Your Image Description Your Image Description

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ മന്ത്രി കെ രാജന്റെ മൊഴി. എം ആര്‍ അജിത് കുമാറിനെ മന്ത്രി പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് ആക്ഷേപം. പൂര ദിവസം രാവിലെ മുതൽ എംആർ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. എന്നാൽ പൂരം തടസപ്പെട്ട സമയത്ത് എഡിജിപിയെ പല തവണ തുടരെ വിളിച്ചിട്ടും കിട്ടിയില്ല. തെക്കോട്ടിറക്ക സമയത്ത് പൊലീസിൻറെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായെന്നും മന്ത്രി കെ രാജൻ മൊഴി നൽകി. എഡിജിപി സ്ഥലത്തുണ്ടായിരുന്നെന്ന് അറിഞ്ഞാണ് ഫോണില്‍ വിളിച്ചത്. പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് ഡിജിപിയുടെ അന്വേഷണ സംഘത്തിന് മുന്നില്‍ മന്ത്രി കെ രാജന്‍ മൊഴി നൽകി. പൂരം കലക്കലിൽ ഡിജിപി ഈ മാസം റിപ്പോർട്ട് നൽകും. വിഷയത്തില്‍ എഡിജിപിയുടെ വിശദീകരണവും അന്വേഷണസംഘം രേഖപ്പെടുത്തും.

പൂരം കലക്കൽ വിവാദത്തില്‍ മന്ത്രി കെ രാജന്റെ മൊഴി പ്രധാനപ്പെട്ടതാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. ആരെങ്കിലും തെറ്റ് ചെയ്തെങ്കിൽ അവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്ന സമീപനമാണ് സർക്കാരിൻ്റേത്. ഒരു റിപ്പോർട്ടും അവഗണിക്കുന്ന നിലപാട് സർക്കാരിനില്ല. റിപ്പോർട്ട് പുറത്തുവരട്ടെ, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശരിയായ നിലപാട് സ്വീകരിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണ റിപ്പോർട്ട്‌ വന്നാൽ അപ്പോൾ നിലപാട് സ്വീകരിക്കും അദ്ദേഹം വ്യക്തമാക്കി.

പൂരം തടസപ്പെട്ടിട്ടും എഡിജിപി ഇടപെട്ടില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നുമായിരുന്നു ഡിജിപിയുടെ ആദ്യ റിപ്പോർട്ട്. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് എഡിജിപിയ്‌ക്കെതിരെയായിരിക്കുമെന്നാണ് സൂചന. മന്ത്രിയുടെ വിമർശനത്തിന് പിന്നാലെ അടുത്ത ആഴ്ച നോട്ടീസ് നൽകി എഡിജിപിയിൽ നിന്ന് വിശദമായ മൊഴി എടുക്കാനാണ് തീരുമാനം. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന് വലിയ വിമർശനം ഉയർന്നിരുന്നു. ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *