Your Image Description Your Image Description

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അധികാരത്തിൽ നിന്നും താഴെയിറക്കിയ ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം നേടിയാൽ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുമെന്നാണ് കെ സുധാകരൻ പറയുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റിയേക്കുമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കെ സുധാകരന്റെ പ്രതികരണം. ഇടതുസർക്കാരിനെ പുറത്താക്കുക എന്നതിനപ്പുറമുള്ള ആഗ്രഹങ്ങൾ തനിക്കില്ലെന്നും കെ സുധാരൻ പറയുന്നു. ‘മലയാള മനോരമ’ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കെ സുധാരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി കെ സുധാകരൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയോടെയാണ് കെ.സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറുമെന്ന ചർച്ച സജീവമായത്. കെ സുധാരൻ സംസ്ഥാന കോൺ​ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞാൽ പകരം എന്തു പദവി ലഭിക്കും എന്നത് സംബന്ധിച്ചും ചർച്ചകൾ സജീവമാണ്. ഹൈക്കമാൻഡിന്റെ ഏതു തീരുമാനവും അംഗീകരിക്കുമെന്നാണ് കെ സുധാകരന്റെ നിലപാട്.

അതേസമയം, പുതിയ സംസ്ഥാന അധ്യക്ഷൻ ആരെന്നത് സംബന്ധിച്ച് കോൺ​ഗ്രസിൽ തിരക്കിട്ട ചർച്ചകളും കൂടിയാലോചനകളും നടക്കുന്നുണ്ട്. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള നേതാവ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാർട്ടിക്കുള്ളിൽ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമൻ കാത്തലിക് വിഭാഗത്തിൽ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റി പകരം ആന്റോ ആന്റണിയെയോ സണ്ണി ജോസഫിനെയോ പരിഗണിച്ചേക്കുമെന്നാണ് വിവരം.

താൻ ഒരിക്കലും കെപിസിസി പ്രസിഡൻ്റാകില്ലെന്ന് ഉറപ്പാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചിരുന്നു. കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ് പദവി ഒഴിയണമെന്ന അഭിപ്രായം കേരളത്തിലെ കോൺ​ഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആൻ്റോ ആൻ്റണി പുതിയ കെപിസിസി പ്രസിഡന്റായേക്കുമെന്ന റിപ്പോർട്ടുകളോട് പരോക്ഷമായി പ്രതികരിക്കാനും കെ മുരളീധരൻ മടിച്ചില്ല. കേരളത്തിലെ കോൺഗ്രസുകാർക്ക് ഫോട്ടോ കണ്ടാൽ മനസിലാവുന്ന ആളായിരിക്കണം കെപിസിസി പ്രസിഡന്റ് എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

അതേസമയം, സംസ്ഥാനത്തെ പാർട്ടിയിൽ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പുകൾ നയിക്കാൻ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോർ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടൻ കടക്കും. മുതിർന്ന നേതാക്കൾ ഉൾപ്പെടുന്നതാണ് ഈ കമ്മിറ്റി. മുൻ കെപിസിസി അധ്യക്ഷക്ഷൻമാർ ഉൾപ്പെടെ 11പേരെ ഉൾപ്പെടുത്തും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉൾപ്പെടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും. യുഡിഎഫിലും അഴിച്ചുപണി നടത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *