Your Image Description Your Image Description

റിയാദ്: സ്വകാര്യമേഖലയിലെ തൊഴിലുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. ജോലി ഒഴിവുകളുടെ പ്രഖ്യാപനങ്ങളിലും തൊഴില്‍ അഭിമുഖങ്ങളിലും ലിംഗഭേദം, വൈകല്യം, പ്രായം, വൈവാഹിക നില തുടങ്ങിയവ ഉള്‍പ്പെടെ ഒരു തരത്തിലുമുള്ള വിവേചനം ഉണ്ടാവരുതെന്ന് മന്ത്രാലയം നിര്‍ദ്ദേിച്ചു.

പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം പരസ്യം നല്‍കുന്ന ജോലികള്‍ സൗദി സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷനുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തൊഴിലുകള്‍ക്ക് അനുസൃതമായിരിക്കണം. മന്ത്രാലയത്തിന്റെ അംഗീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, കമ്പനിയുടെ വെബ്‌സൈറ്റ്, ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അല്ലെങ്കില്‍ ലൈസന്‍സുള്ള തൊഴില്‍ മേളകള്‍ എന്നിവയിലൂടെ മാത്രമേ തൊഴില്‍ ഒഴിവുകള്‍ പ്രഖ്യാപിക്കാന്‍ പാടുള്ളു.

തൊഴില്‍ പരസ്യത്തില്‍ നിര്‍ബന്ധമായും സ്ഥാപനത്തിന്റെ പേര്, പ്രവര്‍ത്തനം എങ്ങനെയാണ്, സ്ഥാപനത്തിന്റെ ആസ്ഥാനം, ജോലി സ്ഥലം എന്നിവയുള്‍പ്പെടെയുള്ള ഒരു സംക്ഷിപ്ത വിവരണം ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഏത് പോസ്റ്റിലേക്കാണ് ആളുകളെ തെരഞ്ഞെടുക്കുന്നതെന്നും ജോലിയുടെ സ്വഭാവവും ചുമതലകളും മിനിമം വിദ്യാഭ്യാസ യോഗ്യതകള്‍, കഴിവുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയും ഏത് തരത്തിലാണ് ജോലിക്ക് അപേക്ഷിക്കേണ്ടതെന്നും പരസ്യത്തില്‍ ഉണ്ടാവണം.

ഇതിന് പുറമെ എത്രവര്‍ഷത്തെ ജോലി പരിചയമുള്ള ആളുകളെയാണ് നോക്കുന്നത്, ജോലിയുടെ സ്വഭാവം എന്താണ്, എത്രസമയം ജോലി ചെയ്യണം, ജോലി ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്നും പരസ്യത്തില്‍ കാണിക്കണം. ജോലി അപേക്ഷകള്‍ ഇലക്ട്രോണിക് രൂപത്തില്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളുവെന്നും വ്യവസ്ഥയില്‍ പറയുന്നുണ്ട്.

ജോലിയിലേക്കുള്ള അഭിമുഖം ഏത് തരത്തിലുള്ളതായിരിക്കും (നേരിട്ടോ, ഡിജിറ്റലായോ, ഫോണിലോടെയോ) എന്നായിരിക്കും അഭിമുഖം, ഏത് സമയത്ത് ആയിരിക്കും എന്നിവ കുറഞ്ഞത് മൂന്ന് പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് മുമ്പെങ്കിലും ഉദ്യോഗാര്‍ത്ഥികളെ അറിയിക്കണം. എത്ര അപേക്ഷകര്‍ ഉണ്ടോ അത്രയും ആളുകള്‍ക്ക് വരാനുള്ള സൗകര്യം അഭിമുഖ സ്ഥലത്തിന് ഉണ്ടാവണം. അഭിമുഖത്തിനായി കാത്തിരിക്കുന്ന സ്ഥലത്ത് മതിയായ ഡെസ്‌കുകളും ഇരിപ്പിടങ്ങളും വേണം. അഭിമുഖസ്ഥലത്ത് ഒരു ഇലക്ട്രോണിക് സുരക്ഷാ സംവിധാനമോ സുരക്ഷാ ഗാര്‍ഡുകളോ ഉണ്ടായിരിക്കണം, ഇവകൂടാതെ ലിംഗഭേദത്തിനനുസരിച്ചുള്ള വിശ്രമമുറികളും കുടിവെള്ളവും ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ത്ഥി ഏതെങ്കിലും തരത്തില്‍ വൈകല്യമുള്ള ആളാണെങ്കില്‍, അവരുടെ വൈകല്യത്തെ അടിസ്ഥാനമാക്കി ഉചിതമായ ആശയവിനിമയ മാര്‍ഗങ്ങള്‍ ഒരുക്കുന്നതിനും, അഭിമുഖ സ്ഥലത്ത് എല്ലാ സൗകര്യങ്ങളിലേക്കും എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

ജോലിക്കുള്ള അഭിമുഖം നടത്തുന്നതിന് നിര്‍ബന്ധമായും ഒരു കമ്മിറ്റി രൂപീകരിക്കണം. ഈ കമ്മറ്റിയില്‍ രണ്ട് സൗദി പൗരന്മാര്‍ ഉണ്ടാവണം. ഇതില്‍ ഒരാള്‍ മാനവ വിഭവശേഷി വിദഗ്ദ്ധനായിരിക്കണം. കമ്മറ്റിയില്‍ പകുതിയില്‍ അധികമാവാത്ത തരത്തില്‍ ആവശ്യമെങ്കില്‍ ജോലി അഭിമുഖങ്ങളില്‍ കമ്മിറ്റിക്ക് സൗദി പൗരന്‍ അല്ലാത്ത വിദഗ്ധരുടെ സഹായം തേടാം.

ജോലി അഭിമുഖത്തിനിടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്നും നിയമന സമിതിയെ പുതിയ മാര്‍ഗനിര്‍ദ്ദേശം വിലക്കുന്നുണ്ട്. അപേക്ഷകന്റെ മുന്‍ ജോലിയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുന്നതും വിലക്കുന്നു. ആവശ്യമുള്ളപ്പോള്‍ റഫര്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ജോലി അഭിമുഖങ്ങളുടെ ഫലങ്ങള്‍ രേഖപ്പെടുത്തണം.

അഭിമുഖ തീയതി മുതല്‍ പരമാവധി 30 ദിവസത്തിനുള്ളില്‍ ഏതെങ്കിലും ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ജോലി അഭിമുഖത്തിന്റെ ഫലങ്ങള്‍ അപേക്ഷകരെ അറിയിക്കണമെന്നും പുതിയ ചട്ടത്തില്‍ പറയുന്നുണ്ട്. ഇനി അഭിമുഖത്തില്‍ അപേക്ഷകന്‍ പരാജയപ്പെട്ടാല്‍ അതിനുള്ള കാരണങ്ങള്‍ വിശദീകരിക്കുകയും വേണം.

 

 

Leave a Reply

Your email address will not be published. Required fields are marked *