Your Image Description Your Image Description

കോഴിക്കോട് : പഠിച്ചിറങ്ങിയിട്ടും ജോലിയില്ലെന്ന ആവലാതി ഇനി വേണ്ട, ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ യോഗ്യക്കനുസരിച്ച ജോലി ലഭിക്കാന്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സഹായിക്കും. 7,178 പേര്‍ക്കാണ് ഒമ്പത് വര്‍ഷത്തിനിടെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം ലഭിച്ചത്. വിവിധ യോഗ്യതയുള്ള 10,715 പുരുഷന്മാരും 18,718 സ്ത്രീകളും ഉള്‍പ്പെടെ 29,433 ഉദ്യോഗാര്‍ഥികളാണ് എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. വിവിധ ജോബ് ഫെസ്റ്റുകളിലായി 12,873 പേര്‍ക്ക് സ്വകാര്യ മേഖലയിലും ജോലി ലഭിച്ചു.

32,001 ഉദ്യോഗാര്‍ഥികളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴില്‍ വരുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തത്. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി നല്‍കാന്‍ ഈ സംവിധാനം വഴി കഴിഞ്ഞു. ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിലവില്‍ വന്നതും ഈ കാലയളവിലാണ്.

സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ച് വരുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വൊക്കേഷണല്‍ ഗൈഡന്‍സ്, എംപ്ലോയ്‌മെന്റ് മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷന്‍, സെല്‍ഫ് എംപ്ലോയ്‌മെന്റ് എന്നീ യൂണിറ്റുകളും പ്രവര്‍ത്തിച്ചുവരുന്നു. തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ യൂണിറ്റ് വഴി സ്വയംതൊഴില്‍ തുടങ്ങാന്‍ ധനസഹായവും നല്‍കുന്നുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിച്ചുവരുന്ന വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കരിയര്‍ സെമിനാറുകളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നു.

എംപ്ലോയ്‌മെന്റ് മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് വഴി വിവിധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും സിഎന്‍വി ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തുക, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുക, പിഎസ്‌സിയുടെ പരിധിയില്‍ വരാത്ത ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

24 കരിയര്‍ സെമിനാറുകളും വര്‍ഷംതോറും നടത്തിവരുന്നുണ്ട്. ഇതുവഴി ഒമ്പത് വര്‍ഷത്തിനിടെ 40,000ത്തില്‍പരം വിദ്യാര്‍ഥികള്‍ക്കാണ് കരിയര്‍ സേവനങ്ങള്‍ നല്‍കിയത്. വര്‍ഷംതോറും നടത്തിവരുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനം 873 ഉദ്യോഗാര്‍ഥികള്‍ പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും മികച്ച നിലവാരത്തിലുള്ള കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ് സെന്റിന്റെ പ്രവര്‍ത്തനങ്ങളും ശ്രദ്ധ നേടി.

കരിയര്‍ ഇന്‍ഫര്‍മേഷന്‍, വ്യക്തിഗതവും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ളതുമായ കരിയര്‍ കൗണ്‍സിലിങ്, സൈക്കോമെട്രിക് ടെസ്റ്റുകള്‍, കരിയര്‍ ഗോള്‍ സെറ്റിങ്, പ്രീ-ഇന്റര്‍വ്യൂ ഡിസ്‌കഷന്‍, സ്റ്റാര്‍ട്ടപ് ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍, റെസ്യൂമെ പ്രിപ്പറേഷന്‍, മോക് ഇന്റര്‍വ്യൂ, വ്യക്തിത്വ വികസന പരിശീലന പരിപാടികള്‍, ഇംഗ്ലീഷ് ഭാഷാ പരിശീലന പരിപാടികള്‍. മത്സര പരീക്ഷാ പരിശീലനം, പ്രീ-ഇന്റര്‍വ്യൂ ഡിസ്‌കഷന്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഇവിടെ നല്‍കുന്നു. കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ കരിയര്‍ ലൈബ്രറി പേരാമ്പ്ര സിഡിസിയിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *