Your Image Description Your Image Description

തിരുവാങ്കുളം ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും അപകട സാധ്യത കുറക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ’ നിർദ്ദേശം. അനൂപ് ജേക്കബ് എംഎൽഎയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.

ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ബൈപാസ് റോഡ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും കൊച്ചി – സേലം ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിച്ചത് കൊണ്ട് പ്രതിസന്ധിയിലാകുകയായിരുന്നു.

ഇതിന് പരിഹാരം കാണുന്നതിനായി കൂടുതൽ സ്ഥലം ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താൻ തൃപ്പൂണിത്തുറ നഗരസഭാ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മെയ് ആറിന് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചുമതലയുള്ള കെ.ആർ.ബി.എഫിൻ്റെ സർവേയർ, റവന്യൂ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തും.

പൈപ്പ്ലൈനിൽ വലിയ വളവുകളും മറ്റു തടസങ്ങളും ഉള്ള ഭാഗങ്ങളിലാണ് പ്രധാനമായും സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ തയ്യാറാക്കിയ പ്ലാൻ പരിഷ്കരിച്ച് പുതിയത് വരച്ച് അധികൃതർക്ക് നൽകിയിട്ടുണ്ടെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.

തിരുവാങ്കുളം ജംഗ്ഷൻ്റെ വിപുലീകരണവും വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ നിർദ്ദേശം നൽകി. ദേശീയപാത അതോറിറ്റിക്കാണ് നിർമാണ ചുമതല. മാമല മുതൽ കരിങ്ങാച്ചിറ വരെയുള്ള ഭാഗങ്ങളിൽ വീതി കൂട്ടും. ഇതു സംബന്ധിച്ച് എസ്റ്റിമേറ്റ് ലഭിച്ചതായി ദേശീയപാതാ അതോറിറ്റി അധികൃതർ വ്യക്തമാക്കി. പ്രദേശത്തെ വാഹന ഗതാഗതം സുഖമമാക്കുന്നതിനും അപകടസാധ്യത ഒഴിവാക്കുന്നതിനുമായി പൊലീസിൻ്റെ സേവനം കൂടുതൽ കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനിച്ചു.

യോഗത്തിൽ തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമ സന്തോഷ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *