Your Image Description Your Image Description

ലണ്ടൻ: ഇം​ഗ്ലണ്ടിലെ വിവിധ ഭാ​ഗങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിക്കപ്പെട്ട എട്ടുപേർ അറസ്റ്റിൽ. രണ്ടു വ്യത്യസ്ത ഓപറേഷനുകളിലായാണ് ഏഴ് ഇറാൻ പൗരന്മാർ ഉൾപ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തത്. 29 മുതൽ 46 വരെ വയസ്സുള്ള അഞ്ചുപേരെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്നും 39, 44, 55 വയസ്സുള്ള മൂന്ന് പേരെ ലണ്ടനിൽനിന്നും കസ്റ്റഡിയിലെടുത്തു.

ഒരാളുടെ പൗരത്വം എതാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പിടിയിലായവരെ ചോദ്യം ചെയ്യുകയാണെന്നും കുറ്റം ചുമത്തിയിട്ടില്ലെന്നും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

ലണ്ടൻ, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ, പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സ്വിൻഡൺ എന്നിവിടങ്ങളിലെ നിരവധി കെട്ടിടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തി. സുരക്ഷ കാരണങ്ങളാൽ ഭീകരാക്രമണ പദ്ധതിയിട്ട കേന്ദ്രത്തിന്റെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഭീക​രാക്രമണ പദ്ധതിയുടെ പിന്നിലെ ലക്ഷ്യം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഭീകരവാദവിരുദ്ധ കമാൻഡിന്റെ തലവൻ കമാൻഡർ ഡൊമിനിക് മർഫി പറഞ്ഞു. അതേസമയം, അറസ്റ്റ് വളരെ ഗൗരവമുള്ളതാണെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി യെവറ്റ് കൂപ്പർ അറിയിച്ചു. ​രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പൊലീസുമായും രഹസ്യാന്വേഷണ ഏജൻസികളുമായും ചേർന്ന് സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *