Your Image Description Your Image Description

ടെക് കമ്പനികള്‍ ഈ വർഷം ആദ്യ മൂന്ന് മാസങ്ങളില്‍ നേടിയത് വന്‍ ലാഭമെന്ന് റിപ്പോർട്ട്. ഗൂഗിള്‍ (ആല്‍ഫബെറ്റ്), ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികളാണ് വന്‍ ലാഭം നേടിയ ആദ്യ അഞ്ച് കമ്പനികള്‍. ഉയര്‍ന്ന ചെലവുകളും സാമ്പത്തിക മാന്ദ്യവും പോലുള്ള വെല്ലുവിളികള്‍ക്കിടയിലും, ഈ കമ്പനികള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വരുമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്ലൗഡ് സേവനങ്ങള്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍, പണമടച്ചുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയ്ക്കൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവുമാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്.

മൈക്രോസോഫ്റ്റ് 70.1 ബില്യണ്‍ ഡോളര്‍ (ഏകദേശം 592,625.4 കോടി രൂപ) ഇക്കാലയളവില്‍ വരുമാനം നേടി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം കൂടുതലാണ്. അതിന്റെ ലാഭം 25.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 19 ശതമാനമാണ് വര്‍ധന. ഈ വളര്‍ച്ചയുടെ വലിയൊരു ഭാഗം മൈക്രോസോഫ്റ്റ് അസുറില്‍ നിന്നാണ്. അതിന്റെ ക്ലൗഡ് സര്‍വീസ് 35 ശതമാനം കുതിച്ചുയര്‍ന്നു. കോപൈലറ്റ് പോലുള്ള എഐ ഉപകരണങ്ങളില്‍ നിന്നും ഓപ്പണ്‍ എഐയുമായുള്ള പ്രവര്‍ത്തനത്തില്‍ നിന്നും കമ്പനിക്ക് നേട്ടമുണ്ടായി. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 90.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 762,750.8 കോടി രൂപ) വരുമാനം നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്.

ലാഭം 46 ശതമാനം കുത്തനെ വര്‍ദ്ധിച്ച് 34.5 ബില്യണ്‍ ഡോളറിലെത്തി. ഗൂഗിള്‍ ക്ലൗഡ് 28 ശതമാനം വളര്‍ച്ച നേടി 12.3 ബില്യണ്‍ ഡോളറിലെത്തി. യൂട്യൂബ് പരസ്യങ്ങള്‍ 8.9 ബില്യണ്‍ ഡോളര്‍ നേടി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം കൂടുതലാണ്. ആപ്പിളിന്റെ വരുമാനം 95.4 ബില്യണ്‍ ഡോളറി(ഏകദേശം 805,853.8 കോടി രൂപ)ലെത്തി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5 ശതമാനം വര്‍ധനവാണ് നേടിയത്. കമ്പനിയുടെ അറ്റാദായം 5 ശതമാനം ഉയര്‍ന്ന് 24.8 ബില്യണ്‍ ഡോളറിലെത്തി. ഐക്ലൗഡും ആപ്പ് സ്റ്റോറും ഉള്‍പ്പെടുന്ന ആപ്പിളിന്റെ സേവന ബിസിനസാണ് ഏറ്റവും വലിയ സംഭാവന നല്‍കിയത്. ഇതില്‍ നിന്ന് മാത്രം 26.6 ബില്യണ്‍ ഡോളര്‍ നേടി 12 ശതമാനം വര്‍ധനവിലെത്തി. ആപ്പിള്‍ 100 ബില്യണ്‍ ഡോളറിന്റെ വന്‍ ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതിയും പ്രഖ്യാപിച്ചു.

അഞ്ച് കമ്പനികളിലും ഏറ്റവും കൂടുതല്‍ വരുമാനം നേടിയത് ആമസോണാണ്. 155.7 ബില്യണ്‍ ഡോളര്‍ (ഏകദേശം 1,315,257.9 കോടി രൂപ) ആണ് ആമസോണിന്റെ ഈ വര്‍ഷത്തെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9 ശതമാനം വളര്‍ച്ചയാണ് കരസ്ഥമാക്കിയത്. ലാഭം 64 ശതമാനം ഉയര്‍ന്ന് 17.1 ബില്യണ്‍ ഡോളറിലെത്തി. 29.3 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയ ക്ലൗഡ് പ്ലാറ്റ്ഫോമായ ആമസോണ്‍ വെബ് സര്‍വീസസില്‍ (എഡബ്ല്യുഎസ്) നിന്നാണ് കൂടുതല്‍ നേട്ടം ഉണ്ടായത്. പരസ്യത്തില്‍ നിന്നും 13.9 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. എന്നാല്‍ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ ചെലവഴിച്ചതിനാല്‍, ആമസോണിന്റെ ഫ്രീ ക്യാഷ് ഫ്‌ലോ 25.9 ബില്യണ്‍ ഡോളറായി കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *