Your Image Description Your Image Description

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ദേശീയപാത 66 നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ നവീകരിച്ച മുണ്ടോത്ത്-തെരുവത്ത്കടവ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാറിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് മുടങ്ങിപ്പോയിടത്തുനിന്ന് 45 മീറ്റര്‍ ആറുവരിപ്പാത പൂര്‍ത്തീകരണത്തോടടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലാദ്യമായി സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെയുള്ള മലയോരത്തെ റോഡ് മാര്‍ഗം ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. കോഴിക്കോട് ജില്ലയില്‍ മലയോര ഹൈവേയുടെ ആദ്യ റീച്ചായ കോടഞ്ചേരി-കക്കാടംപൊയില്‍ 35 കിലോമീറ്റര്‍ റോഡ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചുകഴിഞ്ഞു. ജില്ലയിലെ മറ്റു ആറ് റീച്ചുകളിലെ  പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ തെച്ചി, പൂനൂര്‍ പാലങ്ങള്‍, പത്തോളം റോഡുകള്‍ എന്നിവ 245 കോടി രൂപയോളം ചെലവഴിച്ചാണ് നവീകരിച്ചതെന്നും മന്ത്രി പറഞ്ഞു. മുണ്ടോത്ത് മുതല്‍ മൈക്കാട്ടിരിപ്പൊയില്‍ വരെയുള്ള 1.5 കിലോമീറ്റര്‍ ഭാഗത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. 3.24 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കെ എം സച്ചിന്‍ ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത, വൈസ് പ്രസിഡന്റ് എന്‍ എം ബാലരാമന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആലങ്കോട് സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ചന്ദ്രിക പൂമഠത്തില്‍, കെ ടി സുകുമാരന്‍, ബീന ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ സുജാത നമ്പൂതിരി, സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി കെ മിനി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *