Your Image Description Your Image Description

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വീണ്ടും വിനോദസഞ്ചാരികൾ എത്തിത്തുടങ്ങി. ഏപ്രിൽ 22 ലെ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് അഞ്ച് ദിവസത്തിന് ശേഷമാണ് സഞ്ചാരികൾ എത്തുന്നത്. ആക്രമണത്തിനു ശേഷമുള്ള ആദ്യത്തെ അവധിക്കാല ദിനമായ ഞായറാഴ്ച, നൂറുകണക്കിന് വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളാണ് പഹൽ​ഗാം പട്ടണം സന്ദർശിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സാധാരണ ദിവസങ്ങളിൽ 5,000 മുതൽ 7,000 വരെ വിനോദസഞ്ചാരികൾ ആണ് ഇവിടെ എത്തിയിരുന്നത്. എന്നാൽ ഭീകരാക്രമണത്തിന് ശേഷം സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

”ഞങ്ങൾക്ക് വളരെ സുരക്ഷിതത്വം തോന്നുന്നു, നിങ്ങളുടെ രാജ്യം വളരെ മനോഹരമാണ്. ഇവിടെ താമസിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. കശ്മീർ മനോഹരമാണ്” -ക്രൊയേഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരിയായ ലിജിൽജന എഎൻഐയോട് പറഞ്ഞു. 12 അംഗ സംഘത്തോടൊപ്പമാണ് അവർ എത്തിയത്. ക്രൊയേഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരിയായ വ്ലാറ്റ്കോയും സംഘവും സംതൃപ്തി രേഖപ്പെടുത്തി.

ഭീകരാക്രമണത്തിന് ശേഷം കശ്മീരിലേക്കുള്ള ടൂറിസ്റ്റ് ബുക്കിംഗുകളിൽ 80 ശതമാനവും റദ്ദാക്കിയതായി ശനിയാഴ്ച കശ്മീർ ഹോട്ടൽ അസോസിയേഷൻ (കെഎച്ച്എ) അറിയിച്ചു. എങ്കിലും ഞായറാഴ്ചയോടെ ആളുകൾ വന്നുതുടങ്ങി. 2022-ൽ 26 ലക്ഷമായിരുന്നു കശ്മീരിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണമെങ്കിൽ കഴിഞ്ഞ വർഷം ഏകദേശം 30 ലക്ഷമായി വർധിച്ചു. വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 66,000 ആയി.

ഏപ്രിൽ 22 നു ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ട് ജമ്മു കശ്മീരിലെ പഹൽഗാമില്‍ വന്‍ ഭീകരാക്രമണം നടന്നത്. ഒരു മലയാളി ഉൾപ്പടെ 26 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര യിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്. ഇസ്രയേലിൽ കടന്നു കയറി ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു പഹൽഗാമിൽ ഇന്നലെ ഭീകരർ ആക്രമണം നടത്തിയത്. വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ ആക്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *