Your Image Description Your Image Description

തൃശൂരില്‍ 2024 ലുണ്ടായ  കാലവര്‍ഷ കെടുതിയെ തുടർന്ന് വീടുകൾക്ക് നാശം സംഭവിച്ചവർക്ക്  വിതരണം ചെയ്യാന്‍ 5.68 കോടി രൂപ കൂടി അനുവദിച്ചുവെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.  23 ന് നടന്ന മന്ത്രിസഭാ യോഗ തീരുമാന പ്രകാരമാണ് തുക അനുവദിച്ചത്. 2024-ല്‍ തൃശൂര്‍ ജില്ലയിലുണ്ടായ അതിശക്തമായ കാലവര്‍ഷത്തിലും ഉരുള്‍പ്പൊട്ടലിലും വീടുകള്‍ക്ക് വന്‍തോതില്‍ നാശനഷ്ടം സംഭവിച്ചിരുന്നു. പ്രസ്തുത നാശനഷ്ടങ്ങള്‍ക്കുളള എസ് ഡി ആർ എഫ് വിഹിതമായ 8.88 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. പ്രത്യേക ദുരന്തമായി സര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്ക് മാത്രമാണ് എസ് ഡി ആർ എഫ് വിഹിതത്തോടൊപ്പം സിഎംഡിആർഎഫില്‍ നിന്നുളള വിഹിതം കൂടി ചേര്‍ത്ത് പരമാവധി തുക അനുവദിക്കുന്നത്. കനത്ത മഴയിലും വെളളപ്പൊക്കത്തിലും തൃശൂര്‍ ജില്ലയിലെ വീടുകള്‍ക്കുണ്ടായ കനത്ത നാശനഷ്ടം പരിഗണിച്ച് പ്രത്യേക ദുരന്തമായി അംഗീകരിച്ച് പരമാവധി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ. രാജന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ 2024-ലെ പ്രകൃതിക്ഷോഭത്തില്‍ വിതരണം ചെയ്യാനായി അനുവദിച്ച ആകെ തുക 14.56 കോടിയായി. 1810 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാവുക. കുറഞ്ഞത് 15 ശതമാനമെങ്കിലും നാശനഷ്ടം സംഭവിച്ച ഭവനങ്ങള്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്. 16 മുതല്‍ 29 ശതമാനം വരെ, 30 മുതല്‍ 59 ശതമാനം വരെ, 60 മുതല്‍ 70 ശതമാനം വരെ, 70 ശതമാനത്തിന് മുകളില്‍ എന്നിങ്ങനെയുളള സ്ലാബുകളായാണ് ധനസഹായം അനുവദിച്ചിട്ടുളളത്. 70 ശതമാനത്തിന് മുകളിലുളള നാശനഷ്ടം പൂര്‍ണ്ണമായ നഷ്ടമായി കണക്കാക്കി 4 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1,80,000 രൂപ മാത്രമാണ് എസ്ഡിആർഎഫ് വിഹിതം. ശേഷിക്കുന്ന 2,20,000 രൂപ സിഎംഡി ആർഎഫില്‍ നിന്നാണ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *