Your Image Description Your Image Description

കാലിഫോര്‍ണിയ: സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വയില്‍ നിന്ന് മറ്റൊരു കണ്ടെത്തൽ കൂടി വന്നിരിക്കുന്നു. ചൊവ്വയിൽ ജീവൻ ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ, ചുവന്ന ഗ്രഹത്തിന്‍റെ ഉപരിതലത്തിൽ മനുഷ്യന്‍റെ തലയോട്ടിയോട് സാമ്യമുള്ള ഒരു വസ്‍തു കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞർ കണ്ടെത്തി. ചൊവ്വയിൽ നിന്നും തലയോട്ടിയുടെ ആകൃതിയിലുള്ള ഒരു നിഗൂഢമായ പാറയുടെ ചിത്രങ്ങൾ പെർസിവറൻസ് റോവർ പകർത്തിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു.

ചൊവ്വയില്‍ ജെസെറോ ഗർത്തത്തിന്‍റെ സമീപമാണ് തലയോട്ടിയുടെ ആകൃതിയിലുള്ള ഈ പാറയുടെ സ്ഥാനം. തലയോട്ടിയുടെ ആകൃതിയിലുള്ള ഈ പാറയ്ക്ക് ‘സ്കൾ ഹിൽ’ എന്നാണ് നാസ പേര് നൽകിയിരിക്കുന്നത്. മാസ്റ്റ്‌ക്യാം-ഇസഡ് ഉപകരണം ഉപയോഗിച്ചാണ് ജെസെറോ ക്രേറ്ററിന്‍റെ അരികിൽ പെർസിവറൻസ് റോവർ ‘സ്‍കൾ ഹിൽ’ എന്ന പാറ കണ്ടെത്തിയത്. സ്‌കൾ ഹില്ലിന് ചുറ്റുമുള്ള പ്രദേശം പ്രധാനമായും ഇളം നിറവും പൊടി നിറഞ്ഞതുമാണ്. ഇരുണ്ടതും കോണാകൃതിയിലുള്ളതുമാണ് ഈ പാറ. അതിന്‍റെ ഉപരിതലത്തിൽ ചെറിയ കുഴികളുണ്ട്. ചുറ്റുമുള്ള ലൈറ്റ് ടോൺ ഔട്ട്‌ക്രോപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വ്യത്യാസം സ്‌കൾ ഹില്ലിനെ ശ്രദ്ധേയമാക്കുന്നുവെന്ന് നാസ പറയുന്നു.

പാറയുടെ ഉത്ഭവത്തെപ്പറ്റി വ്യക്തയില്ലെങ്കിലും, മണ്ണൊലിപ്പ് മൂലമോ പാറ അടിഞ്ഞുകൂടിയതിന്‍റെ ഫലമായോ കുഴികൾ രൂപപ്പെട്ടിരിക്കാമെന്നാണ് നാസയുടെ ഒരു അനുമാനം. സ്‍കൾ ഹിൽ ഒരു അഗ്നിശിലയായിരിക്കാമെന്നും അടുത്തുള്ള ഒരു പുറംതോടിൽ നിന്ന് മണ്ണൊലിപ്പ് സംഭവിച്ചതാകാമെന്നും അല്ലെങ്കിൽ ഒരു കൂട്ടിയിടിയിൽ നിന്ന് തെറിച്ചുവീണതാകാമെന്നുമുള്ള തരത്തിലും വിലയിരുത്തലുകളുണ്ട്. സ്‍കൾ ഹില്ലിന്‍റെ നിറം ക്യൂരിയോസിറ്റി റോവർ ഗെയ്ൽ ക്രേറ്ററിൽ മുമ്പ് കണ്ടെത്തിയ ഉൽക്കാശിലകളെ ഓർമ്മിപ്പിക്കുന്നതായും നാസ നിരീക്ഷിച്ചു. ഈ കൗതുകകരമായ പാറകളുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഗവേഷകർ പ്രവർത്തിക്കുന്നുണ്ടെന്നും നാസ വ്യക്തമാക്കുന്നു.

അതേസമയം, ജനുവരി മാസം നാസയുടെ മാർസ് റെക്കണൈസൻസ് ഓർബിറ്റർ ചൊവ്വാ ഗ്രഹത്തിന്‍റെ വടക്കൻ അർദ്ധഗോളത്തിലെ തണുത്തുറഞ്ഞ മണൽക്കൂനകളുടെ ചിത്രങ്ങൾ പകർത്തിയിരുന്നു. കൂടാതെ ചൊവ്വയുടെ മഞ്ഞുമൂടിയ പ്രതലത്തിനടിയിൽ സൂക്ഷ്മാണുക്കൾ നിലനിൽക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. തണുത്തുറഞ്ഞ പാളികൾക്ക് താഴെയുള്ള ആഴം കുറഞ്ഞ തടങ്ങളിൽ സൂര്യപ്രകാശം തുളച്ചുകയറുമെന്നും, ജീവന്‍റെ അടിസ്ഥാന ആവശ്യമായ പ്രകാശസംശ്ലേഷണം സംഭവിക്കാൻ ഇതിനാല്‍ സാധ്യതയുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *