Your Image Description Your Image Description

ന്യൂഡൽഹി: ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം. യെമൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ അപകടത്തിൽ എട്ട്പേർക്ക് പരുക്കേറ്റു. ഇസ്രായേലിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണിത്. മിസൈൽ ആക്രമണമുണ്ടായതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടതായി അറിയിപ്പ്. ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എഐ139 വിമാനമാണ് വഴി തിരിച്ചു വിട്ടത്.

വിമാനം ടെൽ അവീവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ആക്രമണം നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ Flightradar24.com-ൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, അബുദാബിയിലേക്ക് വിമാനം വഴിതിരിച്ചുവിടാൻ തീരുമാനിച്ച സമയം വിമാനം ജോർദാനിയൻ വ്യോമാതിർത്തിയിലായിരുന്നു എന്നതാണ്.

യെമനിൽ നിന്നാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. ബെൻ ഗുരിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ പ്രസ്താവനയിൽ പറഞ്ഞു. വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

ആക്രമണത്തെത്തുടർന്ന് ടെൽ അവീവിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യയുടെ ഞായറാഴ്ചത്തെ വിമാനം റദ്ദാക്കി. യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ ടെൽ അവീവ് വിമാനത്താവളത്തിന് സമീപം പതിച്ചതിനെത്തുടർന്ന് ടെൽ അവീവ് വിമാനത്താവളത്തിലേക്കുള്ള വ്യോമഗതാഗതം താൽക്കാലികമായി നിർത്തിയിരുന്നു. സർവീസ് പുനരാരംഭിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *