Your Image Description Your Image Description

കമ്പനികൾ ആദ്യമായി ഓഹരി പൊതുവിപണിയിൽ വിറ്റഴിച്ച് മൂലധനം സമാഹരിക്കുന്നതിതിനെയാണ് പ്രഥമ ഓഹരി വിൽപന അഥവാ ഐപിഒ എന്നു പറയുന്നത്. ഓഹരി വിപണി കുതിക്കുന്ന പല റെക്കോഡ് നേട്ടങ്ങളും കൈവരിക്കുന്ന ഇന്നത്തെ കാലത്ത് എല്ലാ ആഴ്ചയും നിരവധി ഐപിഒകൾക്ക് ‘സെബി’ അനുമതി നൽകുന്നു. ഇന്ത്യയിലെ നമ്പർ 1 ഇലക്ട്രിക് ടൂവീലർ നിർമാതാക്കളായ ഓല ഇലക്ട്രിക് ഏതാനും മാസങ്ങൾക്ക് മുമ്പ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത് കോടികൾ സമാഹരിച്ചിരുന്നു. ഇപ്പോൾ ഓലയ്ക്ക് പിന്നാലെ ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂവീലർ സ്റ്റാർട്ടപ്പായ ഏഥർ എനർജി ഉടൻ ഐപിഒക്ക് ഇറങ്ങാൻ പോകുകയാണ്. ഐപിഒ ലോഞ്ച് പ്രഖ്യാപന വേളയിൽ കമ്പനി ചില സുപ്രധാന വെളിപ്പെടുത്തലുകളും നടത്തി. ചെലവ് കുറഞ്ഞ പുതിയ EL പ്ലാറ്റ്ഫോമിന് പിന്നിൽ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരമാണ് ഏഥർ എനർജി നൽകിയിരിക്കുന്നത്. നിലവിൽ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന 450X, റിസ്ത മോഡലുകൾക്ക് താഴെ കുറഞ്ഞ വിലയിൽ വരാൻ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറുകൾക്കാണ് ഈ പുതിയ സ്‌കൂട്ടർ അടിവരയിടുക. നിലവിലുള്ള മോഡൽ പോർട്ട്‌ഫോളിയോയിൽ നിന്ന് പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ടാണ് EL പ്ലാറ്റ്‌ഫോം അണിയിച്ചാരുക്കുന്നത്.ഇത് ഇവികളുടെ ഉൽപ്പാദനച്ചെലവ് വലിയ തോതിൽ കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഏഥറിന്റെ പുതിയ EL പ്ലാറ്റ്ഫോം നിലവിൽ വികസന ഘട്ടത്തിലാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ താങ്ങാനാകുന്ന ഇലക്ട്രിക് സ്‌കൂട്ടർ ശ്രേണിയുടെ വരവിന് കമ്പനി തീയതി കുറിച്ചിട്ടില്ല. EL പ്ലാറ്റ്ഫോം കൂടാതെ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കായി ‘സെനിത്ത്’ എന്ന ഒരു പുതിയ പ്ലാറ്റ്ഫോമും ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി വികസിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാൻ ഏഥറിന് പ്ലാൻ ഉണ്ടെന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പേ തന്നെ അവർ വ്യക്തമാക്കിയതാണ്. പുതിയ മോഡലുകളെ കുറിച്ചുള്ള വിവരങ്ങൾ കുറവാണെങ്കിലും വരും വർഷങ്ങളിൽ ഏഥർ ഈ മോഡലുകൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓല ഇലക്ട്രിക്കിന്റെ കന്നി ഇലക്ട്രിക് മോട്ടോർസൈക്കിളാല റോഡ്സ്റ്റർ X ഉത്പാദനത്തിന് കയറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏഥറും ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ വരവ് അൽപ്പം വേഗത്തിലാക്കിക്കൂടെന്നില്ല. നിലവിൽ, ഏഥറിന്റെ റിസ്ത ഫാമിലി സ്‌കൂട്ടർ ഉൾപ്പെടെ ഇ-സ്‌കൂട്ടറുകൾക്ക് വളരെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. റിസ്ത ഇന്ത്യൻ കുടുംബങ്ങളെ ലക്ഷ്യം വെച്ചുള്ള ഒരു ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ മോഡലാണ്. കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടർ കൂടിയാണിത്. 99,999 വിലയ്ക്ക് ഇത് വിൽപ്പനയ്ക്ക് ലഭ്യമാണ്. ഇത് എക്സ്-ഷോറൂം വില മാത്രമാണ്. കുറഞ്ഞ വിലയ്ക്ക് ഒരു പുതിയ ഇ-സ്‌കൂട്ടർ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഏഥർ. റിസ്തയെപ്പോലെ ഏഥർ 450 സീരീസിന് കീഴിൽ 450 S, 450 X, 450 അപെക്‌സ് എന്നീ മോഡലുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവിൽ 1.19 ലക്ഷം മുതൽ 1.89 ലക്ഷം രൂപ വരെ വിലയിൽ ഇവ വിൽപ്പനയ്ക്ക് ലഭ്യമാണ്. ഇത് എക്സ്-ഷോറൂം വില മാത്രമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ പ്രീമിയവും നൂതന സാങ്കേതിക സവിശേഷതകളും കാരണം 450 സീരീസ് അൽപ്പം ഉയർന്ന വിലയ്ക്ക് വിൽക്കപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യക്കാരുടെ ഹൃദയം കവർന്ന ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായി ഏഥർ എനർജി ഇപ്പോൾ മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളിലൂടെ വിപണി കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. എന്നിരുന്നാലും അവ എപ്പോൾ വിൽപ്പനയ്‌ക്കെത്തുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏതായാലും ഐപിഒ വഴി കൂടുതൽ ധനം സമാഹരിക്കാൻ കഴിഞ്ഞാൽ ഇവ വേഗത്തിൽ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *