷന്‍, ഒടിടി പ്ലാറ്റ്ഫോമുകളെ ഏകീകൃത നിയന്ത്രണ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരുന്ന നിയമനിര്‍മാണത്തിനുള്ള ശ്രമത്തിലാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം.

Leave a Reply

Your email address will not be published. Required fields are marked *