Your Image Description Your Image Description

കണ്ണൂർ; കേരളത്തില്‍ മൈക്രോ വ്യവസായങ്ങള്‍ക്ക് വന്‍ സാധ്യതയാണുള്ളതെന്നും പ്രായഭേദമന്യേ ആര്‍ക്കും സംരംഭകരാകാന്‍ കഴിയുന്ന അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. മയ്യില്‍ റൈസ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് പുതുതായി വിപണിയിലിറക്കുന്ന ഗാബ റൈസ് പ്രൊഡക്ട് വിപണിയിൽ ഇറക്കുന്നതിന്റെയും ജില്ലാപഞ്ചായത്ത് കെട്ടിടത്തിലെ വിപുലീകരിച്ച കേരളാ ഗ്രോ വിപണന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് കൃഷി വകുപ്പിനൊപ്പം മറ്റ് വകുപ്പുകളുടെയും ഏകോപനം സാധ്യമാകണം. സംസ്ഥാന സര്‍ക്കാര്‍ കൃഷി വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കാര്‍ഷിക ഉല്‍പന്നങ്ങളെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വിപണിയിലെത്തിച്ചാല്‍ മികച്ച വരുമാനം ലഭിക്കും. ഇത്തരത്തിലുള്ള നിരവധി സംരംഭകരെ സഹായിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്. നബാര്‍ഡ് വഴിയും മറ്റ് ബാങ്കുകള്‍ വഴിയും സംരംഭകര്‍ക്ക് വായ്പകളും അനുവദിക്കുന്നുണ്ട്. മൈക്രോ വ്യവസായത്തില്‍ കേരളത്തിന് മികച്ച മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ മന്ത്രിയില്‍ നിന്നും ഉല്‍പന്നം ഏറ്റുവാങ്ങി. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്നകുമാരി അധ്യക്ഷയായി. മുളപ്പിച്ച നെല്ല് നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഗാമ അമിനോ ബ്യൂട്ടിറിക് ആസിഡ് അടങ്ങുന്ന അരിയാക്കി മാറ്റിയാണ് ഗാബ റൈസ് എന്ന പേരില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണിത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് മയ്യില്‍ റൈസ് പ്രൊഡ്യൂസര്‍ കമ്പനി ഉല്‍പന്നം വികസിപ്പിച്ചത്. നബാര്‍ഡ് വഴി കമ്പനിക്ക് ധനസഹായവും ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, ഹാന്‍ഡ് ലൂം വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍, കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം മേധാവി പി ജയരാജ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് പി രേണുക, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എ സുരേന്ദ്രന്‍, കൃഷി – മാര്‍ക്കറ്റിങ്ങ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.വി ജിതേഷ്, മയ്യില്‍ കൃഷി ഓഫീസര്‍ ജിതിന്‍ ഷാജു, ജില്ലാ റെസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍, മയ്യില്‍ റൈസ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ കെ.കെ രാമചന്ദ്രന്‍, എംആര്‍പിസിഎല്‍ എംഡി കെ.കെ ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *