Your Image Description Your Image Description

കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട്-ധര്‍മ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം വികസനത്തിന്‍റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന് കൂടി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസം-ഹോസ്പിറ്റാലിറ്റി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് പ്രാദേശിക ജനതയില്‍നിന്ന് മാന്യമായ പരിഗണന ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. വിനോദസഞ്ചാരികളെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും നന്നായി ഇടപഴകുകയും വേണം. ഇവിടെ നിന്ന് ലഭിക്കുന്ന മികച്ച അനുഭവങ്ങളിലൂടെ അവരെ വീണ്ടും ഇവിടേക്ക് ആകര്‍ഷിക്കാനാകണം.

ടൂറിസം മേഖലയില്‍ വലിയ കുതിപ്പിലാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലബാറിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായുള്ള വിവിധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. മുഴപ്പിലങ്ങാട്-ധര്‍മ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ടം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനായി. മറ്റ് ഘട്ടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പ്രദേശത്തേക്ക് ധാരാളം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകും. സംസ്ഥാനത്തിന്‍റെയാകെ ടൂറിസം വികസനത്തിന് ഈ പദ്ധതി സഹായിക്കും. പദ്ധതിയുടെ ഭാഗമായുള്ള വികസനം ഉള്‍പ്പെടുന്ന ധര്‍മ്മടം ദ്വീപ് ദേശാടന പക്ഷികളെ ആകര്‍ഷിക്കുന്ന ഇടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇന്‍ ബീച്ചായ മുഴപ്പിലങ്ങാടിന്‍റെ വികസനത്തിലൂടെ മലബാറിലെ ബീച്ച് ടൂറിസം വികസനത്തിന് ഉണര്‍വേകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മലബാറിന്‍റെ ടൂറിസം വികസനം സാധ്യമാക്കുകയെന്ന ടൂറിസം വകുപ്പിന്‍റെ വാഗ്ദാനമാണ് മുഴപ്പിലങ്ങാട്-ധര്‍മ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയിലൂടെ യാഥാര്‍ഥ്യമാകുന്നത്. അതിമനോഹരമായി നവീകരണം പൂര്‍ത്തിയാക്കിയ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകും. പ്രാദേശികമായ ടൂറിസം വികസനത്തിലും ഇത് നിര്‍ണായകമാകും. ടൂറിസം വികസനത്തിലൂടെ ഒരു നാടിന്‍റെ ആകെ മാറ്റമാണ് സാധ്യമാകുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോ. വി ശിവദാസന്‍ എം.പി മുഖ്യാതിഥിയായിരുന്നു.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 233.71 കോടി രൂപ ചെലവിട്ടാണ് മുഴപ്പിലങ്ങാട്-ധര്‍മ്മടം ബീച്ചിന്‍റെ സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. 1.2 കിലോമീറ്റര്‍ നീളത്തില്‍ 79.51 കോടി രൂപ ചെലവാക്കി വിശാലമായ നടപ്പാത, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ടോയ് ലറ്റുകള്‍, കിയോസ്കുകള്‍, അലങ്കാര ലൈറ്റുകള്‍, ഷേയ്ഡ് സ്ട്രക്ചര്‍, ശില്‍പങ്ങള്‍ എന്നിവ ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ എംപി കെ കെ രാഗേഷ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ കെ രത്നകുമാരി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ വി ബിജു, കോങ്കി രവീന്ദ്രന്‍, കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി പി അനിത, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി സജിത തുടങ്ങിയവര്‍ സംസാരിച്ചു.

കെഐഐഡിസി സിഇഒ എസ്. തിലകന്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടൂറിസം മേഖല ജോയിന്‍റ് ഡയറക്ടര്‍ ഗിരീഷ് കുമാര്‍ ഡി ചടങ്ങിന് നന്ദി പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മ്മടം ബീച്ച്, ധര്‍മ്മടം ദ്വീപ് എന്നിങ്ങനെ മൂന്ന് ഭാഗമാണ് പദ്ധതിക്കുള്ളത്. മുഴപ്പിലങ്ങാട് ബീച്ചിന്‍റെ വടക്ക് ഭാഗത്തെ 1.2 കിലോമീറ്റര്‍ നീളത്തിലുള്ള നടപ്പാതയില്‍ ഓര്‍ഗനൈസ്ഡ് ഡ്രൈവ് ഇന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. നടത്തത്തിനായി കടല്‍തീരത്തു നിന്നും ഉയരത്തിലായി പൈലുകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് വാര്‍ത്ത് അതിനു മുകളിലാണ് ഉല്ലാസ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *