Your Image Description Your Image Description

അടൂർ: ഗൂഗ്​ൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ അകപ്പെട്ടത് മലഞ്ചെരുവിൽ. കൊടുമൺ ഐക്കാട് സ്വദേശിയായ ഷൈബിയാണ് കരിമാൻകാവ് മറ്റപ്പള്ളി റബർ എസ്റ്റേറ്റിൽ മലഞ്ചെരുവിൽ അപകടാവസ്ഥയിൽ അകപ്പെട്ടത്. ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് ഷൈബി. അവധി കഴിഞ്ഞ് ബംഗളൂരുവിലേക്ക് പോകാനിരിക്കെ ശനിയാഴ്ച ഉച്ചക്ക്​ 2.30ഓടെ നൂറനാട് ഭാഗത്തുനിന്ന് ഗൂഗ്​ൾ മാപ്പ് നോക്കി സഞ്ചരിച്ച് കൊടശനാട് എന്ന സ്ഥലത്തേക്ക് എളുപ്പമാർഗം പോവുകയായിരുന്നു.

തുടർന്ന് വഴിതെറ്റി ആദിക്കാട്ടുകുളങ്ങരയിൽനിന്ന്​ കരിമാൻകാവ് ക്ഷേത്രത്തിന് സമീപത്തുകൂടി മറ്റപ്പള്ളി മലയിൽ റബർ എസ്റ്റേറ്റിലേക്കുള്ള വഴിയിലേക്ക് പോയി. വഴിതെറ്റിയെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് വാഹനം തിരിക്കാൻ മുന്നോട്ടുപോയി. തുടർന്ന് 50 മീറ്ററോളം ചെങ്കുത്തായ സ്ഥലത്തെത്തി. വാഹനം തിരികെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിൽ അദ്ദേഹം ഇന്റർനെറ്റ് വഴി അടുത്തുള്ള ഫയർസ്റ്റേഷൻ നമ്പറെടുത്ത്​ അടൂർ സ്​റ്റേഷനിൽ അറിയിക്കുകയായിരുന്നു.

അടൂർ ഫയർ സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്റെ നിർദേശത്തെതുടർന്ന് സീനിയർ ഫയർ ഓഫിസർ ബി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീം ഉടൻ സ്ഥലത്തെത്തി. സാഹസികമായി റോപ്പും ഫയർഫോഴ്സിന്റെ വാഹനവും ഉപയോഗിച്ച് കാർ റിവേഴ്സിൽ സുരക്ഷിത സ്ഥലത്തെത്തിച്ചു.

ഈ സ്ഥലത്ത് മുമ്പും ഇങ്ങനെ വാഹനങ്ങൾ വഴിതെറ്റി വന്നിട്ടുണ്ടെന്നും കാണുന്ന നാട്ടുകാർ വഴിതിരിച്ചു വിടാറുണ്ടെന്നും മുമ്പ്​ മൂന്ന്​ വാഹനങ്ങൾ തലകീഴായി മറിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. വിജനമായ സ്ഥലത്തേക്ക് കാർ കയറിപ്പോയതിനാൽ നാട്ടുകാർ പിറകെ അന്വേഷിച്ചു പോവുകയായിരുന്നു. നാട്ടുകാരിൽ ചിലരാണ് ലൊക്കേഷൻ ഫയർഫോഴ്സിനെ വ്യക്തമായി അറിയിച്ചത്. വലിയ അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ട ആശ്വാസത്തിലാണ് ഷൈബി.

Leave a Reply

Your email address will not be published. Required fields are marked *