Your Image Description Your Image Description

ഒരു കാർ വാങ്ങുക എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നം ആയിരിക്കും. അതിലേക്കെത്താൻ വർഷങ്ങളുടെ പ്രയത്നം ആയിരിക്കും എടുക്കുന്നത്. വാഹനം വാങ്ങി അതിൽ കയറി പോകുന്നത് വരെ എല്ലാവരും സ്വപ്നം കാണാറുണ്ട്. ഷോറൂമിൽ നിന്ന് വാഹനം സ്വീകരിച്ച് റോഡിലേക്കിറക്കുമ്പോൾ കിട്ടുന്ന സന്തോഷം അനുഭവിച്ചവർക്ക് മനസ്സിലാകും. പുതിയ വാഹനമായതിനാൽ തന്നെ അതിനുമുകളിൽ ഒരു പോറൽ വീഴുന്നതുപോലും സഹിക്കാനാവില്ല. എന്നാൽ ഡെലിവറിയെടുത്ത അതേദിവസം പുതിയ കാർ കത്തിച്ചാമ്പലായ സങ്കടകരമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ജപ്പാനിലാണ് സംഭവം. ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഹോങ്കോൺ എന്ന 33-കാരനായ സംഗീതജ്ഞൻ വാങ്ങിയ ഫെരാരി 458 സ്പൈഡർ എന്ന ആഡംബര കാറാണ് കത്തിയമർന്നത്. ഒരു ദശാബ്ദത്തോളം കാലം സ്വരൂപിച്ച പണം ഉപയോ​ഗിച്ചായിരുന്നു അദ്ദേഹം തന്റെ ഇഷ്ട വാഹനം സ്വന്തമാക്കിയത്. ഷോറൂമിൽ നിന്ന് വാഹനം ഡെലിവറി സ്വീകരിച്ച് ഒരു മണിക്കൂറിനുള്ളിൽ വാഹനത്തിന്റെ എൻജിനിൽ തീപ്പിടിക്കുകയായിരുന്നു. ജപ്പാനിൽ ഇത്തരമൊരു ദുരനുഭവം നേരിടുന്ന ഒരേയൊരു വ്യക്തി താനായിരിക്കുമെന്ന് കരുതുന്നതായി വാഹനത്തിന്റെ ഉടമയായ ഹോങ്കോൺ പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് പങ്കുവെച്ചു.

ഫെരാരി 458 സ്പൈഡറിന് ജപ്പാനിൽ ഏകദേശം 43 ദശലക്ഷം യെൻ (ഏകദേശം 2.6 കോടി രൂപ) വില വരും. ടോക്കിയോയിലെ മിനാറ്റോ ഏരിയയിലൂടെ കാർ ഓടിക്കുമ്പോഴാണ് വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ഹോങ്കോണിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഇദ്ദേഹം കാർ നിർത്തി പുറത്തിറങ്ങി. തീ അണയ്ക്കാൻ കഴിയാത്തതിനാൽ 20 മിനിറ്റിനുള്ളിൽ കാർ കത്തിച്ചാമ്പലായി. കാർ കത്തിയെങ്കിലും ആളപായം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *