Your Image Description Your Image Description

അബുദാബി: മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത. അബുദാബി ബി​ഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് 35 ലക്ഷത്തോളം രൂപ (ഒന്നര ലക്ഷം ദിർഹം) വീതമാണ് സമ്മാനമായി ലഭിച്ചത്. ജോജി ഐസക് (43), ദേവ് ദത്ത് വാസുദേവൻ എന്നിവരെയാണ് ഇക്കുറി ഭാ​ഗ്യദേവത കടാക്ഷിച്ചത്. ഇവരെ കൂടാതെ ഒരു ഇന്ത്യക്കാരനും രണ്ട് ബംഗ്ലാദേശ് പൗരന്മാർക്കും 35 ലക്ഷത്തോളം രൂപ വീതം സമ്മാനമായി ലഭിച്ചു.

ദുബായിൽ എൻജിനീയറായ ജോജി 2007 മുതൽ യുഎഇയിലുണ്ട്. 2011 മുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചു വരികയായിരുന്നു. ലഭിച്ച സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടും. ഓൺലൈനിലൂടെയാണ് ദേവ് ദത്ത് വാസുദേവൻ ഭാഗ്യ ടിക്കറ്റ് എടുത്തത്. ഇന്ത്യക്കാരനായ ഫഖീർ അഹമ്മദ് മറൈഖാൻ (28) ആണ് മറ്റൊരു വിജയി. കഴിഞ്ഞ 18 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് സത്‌വയിൽ പ്ലാന്റ് ഓപ്പറേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു.

ആദ്യം ഓൺലൈനിലൂടെ ടിക്കറ്റ് എടുത്ത അദ്ദേഹം പിന്നീട് കഴിഞ്ഞ അഞ്ച് വർഷമായി നാല് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ഭാഗ്യം പരീക്ഷിക്കുന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയപ്പോഴാണ് ബിഗ് ടിക്കറ്റിൽ നിന്നുള്ള രണ്ട് മിസ്ഡ് കോൾ കണ്ടത്. പിന്നീട് സമ്മാനം ഉറപ്പാക്കി. കുടുംബത്തെ നന്നായി നോക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് ഫഖീർ പറഞ്ഞു.

ഒമാനിൽ പ്രവാസിയായ ബംഗ്ലാദേശ് സ്വദേശി മിൻഹാസ് ചൗധരി (38), കഴിഞ്ഞ 15 വർഷമായി ഒമാനിൽ തൊഴിലാളിയായ ഇദ്ദേഹം കഴിഞ്ഞ നാല് വർഷമായി ഒമ്പത് സുഹൃത്തുക്കളോടൊപ്പം ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നു. ബിഗ് ടിക്കറ്റിൽ നിന്ന് ഫോൺ കോൾ ലഭിച്ചപ്പോൾ ഗ്രാൻഡ് പ്രൈസ് ആണെന്നാണ് കരുതിയതെന്നും പിന്നീട് ഇ-മെയിൽ ലഭിച്ചപ്പോഴാണ് പ്രതിവാര നറുക്കെടുപ്പിലെ സമ്മാനമാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ ഒരു വീട് നിർമ്മിക്കണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

ഖത്തറിൽ കഴിഞ്ഞ എട്ട് വർഷമായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് ചിറ്റഗോങ് സ്വദേശി റബിഉൽ ഹസൻ (29) ആണ് മറ്റൊരു വിജയി. മൂന്ന് വർഷം മുൻപ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതു മുതൽ ഭാഗ്യം പരീക്ഷിക്കുന്നു. നാലംഗ സംഘത്തോടൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. കുടുംബത്തെ ഖത്തറിലേക്ക് കൊണ്ടുവരണം എന്നതാണ് ആദ്യം ചെയ്യുക എന്ന് റബിഉൽ ഹസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *