Your Image Description Your Image Description

തെക്കൻ കാലിഫോർണിയയുടെ തീരത്ത് നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ, ശാന്തമായ സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു വിചിത്രമായ പ്രദേശം ഒളിപ്പിച്ചുവെച്ചിരിക്കുന്നു. ‘സൈക്കമോർ നോൾ’ എന്ന് ശാസ്ത്രലോകം വിളിക്കുന്ന ഈ സ്ഥലം, ഒരു കൂറ്റൻ കുന്നിനെപ്പോലെയാണ് സമുദ്രാന്തർഭാഗത്ത് നിന്ന് ഉയർന്നു നിൽക്കുന്നത്.

ഡെയിലി മെയിൽ പുറത്തുവിട്ട ചിത്രങ്ങൾ കണ്ടാൽ, ഇതൊരു ടേബിൾ ടോപ്പ് എയർപോർട്ടിൻ്റെ അതേ രൂപമാണെന്ന് ആർക്കും തോന്നിപ്പോകും. വർഷങ്ങളായി ശാസ്ത്രജ്ഞർ ഈ അസാധാരണമായ രൂപീകരണം സമുദ്രാന്തർഭാഗത്ത് എങ്ങനെ സംഭവിച്ചു എന്ന് പഠിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, ഇതിനെ ചുറ്റിപ്പറ്റി ഇപ്പോൾ പ്രചരിക്കുന്നത് വിചിത്രമായ ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ്.

അന്യഗ്രഹ ജീവികളുടെ ‘രഹസ്യ താവളം’?

സൈക്കമോർ നോളിനെക്കുറിച്ചുള്ള ഏറ്റവും പ്രചാരമുള്ള ഗൂഢാലോചനാ സിദ്ധാന്തം, ഇത് അന്യഗ്രഹ ജീവികളുടെ ജലയാനങ്ങളുടെ രഹസ്യ താവളമാണെന്നാണ്. ഒരു റെഡ്ഡിറ്റ് പോസ്റ്റിൽ ഒരാൾ ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത് ഒരു ‘യുഎഫ്ഒ ലാൻഡിംഗ് പാഡ്’ എന്നാണ്. അത്രയധികം വിചിത്രവും കൃത്യതയുള്ളതുമാണ് ഇതിൻ്റെ പരന്ന ഉപരിതലം.

മാലിബു തീരത്ത് നിന്ന് വെറും 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൈക്കമോർ നോൾ, സമുദ്രോപരിതലത്തിൽ നിന്ന് ഏകദേശം 2000 അടി താഴെയാണ്. 34° 1’23.31’N 118° 59’45.64’W എന്ന ഭൗമശാസ്ത്രപരമായ കോർഡിനേറ്റിലാണ് ഈ നിഗൂഢ പ്രദേശം സ്ഥിതി ചെയ്യുന്നത്.

ഗൂഗിൾ എർത്തിൽ നിന്ന് അപ്രത്യക്ഷമായ രഹസ്യം!

2014 ലെ ഗൂഗിൾ എർത്ത് ചിത്രങ്ങളിൽ ഈ പ്രദേശത്തിൻ്റെ ദൃശ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും, 2025 ആയപ്പോഴേക്കും അത് ഒഴിവാക്കപ്പെട്ടത് ഈ നിഗൂഢതയ്ക്ക് കൂടുതൽ ആക്കം കൂട്ടുന്നു. എന്തുകൊണ്ടാണ് ഈ ചിത്രം ഗൂഗിൾ എർത്തിൽ നിന്ന് നീക്കം ചെയ്തത്? ഇത് അന്യഗ്രഹ ജീവികളുടെ സാന്നിധ്യം മറച്ചുവെക്കാനുള്ള ശ്രമമാണോ എന്ന് പോലും ചിലർ സംശയം ഉന്നയിക്കുന്നു. എന്നാൽ, ഫിഷിംഗ് ചാർട്ടറുകൾ പോലുള്ള ഓൺലൈൻ മാപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഈ വിചിത്രമായ രൂപീകരണം ഇപ്പോഴും വ്യക്തമായി കാണാൻ സാധിക്കും.

പറക്കും തളികകളുടെ താവളമോ?

ഈ പ്രദേശം അന്യഗ്രഹ ജീവികളുടെ താവളമാണെന്ന് വാദിച്ചുകൊണ്ട് വർഷങ്ങളായി ഓൺലൈനിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നുണ്ട്. നാഷണൽ യുഎഫ്ഒ റിപ്പോർട്ടിംഗ് സെന്ററിന് ഈ പ്രദേശത്തിന് മുകളിൽ നിഗൂഢ വസ്തുക്കൾ പറക്കുന്നതായി നിരവധി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഡെയിലി മെയിൽ തൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് കേവലം യാദൃശ്ചികമായ ഒരു ഭൂമിശാസ്ത്രപരമായ രൂപീകരണം മാത്രമാണോ, അതോ മറ്റെന്തെങ്കിലും മറഞ്ഞിരിക്കുന്നുവോ? ഉത്തരം കിട്ടാത്ത ഈ ചോദ്യം സമുദ്രാന്തർഭാഗത്തെ വിചിത്രമായ ‘സൈക്കമോർ നോളി’നെ കൂടുതൽ നിഗൂഢമാക്കുന്നു. വരും ദിവസങ്ങളിൽ ശാസ്ത്രലോകം ഇതിന് എന്തെങ്കിലും വിശദീകരണം നൽകുമോ എന്ന് കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *